Connect with us

Articles

ഇ വി എം: ജനാധിപത്യം ബലിയാടാകരുത്‌

Published

|

Last Updated

ലോകത്ത് ജനാധിപത്യ ഭരണക്രമം നിലവിലുള്ള രാജ്യങ്ങളിലൊന്നാണല്ലോ ഇന്ത്യ. അഞ്ചാണ്ട് തികയുമ്പോള്‍ ആവര്‍ത്തിക്കുന്ന തിരഞ്ഞെടുപ്പ് പ്രക്രിയ തന്നെയാണ് നമ്മുടെ ജനാധിപത്യ വ്യവഹാരങ്ങളുടെ ആണിക്കല്ല്. തിരഞ്ഞെടുപ്പില്‍ സമ്മതിദാനാവകാശം വിനിയോഗിക്കുന്നതിന്റെ പ്രാധാന്യത്തെക്കുറിച്ച് പൗരസമൂഹത്തിലെ ഒരു വിഭാഗം അത്രതന്നെ ബോധവാന്‍മാരല്ലെങ്കിലും പങ്കാളിത്ത ജനാധിപത്യം പ്രായപൂര്‍ത്തി വോട്ടവകാശം വഴി രാജ്യത്തെ പൗരന്‍മാര്‍ക്ക് ജനാധിപത്യ സംവിധാനത്തില്‍ തങ്ങളുടെ കൈയൊപ്പ് ചാര്‍ത്താനുള്ള അവസരം നല്‍കുന്നു. ഇത് ജനാധിപത്യത്തിന്റെ സൗന്ദര്യവും അതിലുപരി സുതാര്യതയുമാണ് പ്രകടമാക്കുന്നത്. ആ ലക്ഷ്യത്തിലാകണം വോട്ടവകാശമുള്ള മുഴുവന്‍ പൗരന്‍മാരെയും പോളിംഗ് ബൂത്തിലെത്തിക്കാന്‍ തിരഞ്ഞെടുപ്പ് കമ്മീഷനും വിവിധ ഭരണകൂടങ്ങളും ലോക്‌സഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നടത്തിയ വ്യാപക ശ്രമങ്ങള്‍.

ജനാധിപത്യം പ്രവര്‍ത്തനക്ഷമമാകാന്‍ പ്രാതിനിധ്യ സ്വഭാവത്തിനപ്പുറം പങ്കാളിത്തം കൂടി സാധ്യമാക്കണം. അവിടെ നാം കാഴ്ചക്കാരല്ല. അതിനാല്‍ തന്നെ സമ്മതിദാനാവകാശം വിനിയോഗിക്കാത്ത പൗരന് പരാതിപ്പെടാന്‍ അവകാശമില്ലെന്ന് അമേരിക്കന്‍ രാഷ്ട്രീയ ചിന്തകനും പ്രശസ്ത നോവലിസ്റ്റുമായിരുന്ന ലൂയിസ് എല്‍മോര്‍ നിരീക്ഷിക്കുന്നുണ്ട്. എന്നാല്‍ ഇന്ത്യയിലെ നടപ്പുകാല തിരഞ്ഞെടുപ്പ് പശ്ചാത്തലത്തില്‍ പങ്കാളിത്ത ജനാധിപത്യത്തെ അപ്രസക്തമാക്കുന്ന പ്രവണതകളെച്ചൊല്ലിയാണ് ആശങ്കകളേറെയും.
ഒരു പ്രായപൂര്‍ത്തി വോട്ടര്‍ക്ക് വോട്ടവകാശം നിഷേധിക്കുന്നത് പങ്കാളിത്ത ജനാധിപത്യത്തിന്റെ ഗുണഫലത്തെ ന്യൂനീകരിക്കുന്ന സ്വേഛാധിപത്യ പ്രവൃത്തിയാണ്. എങ്കില്‍ താനാഗ്രഹിച്ച സ്ഥാനാര്‍ഥിക്കും നിലപാടിനും പകരം മറ്റൊരു പക്ഷത്തിനും സ്ഥാനാര്‍ഥിക്കും വോട്ട് പോകുന്ന സംവിധാനമാണോ നിലവിലുള്ളതെന്ന പൗരന്റെ തോന്നല്‍ തന്നെയും ജനാധിപത്യത്തിന് കടകവിരുദ്ധമാകുന്നുണ്ട്.

ഇലക്ട്രോണിക് വോട്ടിംഗ് മെഷീനെ(ഇ വി എം) കുറിച്ചാണ് പറഞ്ഞു വരുന്നത്. 1989ലാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഇ വി എം കമ്മീഷന്‍ ചെയ്തതെങ്കിലും 1982ല്‍ ഇന്ത്യയില്‍ ആദ്യമായി കേരളത്തില്‍ നോര്‍ത്ത് പറവൂര്‍ നിയോജക മണ്ഡലം ഉപതിരഞ്ഞെടുപ്പില്‍ ചില പോളിംഗ് ബൂത്തുകളില്‍ ഇ വി എം ഉപയോഗിച്ചിരുന്നു. എന്നാല്‍ 2014ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിന് ശേഷമാണ് ഇലക്ട്രോണിക് വോട്ടിംഗ് മെഷീനിലെ കൃത്രിമ സാധ്യതയെക്കുറിച്ചും തിരഞ്ഞെടുപ്പില്‍ ക്രമക്കേട് നടന്നു എന്നാരോപിച്ചുമുള്ള ചര്‍ച്ചകള്‍ സജീവമായികൊണ്ടിരിക്കുന്നത്.

ഇത്തരം ആശങ്കകള്‍ക്ക് പരിഹാരം കാണേണ്ടത് ഭരണഘടനാ സ്ഥാപനമായ തിരഞ്ഞെടുപ്പ് കമ്മീഷന്‍ തന്നെയാണ്. പക്ഷേ, പലപ്പോഴും കമ്മീഷന്‍ എടുത്ത നടപടികള്‍ സംശയം വര്‍ധിപ്പിക്കാനിടയാക്കി എന്നു കരുതേണ്ടി വരും. 2013ലെ ഡോ. സുബ്രഹ്മണ്യന്‍ സ്വാമി കേസില്‍ ഇവ്വിഷയകമായി കമ്മീഷന്‍ സ്വീകരിച്ച നിലപാടും സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലവും പരിശോധിച്ചാല്‍ ഇക്കാര്യം ബോധ്യപ്പെടും. ഇ വി എം ഹാക്ക് ചെയ്യാന്‍ സാധിക്കില്ലെന്ന് സത്യവാങ്മൂലത്തില്‍ അവകാശപ്പെട്ട തിരഞ്ഞെടുപ്പ് കമ്മീഷന്‍ വി വി പാറ്റ് വിജയകരമല്ലെന്നും അപ്രായോഗികമാണെന്നും നിലപാടെടുത്തു. എന്നാല്‍ സ്വതന്ത്രവും നീതിയുക്തവുമായ തിരഞ്ഞെടുപ്പിന് വി വി പാറ്റ് അത്യന്താപേക്ഷിതമാണെന്ന് അഭിപ്രായപ്പെട്ട സുപ്രീം കോടതി രാജ്യ വ്യാപകമായി തിരഞ്ഞെടുപ്പുകളില്‍ വി വി പാറ്റ് ഉപയോഗിക്കണമെന്നും അതിനു വേണ്ട സാമ്പത്തിക ബാധ്യത കേന്ദ്ര സര്‍ക്കാര്‍ വഹിക്കണമെന്നും ഉത്തരവിട്ടാണ് പ്രസ്തുത ഹരജി അംഗീകരിച്ചത്.

ഇലക്ട്രോണിക് വോട്ടിംഗ് മെഷീനില്‍ ഉദ്ദേശിച്ച പേരിനും ചിഹ്നത്തിനും നേരെ ബട്ടണമര്‍ത്തുമ്പോള്‍ ബീപ് ശബ്ദവും ഒപ്പം ലൈറ്റ് തെളിയുന്നതും കാണാമെന്നല്ലാതെ തന്റെ സമ്മതിദാനം കൃത്യമായി വിനിയോഗിക്കപ്പെട്ടു എന്നതിന് ദൃഷ്ടാന്തമൊന്നുമില്ല. സാങ്കേതിക വിദ്യയിലെ സങ്കീര്‍ണതയും ക്രമക്കേടിനുള്ള സാധ്യതയും ചൂണ്ടിക്കാട്ടിയുള്ള ഇത്തരം വിമര്‍ശനം നേരത്തെ തന്നെ നിലനില്‍ക്കുന്നുണ്ട്. ഇന്ത്യയെപ്പോലെ കോടിക്കണക്കിന് പൗരന്‍മാര്‍ വോട്ടു ചെയ്യേണ്ട, ഇലക്ട്രോണിക് വോട്ടിംഗ് മെഷീനില്‍ കൃത്രിമത്തിനുള്ള സാധ്യത വിദഗ്ധര്‍ അടിവരയിടുകയും ചെയ്യുമ്പോള്‍ വി വി പാറ്റ് വേണ്ടെന്ന് സുപ്രീം കോടതിയില്‍ തിരഞ്ഞെടുപ്പ് കമ്മീഷനെടുത്ത ശാഠ്യം എന്തിനായിരുന്നെന്ന് ഇപ്പോഴും അജ്ഞാതമാണ്. നീതിപൂര്‍വവും സുതാര്യവുമായി തിരഞ്ഞെടുപ്പ് നടത്താനുള്ള ശ്രമങ്ങള്‍ക്കല്ലേ കമ്മീഷന്‍ മുന്‍കൈയെടുക്കേണ്ടിയിരുന്നത്?
പിന്നെയും രാജ്യത്ത് നടന്ന വിവിധ തിരഞ്ഞെടുപ്പുകളില്‍ ഇ വി എം പല രാഷ്ട്രീയ കക്ഷികളെയും അവിഹിതമായി സഹായിച്ചു എന്ന ശക്തമായ സംശയത്തിന്റെ ബലത്തിലാണ് കൃത്രിമം ആരോപിക്കപ്പെട്ടിടത്ത് വി വി പാറ്റ് എണ്ണാമെന്ന തീരുമാനത്തിലെത്തിയത്. പിന്നീട് പതിനേഴാം ലോക്‌സഭയിലേക്കുള്ള തിരഞ്ഞെടുപ്പിന് കേളികൊട്ടുയര്‍ന്നപ്പോഴാണ് പ്രതിപക്ഷ രാഷ്ട്രീയ പാര്‍ട്ടികള്‍ ഒന്നടങ്കം കൂടുതല്‍ വി വി പാറ്റുകള്‍ എണ്ണണമെന്ന ആവശ്യവുമായി രംഗത്തെത്തിയത്. ഒടുവില്‍ ഒരു നിയമസഭാ മണ്ഡലത്തിലെ വിവേചനരഹിതമായി തിരഞ്ഞെടുക്കപ്പെട്ട അഞ്ച് പോളിംഗ് ബൂത്തുകളിലെ വി വി പാറ്റ് സ്ലിപ്പുകള്‍ എണ്ണണമെന്ന ഉത്തരവ് സുപ്രീം കോടതി പുറപ്പെടുവിക്കുകയും പ്രസ്തുത ഉത്തരവ് പുനഃപരിശോധിക്കാന്‍ 21 പ്രതിപക്ഷ രാഷ്ട്രീയ പാര്‍ട്ടികള്‍ നല്‍കിയ ഹരജി തള്ളുകയും ചെയ്തു.

ഭരണ വിരുദ്ധ വികാരം ശക്തമാണ് രാജ്യത്തെങ്ങുമിപ്പോള്‍. 2014ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ രാഷ്ട്രീയ ചിത്രത്തില്‍ നിന്ന് ഒട്ടേറെ ഭിന്നമാണ് ഇപ്പോഴത്തെ ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ സാഹചര്യം. ബി ജെ പി ഒറ്റക്ക് ഭൂരിപക്ഷം തികക്കില്ലെന്ന് പാര്‍ട്ടി നേതാക്കള്‍ തന്നെ തുറന്നു പറഞ്ഞിരിക്കുന്നു. അധികാര നഷ്ട ഭീതി നിഴലിക്കുന്നുണ്ട് ബി ജെ പി നേതാക്കളുടെ മുഖങ്ങളിലിപ്പോള്‍. തൂക്കുസഭയും ബലാബല സര്‍വേ റിപ്പോര്‍ട്ടുകളുമാണ് പുറത്തു വരുന്നത്. ഇത്തരമൊരു സാഹചര്യത്തില്‍ കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പ് ഫലത്തിനു സമാനം ബി ജെ പി ഒറ്റക്ക് ഭൂരിപക്ഷം നേടുകയോ വ്യക്തമായ മേധാവിത്തത്തോടെ എന്‍ ഡി എ ഭരണം നിലനിര്‍ത്തുകയോ ചെയ്യുന്ന വിധത്തിലുള്ള ഫലം പുറത്തുവന്നാല്‍ ഇലക്ട്രോണിക് വോട്ടിംഗ് മെഷീന്റെ സുതാര്യതയെച്ചൊല്ലി വലിയ വാഗ്വാദം തന്നെ നടന്നേക്കാം. എന്നാല്‍ അതിനെ പ്രതിരോധിക്കാന്‍ കരുത്തുള്ള ദീര്‍ഘ വീക്ഷണത്തോടെയുള്ളതും ജാഗ്രതാ പൂര്‍ണവുമായ സമീപനം ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ ആദ്യാവസാനം തിരഞ്ഞെടുപ്പ് കമ്മീഷന്‍ സ്വീകരിച്ചില്ലെന്ന ആക്ഷേപം സംഗതമാണ് തന്നെ.

ഇ വി എമ്മിന്റെ വിവിധ ഘട്ടങ്ങളില്‍ കൃത്രിമം സാധ്യമാണെന്നാണ് വിദഗ്ധാഭിപ്രായം. നിര്‍മാണ, ഡാറ്റാ സംഭരണ ഘട്ടങ്ങളിലും വ്യത്യസ്ത പാളികളി(Layers)ലും തട്ടിപ്പ് സാധ്യമാണെന്ന് സാങ്കേതിക വിദഗ്ധര്‍ വിശദീകരിക്കുന്നുണ്ട്. തിരഞ്ഞെടുപ്പിന് ശേഷം സ്‌ട്രോംഗ് റൂമില്‍ സൂക്ഷിക്കുമ്പോള്‍ പോലും ഫലത്തെ സ്വാധീനിക്കും വിധം ക്രമക്കേട് നടത്താമെന്നാണ് അവരുടെ പക്ഷം.

അപ്പോഴാണ് ഹോട്ടലുകളിലും പൊതു ഇടങ്ങളിലും വോട്ടിംഗ് മെഷീനുകള്‍ ഉദ്യോഗസ്ഥര്‍ നിരുത്തരവാദപരമായി കൈകാര്യം ചെയ്യുന്നതിന്റെ വാര്‍ത്തകള്‍ അടിക്കടി പുറത്തുവന്നുകൊണ്ടിരിക്കുന്നത്. ലോക്‌സഭാ തിരഞ്ഞെടുപ്പ് അവസാന ഘട്ടത്തിലേക്കടുക്കും തോറും തകരാറിലാകുന്ന വോട്ടിംഗ് മെഷീനുകളുടെ എണ്ണം കൂടുന്നതും നാം കണ്ടു. രാജ്യത്ത് നിര്‍ണായകമായ ഒരു പൊതു തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സജീവ ശ്രദ്ധ വേണ്ട വേളയിലാണിതൊക്കെ എന്നത് ഗുരുതര പ്രത്യാഘാതമുണ്ടാക്കാന്‍ പോന്നതാണെന്നതില്‍ തര്‍ക്കമില്ല. ഈ ഘട്ടത്തില്‍ ഇ വി എം കൈകാര്യം ചെയ്യുന്നത് സംബന്ധിച്ച കര്‍ശന മാര്‍ഗനിര്‍ദേശങ്ങള്‍ സുപ്രീം കോടതി തിരഞ്ഞെടുപ്പ് കമ്മീഷന് നല്‍കണം.

വിതരണക്കാരില്‍ നിന്ന് ഇ വി എം ശേഖരിക്കുന്നതില്‍ തുടങ്ങി പോളിംഗ് ബൂത്തില്‍ ഇന്‍സ്റ്റാള്‍ ചെയ്യുന്നതും തുടര്‍ന്ന് സ്‌ട്രോംഗ് റൂമില്‍ സൂക്ഷിക്കുന്നതുമെല്ലാം കര്‍ശന നിയമ വിധേയമാക്കണം.

വോട്ടിംഗ് മെഷീനുകളുടെ എണ്ണം, സാമ്പത്തിക ബാധ്യത, തകരാറിലാകുന്നതിന്റെ കാരണങ്ങള്‍ തുടങ്ങിയ കാര്യങ്ങള്‍ കൃത്യമായ ഓഡിറ്റിംഗിന് വിധേയമാക്കുകയും ഒപ്പം എല്ലാ രാഷ്ട്രീയ പാര്‍ട്ടികളെയും വിശ്വാസത്തിലെടുത്തു കൊണ്ടുള്ള സ്വതന്ത്രമായ ചര്‍ച്ചകള്‍ക്ക് തിരഞ്ഞെടുപ്പ് കമ്മീഷന്‍ തയ്യാറാകേണ്ടതുമുണ്ട്.

അഷ്‌റഫ് തെച്യാട്

---- facebook comment plugin here -----

Latest