ഒരുക്കങ്ങളായി; 140 കൗണ്ടറുകളിൽ വോട്ടെണ്ണല്‍; ആദ്യം എണ്ണുന്നത് പോസ്റ്റല്‍ ബാലറ്റുകള്‍

Posted on: May 18, 2019 5:14 pm | Last updated: May 19, 2019 at 9:23 am

തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ ഫലപ്രഖ്യാപനത്തിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി വരുന്നതായി സംസ്ഥാനത്തെ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കറാം മീണ. 29 കൗണ്ടിംഗ് സ്ഥലങ്ങളിലായി 140 കൗണ്ടറുകളാണ് ഉണ്ടാകുകയെന്ന് അദ്ദേഹം തിരുവനന്തപുരത്ത് വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ഇതിന് പുറമെ പോസ്റ്റൽ ബാലറ്റുകൾ എണ്ണാൻ എല്ലാ ലോക്സഭാ മണ്ഡലങ്ങളിലും ഒന്നോ രണ്ടോ മുറികളും സജ്ജീകരിച്ചിട്ടുണ്ട്. പരമാവധി 14 കൗണ്ടിംഗ് ടാബിളുകളാണ് ഉണ്ടാകുക.

വോട്ടെണ്ണല്‍ കേന്ദ്രങ്ങളില്‍ മൂന്ന് തട്ട് സുരക്ഷ ഒരുക്കിയിട്ടുണ്ട്. ലോക്കല്‍ പോലീസ്, കേരള ആംഡ് ഫോഴ്‌സ്, സിആര്‍പിഎഫ് എന്നിവക്കാണ് സുരക്ഷാ ചുമതല. വോട്ടെണ്ണല്‍ കേന്ദ്രങ്ങളില്‍ പ്രവേശനത്തിന് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തുമെന്നും ടിക്കറാം മീണ വ്യക്തമാക്കി.

രാവിലെ എട്ടിന് വോട്ടെണ്ണല്‍ ആരംഭിക്കും. പോസ്റ്റല്‍ വോട്ടുകളാണ് ആദ്യം എണ്ണുക. ഇവിഎമ്മിലെ വോട്ടെണ്ണല്‍ പൂര്‍ത്തിയായ ശേഷം വിവിപാറ്റ് സ്ലിപ്പുകള്‍ എണ്ണും. അഞ്ച് ബൂത്തുകളിലെ വിവി പാറ്റുകളാണ് എണ്ണുക. ഏജന്റുമാരുടെ സാന്നിധ്യത്തില്‍ നറുക്കെടുപ്പിലൂടെയാണ് ഏത് വിവിപാറ്റാണ് എണ്ണേണ്ടത് എന്ന് തിരഞ്ഞെടുക്കുക. വിവിപാറ്റുകള്‍ ഒന്നിന് പുറകെ ഒന്നായി ആണ് എണ്ണുക. ഇതിനാല്‍ തന്നെ ഇതിന് സമയമെടുക്കുമെന്നും കമ്മീഷണര്‍ വ്യക്തമാക്കി.

ഇവിഎം റിസല്‍ട്ടും വിവിപാറ്റ് റിസല്‍റ്റും തമ്മില്‍ വ്യത്യാസം വന്നാല്‍ വിവിപാറ്റിലെ റിസല്‍ട്ടാണ് അന്തിമമായി പരിഗണിക്കുക. അന്തിമ ഫലം പ്രഖ്യാപിക്കുന്നതിന് മുമ്പ് മൂന്ന് വട്ടം എണ്ണും. വിവിപാറ്റുകള്‍ എണ്ണുന്നതിനായി വിദഗ്ധരെ ചുമതലപ്പെടുത്തിയിട്ടുണ്ട്. അന്തിമ ഫലം വരുമ്പോഴേക്ക് രാത്രിയാകുമെന്നും മീണ പറഞ്ഞു.