Ongoing News
ചട്ട പ്രകാരം ആവശ്യമായ സീറ്റുകളില്ല; കോണ്‍ഗ്രസിന് ഇത്തവണയും പ്രതിപക്ഷ നേതൃസ്ഥാനം ലഭിച്ചേക്കില്ല

ന്യൂഡല്‍ഹി: തിരഞ്ഞെടുപ്പില്‍ കനത്ത തിരിച്ചടി നേരിട്ട കോണ്‍ഗ്രസിന് 2014ലെ പോലെ ഇത്തവണയും പ്രതിപക്ഷ നേതൃ സ്ഥാനം നഷ്ടപ്പെട്ടേക്കും. പാര്‍ലിമെന്റില്‍ 10 ശതമാനം വോട്ടുകള്‍ കരസ്ഥമാക്കുന്നതില്‍ പാര്‍ട്ടി പരാജയപ്പെട്ടതോടെയാണിത്. പ്രതിപക്ഷ നേതൃ സ്ഥാനം ലഭിക്കണമെങ്കില്‍ 543 ലോക്‌സഭാ സീറ്റുകളില്‍ ഒരു കക്ഷിക്ക് 55 സീറ്റുകള്‍ വേണം. പുറത്തുവന്ന ഔദ്യോഗിക കണക്ക് പ്രകാരം കോണ്‍ഗ്രസിന് 52 സീറ്റുകളേയുള്ളൂ. ആവശ്യമായതില്‍ മൂന്നെണ്ണം കുറവ്.
കഴിഞ്ഞ തവണ ബി ജെ പി നേതൃത്വത്തിലുള്ള എന്‍ ഡി എ അധികാരത്തില്‍ വന്നപ്പോള്‍ കോണ്‍ഗ്രസിന് പ്രതിപക്ഷ നേതൃ സ്ഥാനം നിഷേധിക്കുകയായിരുന്നു. ചട്ട പ്രകാരം ആവശ്യമായ സീറ്റുകള്‍ കോണ്‍ഗ്രസിനു നേടാനായിട്ടില്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഇത്. 2014ല്‍ 44 സീറ്റുകള്‍ മാത്രമാണ് കോണ്‍ഗ്രസിനു നേടാനായിരുന്നത്.
കേന്ദ്ര വിജിലന്‍സ് കമ്മീഷണര്‍, ലോക്പാല്‍ എന്നിവ ഉള്‍പ്പടെയുള്ള സുപ്രധാന സ്റ്റാറ്റിയൂട്ടറി സമിതികളിലെ പ്രധാന നിയമനങ്ങള്‍ക്കുള്ള സെലക്ഷന്‍ പാനലില്‍ പ്രതിപക്ഷ നേതാവ് ഭാഗമായിരിക്കുമെന്നതിനാല്‍ സര്‍ക്കാര്‍ നിലപാടിനെതിരെ പ്രതിപക്ഷം പ്രതിഷേധമുയര്‍ത്തിയിരുന്നു. മാനദണ്ഡങ്ങള്‍ പ്രകാരം സി ബി ഐ ഡയറക്ടറെ തിരഞ്ഞെടുക്കുന്നതിനുള്ള പാനലിലും പ്രതിപക്ഷ നേതാവ് അംഗമായിരിക്കും.
തങ്ങളാണ് ഏറ്റവും വലിയ പ്രതിപക്ഷ കക്ഷിയെന്നും തിരഞ്ഞെടുപ്പിനു മുന്നോടിയായി വിവിധ സംസ്ഥാനങ്ങളില്‍ തങ്ങള്‍ സഖ്യങ്ങള്‍ രൂപവത്കരിച്ചിരുന്നുവെന്നും വ്യക്തമാക്കി കോണ്‍ഗ്രസ അന്ന് സ്പീക്കറായിരുന്ന സുമിത്ര മഹാജനിന് അപേക്ഷ നല്‍കിയിരുന്നു. എന്നാല്‍, മുന്‍കാലങ്ങളിലെ നടപടിക്രമങ്ങള്‍ ചൂണ്ടിക്കാട്ടിയും അറ്റോര്‍ണി ജനറലിന്റെ അഭിപ്രായ പ്രകാരവും സ്പീക്കര്‍ ആവശ്യം നിരാകരിക്കുകയായിരുന്നു. പിന്നീട് സെലക്ഷന്‍ പാനലില്‍ പാര്‍ട്ടി പ്രതിനിധിയായി മല്ലികാര്‍ജുന്‍ കാര്‍ഗെയെ സമ്മര്‍ദം ചെലുത്തി കൊണ്ടുവരുന്നതില്‍ കോണ്‍ഗ്രസ് വിജയിച്ചുവെങ്കിലും പ്രതിപക്ഷ നേതൃ സ്ഥാനം നേടിയെടുക്കാനായില്ല.
കഴിഞ്ഞ തവണത്തെക്കാള്‍ നില മെച്ചപ്പെടുത്തി എന്നതു പരിഗണിച്ച് കോണ്‍ഗ്രസിന് പ്രതിപക്ഷ നേതാവിന്റെ പദവി നല്‍കണമോ എന്നത് പുതിയ സര്‍ക്കാറിന്റെ നിലപാടിനെ ആശ്രയിച്ചാണിരിക്കുന്നത്.