Connect with us

Wayanad

നേട്ടമായി രാഹുൽ ഇഫക്ടും

Published

|

Last Updated

കോഴിക്കോട്: യു ഡി എഫിന്റെ ചരിത്ര നേട്ടത്തിന് പിന്നിൽ രാഹുൽ ഇഫക്ടും. രാഹുൽഗാന്ധി വയനാട്ടിൽ മത്സരിക്കാനെത്തിയത് യു ഡി എഫിന്റെ ഭൂരിപക്ഷം വർധിപ്പിക്കാനുപകരിച്ചതിനൊപ്പം കോൺഗ്രസിലെ ഗ്രൂപ്പിസവും പടലപ്പിണക്കങ്ങളുമെല്ലാമൊതുക്കി വോട്ട് ചോർച്ചക്ക് തടയിടാനായതും നേട്ടമായി.
രാഹുലിന് വയനാട്ടിൽ റെക്കോർഡ് ഭൂരിപക്ഷം നേടിക്കൊടുത്തതിനൊപ്പം തൊട്ടടുത്ത മണ്ഡലങ്ങളായ കോഴിക്കോട് , വടകര, കണ്ണൂർ, കാസർകോട്, മലപ്പുറം എന്നിവിടങ്ങളിലെല്ലാം മികച്ച പ്രകടനമാണ് യു ഡി എഫ് കാഴ്ചവെച്ചത്. പ്രചാരണത്തിന്റെ ആദ്യഘട്ടത്തിൽ രാഹുൽ ഗാന്ധി കോഴിക്കോട്ടെ തിരഞ്ഞെടുപ്പ് റാലിക്കെത്തിയപ്പോൾ സ്ഥാനാർഥി ലിസ്റ്റ് മുഴുവനായി പ്രഖ്യാപിക്കാൻ പോലും കഴിയാത്ത സാഹചര്യമായിരുന്നു നിലനിന്നത്. പിന്നീടങ്ങോട് ഡൽഹി കേന്ദ്രീകരിച്ച് കേരളത്തിലെ കോൺഗ്രസ് ഗ്രൂപ്പിസം തിളച്ചു മറിഞ്ഞു.

സ്ഥാനാർഥി ലിസ്റ്റുമായി ഡൽഹിയിലെത്തിയ നേതാക്കൾക്കൊപ്പം സ്ഥാനാർഥി മോഹികളുടേയും അനുയായികളുടേയും പട ഡൽഹിയിൽ തമ്പടിച്ചു. തന്റെ വിശ്വസ്തനും എ ഗ്രൂപ്പ് നേതാവുമായ ടി സിദ്ദിഖിന് വയനാട് സീറ്റ് വേണമെന്ന പിടിവാശിയിലായിരുന്നു ഉമ്മൻചാണ്ടി. എന്നാൽ, അന്തരിച്ച കോൺഗ്രസ് നേതാവ് എം ഐ ഷാനവാസ് മത്സരിച്ചുകൊണ്ടിരുന്ന വയനാട് ഐ ഗ്രൂപ്പിന്റേതാണെന്നും ഷാനിമോൾ ഉസ്മാനോ അല്ലെങ്കിൽ ഐ ഗ്രൂപ്പിലെ മറ്റേതെങ്കിലും നേതാക്കൾക്കോ സീറ്റ് നൽകണമെന്നും ഐ ഗ്രൂപ്പും ശഠിച്ചു. ഒടുവിൽ വടകര, വയനാട്, ആലപ്പുഴ മണ്ഡലങ്ങളിലെ സ്ഥാനാർഥി ലിസ്റ്റ് പ്രഖ്യാപിക്കാനാകാതെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കേരളത്തിലേക്ക് മടങ്ങി. വയനാട്ടിൽ സിദ്ദിഖും വടകരയിൽ കെ മുരളീധരനും ആലപ്പുഴയിൽ ഷാനിമോൾ ഉസ്മാനുമായി സ്ഥാനാർഥികളുടെ അനൗദ്യോഗിക പ്രഖ്യാപനം വന്നു.

എന്നാൽ, സ്ഥാനാർഥി നിർണയത്തെച്ചൊല്ലി കേരളത്തിലുരുത്തിരിഞ്ഞ ഗ്രൂപ്പിസം രാഹുൽ ഗാന്ധി നന്നായി വായിച്ചെടുത്തു. വയനാടാണ് ഇരു ഗ്രൂപ്പുകളുടേയും പ്രശ്‌നമെന്ന് മനസ്സിലാക്കിയ അദ്ദേഹം മർമം കണ്ടറിഞ്ഞു. കൂട്ടത്തിൽ അമേഠിയിലെ പ്രതികൂല സാഹചര്യം ഈ തീരുമാനത്തിന് ആക്കം കൂട്ടി. ഇതിനിടക്ക് കേരളത്തിൽ സിദ്ദിഖിന്റെ വയനാട് സ്ഥാനാർഥിത്വത്തെച്ചൊല്ലി രഹസ്യ ഗ്രൂപ്പ് യോഗങ്ങളും മറ്റും ഉടലെടുത്തു. കോൺഗ്രസ് മത്സരിക്കുന്ന മണ്ഡലങ്ങളിലെല്ലാം ഗ്രൂപ്പിസം കാലുവാരലിനിടയാകുമെന്ന സാഹചര്യമുണ്ടായി. ഈയൊരു ഘട്ടത്തിലാണ് വയനാട്ടിലേക്ക് രാഹുലിനെ കോൺഗ്രസിന് വീണു കിട്ടിയത്.

വയനാട്ടിലെ സ്ഥാനാർഥിത്വവുമായി ബന്ധപ്പെട്ട് രാഹുൽ ഗാന്ധിക്കൊപ്പം പ്രിയങ്കാഗാന്ധിയും കൂടിയെത്തി. ഇതോടെ ഗ്രൂപ്പ് പ്രതിസന്ധിക്ക് വിരാമമായതിനൊപ്പം കോൺഗ്രസ് ക്യാമ്പുകൾ ഉണർന്ന് ആവേശത്തിലായി.
എണ്ണയിട്ട യന്ത്രത്തെപ്പോലെ ഒറ്റെക്കെട്ടായി പൊരുതി.
ഈ ഐക്യത്തിനൊപ്പം പൊതുവായി പ്രതിഫലിച്ച ശബരിമല വിഷയവും മോദിക്കെതിരായ ന്യൂനപക്ഷ വികാരവും പൊതുവോട്ടുകളെ ഏകീകരിക്കാനും സഹായിച്ചു. ശബരിമല വിഷയത്തിൽ സി പി എമ്മിനെതിരായി മാറിയ വികാരം ബി ജെ പി പാളയത്തിലേക്ക് വഴുതിപ്പോകാതെ കാക്കാൻ കോൺഗ്രസിന് കഴിഞ്ഞുവെന്നതും ആശ്വാസകരമാണ്.