വോട്ടു ചോര്‍ന്നത് മണ്ണാര്‍ക്കാട്ട്; യു ഡി എഫ് തരംഗം പാലക്കാട്ടും പ്രതിഫലിച്ചു: എം ബി രാജേഷ്

Posted on: May 24, 2019 10:29 am | Last updated: May 24, 2019 at 2:38 pm

പാലക്കാട്: തന്റെ തോല്‍വിക്ക് മണ്ണാര്‍ക്കാട് നിയമസഭാ മണ്ഡലത്തെ പഴിചാരി പാലക്കാട്ടെ എല്‍ ഡി എഫ് സ്ഥാനാര്‍ഥി എം ബി രാജേഷ്. മണ്ണാര്‍ക്കാട്ട് അപ്രതീക്ഷതമായി വോട്ടു ചോര്‍ച്ചയാണുണ്ടായതെന്ന് രാജേഷ് പറഞ്ഞു. മണ്ണാര്‍ക്കാട് സംഭവിച്ചതു പോലെ മണ്ഡലത്തില്‍ മറ്റൊരിടത്തും ഉണ്ടായിട്ടില്ല. മുന്നണിക്കു ലഭിക്കേണ്ട വോട്ടില്‍ രണ്ടാമതു കുറവു വന്നത് പട്ടാമ്പിയിലാണ്.

പാലക്കാട് നിയമസഭാ മണ്ഡലം യു ഡി എഫിന് അനുകൂലമാണെങ്കിലും അവിടെ ഇത്തവണ അവരെ അത്രത്തോളം പിന്തുണച്ചതായി തോന്നുന്നില്ല. അതേസമയം, സംസ്ഥാനത്ത് ആഞ്ഞുവീശിയ യു ഡി എഫ് തരംഗം പാലക്കാട്ടുമുണ്ടായിട്ടുണ്ട്. തിരിച്ചടി നേരിട്ടതിന്റെ എല്ലാ വശങ്ങളും വിശദമായി പരിശോധിക്കുമെന്ന് രാജേഷ് പറഞ്ഞു.

യു ഡി എഫ് സ്ഥാനാര്‍ഥി വി കെ ശ്രീകണ്ഠന്‍ 11637 വോട്ടുകള്‍ക്കാണ് യു ഡി എഫ് കേന്ദ്രങ്ങളെ പോലും വിസ്മയിപ്പിക്കുന്ന വിജയം പാലക്കാട്ട് സ്വന്തമാക്കിയത്.