Connect with us

Sports

തിരിച്ചുവരവില്ല, യുവി നിര്‍ത്തുന്നു

Published

|

Last Updated

മുംബൈ: ഇന്ത്യയുടെ എക്കാലത്തെയും മികച്ച ആള്‍ റൗണ്ടര്‍മാരിലൊരാളായ യുവരാജ് സിംഗ് അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും വിരമിക്കാനൊരുങ്ങുന്നതായി റിപ്പോര്‍ട്ട്. ദീര്‍ഘകാലമായി ഇന്ത്യന്‍ ടീമില്‍ ഇടം ലഭിക്കാതിരുന്ന യുവരാജ് ഐപിഎല്ലില്‍ ഇത്തവണ മുംബൈ ഇന്ത്യന്‍സിനുവേണ്ടി കളിക്കാനിറങ്ങി.
ഇന്ത്യന്‍ ടീമിലേക്ക് ഇനിയൊരു തിരിച്ചുവരവ് ഉണ്ടായേക്കില്ലെന്ന തിരിച്ചറിവിലാണ് താരത്തിന്റെ വിരമിക്കല്‍ തീരുമാനമെന്നാണ് സൂചന.
അന്താരാഷ്ട്ര ക്രിക്കറ്റില്‍നിന്നും വിരമിച്ചാലും ടി20 ക്രിക്കറ്റില്‍ സജീവമായി നിലനിര്‍ക്കാനാണ് തീരുമാനം.

ഇന്ത്യയ്ക്കു പുറത്തുള്ള ടി20ക്രിക്കറ്റില്‍ കളിക്കാന്‍ ബിസിസിഐ അനുമതി നല്‍കിയാല്‍ യുവരാജ് വിരമിക്കല്‍ പ്രഖ്യാപിക്കുമെന്നാണ് സൂചന.
യുവരാജ് സിംഗ് തന്റെ തീരുമാനം അറിയിച്ചതായി ബിസിസിഐയുമായി അടുത്ത വൃത്തങ്ങള്‍ വ്യക്തമാക്കി. കാനഡ, അയര്‍ലന്‍ഡ്, ഹോളണ്ട് എന്നിവിടങ്ങളിലെ ടി20 ടൂര്‍ണമെന്റുകളില്‍ കളിക്കാന്‍ യുവരാജിന് അവസരമുണ്ട്.

എന്നാല്‍ ഇവിടങ്ങളില്‍ കളിക്കാന്‍ യുവരാജിന് അനുമതി നല്‍കണമെങ്കില്‍ ബിസിസിഐ നിയമപ്രകാരം അന്താരാഷ്ട്ര ക്രിക്കറ്റില്‍നിന്നും ആഭ്യന്തര ക്രിക്കറ്റില്‍നിന്നും വിരമിക്കണം. നേരത്തെ ഇര്‍ഫാന്‍ പഠാന്‍ കരീബിയന്‍ ലീഗില്‍ കളിക്കാന്‍ അനുമതി തേടിയിരുന്നെങ്കിലും നല്‍കിയില്ലെന്നാണ് റിപ്പോര്‍ട്ട്.
യുവരാജ് സിംഗ് കൂടി അനുമതി ചോദിച്ചതോടെ ബിസിസിഐ ഇക്കാര്യം ഗൗരവമായി പരിഗണിക്കുമെന്നാണ് കരുതുന്നത്.

വിദേശ ലീഗില്‍ കളിക്കാന്‍ ഇന്ത്യന്‍ കളിക്കാര്‍ക്ക് അനുമതി നല്‍കിയാല്‍ അത് കളിക്കാരുടെ പ്രകടനമികവ് മെച്ചപ്പെടുത്താനും വിദേശ ലീഗുകളുടെ പ്രചാരണം വര്‍ധിക്കാനും കാരണമാകും.