അധ്യാപകന്‍ നിത്യനന്മകളുടെ ഉറവിടം

Posted on: May 20, 2019 10:47 am | Last updated: May 20, 2019 at 10:47 am

ഹയര്‍ സെക്കന്‍ഡറി പരീക്ഷയില്‍ അധ്യാപകന്‍ ആള്‍മാറാട്ടം നടത്തിയ സംഭവം കേരളത്തിലെ അധ്യാപക ലോകത്തിന് സംഭവിച്ചുകൊണ്ടിരിക്കുന്ന മൂല്യച്യുതിയുടെ ആഴം വ്യക്തമാക്കുന്നു. കോഴിക്കോട് മുക്കം നീലേശ്വരം ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ അഡീഷണല്‍ ഡെപ്യൂട്ടി ചീഫായിരുന്ന അധ്യാപകന്‍ രണ്ട് വിദ്യാര്‍ഥികളുടെ ഇംഗ്ലീഷ് പരീക്ഷ പൂര്‍ണമായും എഴുതുകയും 32 പേരുടെ കമ്പ്യൂട്ടര്‍ അപ്ലിക്കേഷന്‍ പേപ്പറില്‍ കൂടുതല്‍ മാര്‍ക്ക് ലഭിക്കത്തക്ക വിധം തിരുത്തലുകള്‍ വരുത്തുകയും ചെയ്തുവെന്നാണ് കണ്ടെത്തിയിട്ടുള്ളത്. വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറുടെ അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സ്‌കൂളിലെ പരീക്ഷാ ചീഫ് സൂപ്രണ്ട് കൂടിയായ പ്രിന്‍സിപ്പല്‍, ഡെപ്യൂട്ടി ചീഫ്, അഡീഷണല്‍ ഡെപ്യൂട്ടി ചീഫ് എന്നിവരെ സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ട്. ഒറ്റപ്പെട്ടതെങ്കിലും ഈ സംഭവം വിപത്കരമായി വളര്‍ന്നു മുന്നേറുന്ന മൂല്യത്തകര്‍ച്ചയുടെ സൂചനയാണ്. ഇത് തൊഴിലിനോടുള്ള വഞ്ചനയും വിദ്യാര്‍ഥികള്‍ക്ക് ദുര്‍മാതൃകയുമാണ്.

ഒരുപക്ഷേ, വിദ്യാലയത്തിന്റെ പരീക്ഷാ വിജയം ഉയര്‍ത്തിക്കാട്ടാന്‍ നടത്തിയ ശ്രമമാകാം. പക്ഷേ, ഇവിടെ നഷ്ടപ്പെടുത്തുന്നത് വിദ്യാഭ്യാസത്തിന്റെ മൗലിക ലക്ഷ്യത്തെത്തന്നെയാണ്. വിദ്യാഭ്യാസ വിചക്ഷണനും രാഷ്ട്രപതിയുമായിരുന്ന ഡോ. എസ് രാധാകൃഷ്ണന്‍ വിദ്യാഭ്യാസത്തിന്റെ മൗലിക ലക്ഷ്യം സ്വഭാവഗുണം ആര്‍ജിക്കലാണെന്ന് പറഞ്ഞുവെക്കുന്നുണ്ട്. മാത്രവുമല്ല, സ്വഭാവഗുണം ആര്‍ജിക്കാന്‍ പറ്റാത്ത വിദ്യാഭ്യാസം ആപത്കരവും ഉപയോഗശൂന്യവുമാണെന്നും അദ്ദേഹം പറഞ്ഞിട്ടുണ്ട്. ഈ ആള്‍മാറാട്ടവും ക്രമക്കേടുകളും അധ്യാപകരുടെ ഭാഗത്തുനിന്നുള്ള ആപത്കരമായ നൈതിക തകര്‍ച്ചയെയാണ് സൂചിപ്പിക്കുന്നത്. ലക്ഷ്യവും മാര്‍ഗവും സംശുദ്ധമാകണമെന്ന ദര്‍ശനത്തെയും ഈ നീക്കം അപ്രസക്തമാക്കുന്നു.

വിദ്യാഭ്യാസത്തിന്റെ ലക്ഷ്യം കേവലം വിജ്ഞാന വിനിമയവും വിജ്ഞാനമാര്‍ജിക്കലും അല്ല. മറിച്ച് മൂല്യബോധം പുതുതലമുറക്ക് പകര്‍ന്നു നല്‍കലാണ്. നന്നായി ജീവിക്കേണ്ടത് എങ്ങനെയാണെന്ന് പഠിപ്പിക്കേണ്ടവരും ജീവിച്ചു കാണിക്കേണ്ടവരുമാണ് അധ്യാപകര്‍. ഏറ്റവും മൂല്യമുള്ള സത്പ്രവൃത്തിയായിട്ടാണ് അധ്യാപനത്തെ കാണുന്നത്. ഓക്‌സ്‌ഫോര്‍ഡ് യൂനിവേഴ്‌സിറ്റിയുടെ കവാടത്തിലെ വാചകം ഇതാണ്. “ഒരു ഡോക്ടര്‍ക്ക് വീഴ്ചവന്നാല്‍ ഒരു രോഗി മരിച്ചേക്കാം. ഒരു എന്‍ജിനീയര്‍ക്ക് വീഴ്ച വന്നാല്‍ ഒരു പാലമോ കെട്ടിടമോ തകര്‍ന്ന് കുറച്ചു പേര്‍ മരിച്ചേക്കാം. എന്നാല്‍ ഒരധ്യാപകന് വീഴ്ചവന്നാല്‍ ഒരു തലമുറയാണ് നശിക്കുക’.

അധ്യാപകന്‍ സര്‍വ ഗുണങ്ങളുടെയും വിളനിലമായിരിക്കണമെന്നാണ് ഭാരതീയ സങ്കല്പം. തൈത്തരീയ ഉപനിഷത്തില്‍ അധ്യാപകന്‍ ദൈവത്തിന്റെ പ്രതീകമാണ്. കഠോപനിഷത്തിന്റെ കാഴ്ചപ്പാടനുസരിച്ച് ഗുരു ദൈവത്തിന്റെ പ്രകാശവാഹകനാണ്. നിത്യനന്മകളുടെ ഉറവിടമാകണം അധ്യാപകര്‍. അറിവും ആത്മബോധനവും കൊണ്ട് സമൂഹത്തെ മുന്നില്‍ നിന്നു നയിക്കാന്‍ കെല്‍പ്പുള്ളവരാകണം അധ്യാപകര്‍. ഒരു രാജ്യത്തിന്റെ ഭാവി ഭാഗധേയം നിര്‍ണയിക്കപ്പെടുന്നത് ക്ലാസ് മുറികളിലൂടെയാണ്. അവിടെ മൂല്യശോഷണവും കര്‍മശോഷണവും ധര്‍മശോഷണവും സംഭവിച്ചുകൂടാ.
സത്യത്തിലേക്കുള്ള വഴികാട്ടിയും ചൂണ്ടുപലകയുമാകണം അധ്യാപകന്‍. സാമൂഹിക പ്രതിബദ്ധതയും സന്മാര്‍ഗ ബോധവുമുള്ള പൗരസമൂഹത്തെ സൃഷ്ടിച്ചെടുക്കാനുള്ള ദൗത്യം മാതാപിതാക്കള്‍ക്കൊപ്പം അധ്യാപകര്‍ക്കുമുണ്ട്. അധ്യാപകരുടെ വ്യക്തിത്വം, സ്വഭാവ സവിശേഷതകള്‍, ജീവിത വിശുദ്ധി, വിജ്ഞാനം, അര്‍പ്പണബോധം, ആത്മാര്‍ഥത, പ്രതിബദ്ധത, ധാര്‍മികത, പൗരബോധം എന്നിവയെല്ലാം കുട്ടികളെ സ്വാധീനിക്കും.

പാഠ്യപദ്ധതികള്‍ക്കും പാഠപുസ്തകങ്ങള്‍ക്കും അപ്പുറത്തേക്ക് ഇറങ്ങിച്ചെന്ന് ജീവിത മൂല്യങ്ങള്‍ കുട്ടികള്‍ക്കു പകര്‍ന്നു നല്‍കാന്‍ അധ്യാപകര്‍ക്കു കടമയുണ്ട്. അധ്യാപകര്‍ അവരുടെ നൈതികത കൈവിട്ടു കളഞ്ഞാല്‍ പൊതു സമൂഹത്തിന് സംഭവിക്കാവുന്ന ദുരന്തമായി അത് മാറും. വിഭ്യാഭ്യാസ രംഗത്തെ മൂല്യബോധത്തിന് ആഘാതമേല്‍പ്പിക്കുന്ന ഒന്നും ഇനി മേല്‍ സംഭവിക്കാതിരിക്കട്ടെ.
(9847034600)

അഡ്വ. ചാര്‍ളി പോള്‍