പരസ്യ പ്രചാരണത്തിന് ഇന്ന് സമാപനം: മോദി ദീദി പോര് പാരമ്യത്തില്‍

Posted on: May 16, 2019 1:22 pm | Last updated: May 16, 2019 at 5:45 pm

കൊല്‍ക്കത്ത: രൂക്ഷമായ രാഷ്ട്രീയ സംഘര്‍ഷത്തെ തുടര്‍ന്ന് ബംഗാളില്‍ പരസ്യ പ്രചാരണം ഒരു ദിവസം വെട്ടിക്കുറച്ചെങ്കിലും പോര്‍വിളികള്‍ക്ക് കുറവില്ല. ഇന്ന് രാത്രി പത്ത് മണിക്ക് പരസ്യം പ്രചാരണം അവസാനിക്കാനിരിക്കെ തൃണമൂല്‍ കോണ്‍ഗ്രസ്, ബി ജെ പി നേതാക്കള്‍ തമ്മിലുള്ള വാക്ക് യുദ്ധം കൊടുമ്പിരിക്കൊണ്ടിരിക്കുകയാണ്. ഒപ്പം എന്‍ ഡി എയെ എതിര്‍ക്കുന്ന കക്ഷികളെല്ലാം മമതക്ക് പിന്നില്‍ അണിനിരന്ന് കഴിഞ്ഞു.

മമത ബാനര്‍ജിയെ വെല്ലുവിളിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി അവസാന ഏറ്റ്മുട്ടലിന് തുടക്കമിട്ടു. മമതക്ക് ദൈര്യമുണ്ടെങ്കില്‍ അമിത് ഷായുടെ റാലി തടഞ്ഞ്തപോലെ തന്റെ റാലി തടയാനാണ് മോദിയുടെ വെല്ലുവിളി. ഇന്ന് വൈകിട്ട് ഡംഡം മണ്ഡലത്തില്‍ നടക്കുന്ന റാലി തടയാന്‍ ദീദിക്ക് ദൈര്യമുണ്ടോയെന്ന് ചോദിച്ച മോദി ബംഗാളിലെ സാമൂഹിക പരിഷ്‌കര്‍ത്താവ് ഈശ്വര ചന്ദ്ര വിദ്യാസാഗറിന്റെ പ്രതിമ തകര്‍ത്തത് തൃണമമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരാണെന്നും ആരോപിച്ചു. തൃണമൂല്‍ തകര്‍ത്ത വിദ്യാസാഗറിന്റെ പ്രതിമ അതേ സ്ഥാനത്ത് ബി ജെ പി പുനസ്ഥാപിക്കുമെന്നും മോദി പറഞ്ഞു. എന്നാല്‍ മോദി ലക്ഷണമൊത്ത നുണയാനാണെന്ന് തൃണമൂല്‍ ഡെറിക് ഒബ്രയാന്‍ തിരിച്ചടിച്ചു.

അതിനിടെ അമിത് ഷായെ ഗുണ്ടയെന്ന് വിളിച്ച മമതക്കെതിരെ നടപടി ആവശ്യപ്പെട്ട് ബി ജെ പി തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചു. 19ന് നടക്കുന്ന അവസാനഘട്ട തിരഞ്ഞെടുപ്പില്‍ ബംഗാൡ കൂടുതല്‍ കേന്ദ്രസേനയെ ഇറക്കണമെന്നും ബി ജെ പി കമ്മീഷനോട് ആവശ്യപ്പെട്ടു.

ബംഗാളില്‍ ക്യാമ്പയിന്‍ വെട്ടിച്ചുരുക്കിയ തിരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടി മോദിക്കുള്ള സമ്മാനമാണെന്ന് മുഖ്യമന്ത്രി മമത ബാനര്‍ജി ആരോപിച്ചു. ഇത് അസന്മാര്‍ഗികമായ ഒരു നടപടിയാണ്. ആര്‍ എസ് എസുകാരാണ് തിരഞ്ഞെടുപ്പ് കമ്മീഷനെ നിയന്ത്രിക്കുന്നത്. 324 പ്രഖ്യാപിക്കേണ്ട രീതിയില്‍ ഉള്ള ഒരു ക്രമസമാധാന പ്രശ്‌നവും ബംഗാളില്‍ ഇല്ലെന്നും വിഷയത്തില്‍ സുപ്രീം കോടതിയെ സമീപിക്കുമെന്നും മമത പറഞ്ഞു.

അതിനിടെ മമത ബാനര്‍ജിക്ക് പിന്തുണ പ്രഖ്യാപിച്ച രംഗത്തെത്തിയ കോണ്‍ഗ്രസ് തിരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടി ഭരണഘടനാ വിരുദ്ധമാണെന്ന് കുറ്റപ്പെടുത്തി. കമ്മീഷന്റെ സുതാര്യതയില്‍ സംശയമുണ്ട്. തിരഞ്ഞെടുപ്പ് കമ്മീഷന്‍ മോദിയുടെ കൈയിലെ പാവയായി പ്രവര്‍ത്തിക്കുകയാണെന്നും കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സുര്‍ജേവാല പറഞ്ഞു.

മമത ബാന്‍ര്‍ജിക്ക് ഉറച്ച പിന്തുണയുമായി ബി എസ് പി അധ്യക്ഷ മായാവതി രംഗത്തെത്തി. ബംഗാളിനെ ലക്ഷ്യമിട്ട് നരേന്ദ്ര മോദിയും അമിത് ഷായുമെല്ലാം നടത്തുന്ന കളി അപകടം നിറഞ്ഞതാണ്. ഒരു പ്രധാനമന്ത്രിക്ക ചേര്‍ന്ന പ്രവര്‍ത്തിയല്ല മോദി നടത്തുന്നത്. ഇന്ന് രാത്രി പത്ത് മണിവരെയാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ പരസ്യ പ്രചരണത്തിന് അനുമതി നല്‍കിയത്. മോദിക്ക് ഇന്ന് രണ്ട് റാലികള്‍ ഉള്ളതിനാലാണ് രാത്രിവരെ പ്രചാരണത്തിന് സമയം നല്‍കിയത്. എന്തുകൊണ്ട് ഇന്ന് രാവിലെ പരസ്യ പ്രചാരണം അവസാനിപ്പിച്ചില്ലെന്നും മായാവതി ചോദിച്ചു.

എസ് പി അധ്യക്ഷന്‍ അഖിലേഷ് യാദവ്, എ എ പി നേതാവ് അരവിന്ദ് കെജ്രിവാള്‍, എന്‍ സി പി അധ്യക്ഷന്‍ ശരത് പവാര്‍ എന്നിവരെല്ലാം മമതക്ക് പിന്തുണയുമായി എത്തി. പിന്തുണച്ച മുഴുവന്‍ നേതാക്കള്‍ക്കും മായാവതി ട്വിറ്ററില്‍ നന്ദി പറഞ്ഞു.

പരസ്യ പ്രചാരണം ഇന്ന് രാത്രി പത്തിന് അവസാനിക്കുന്നതിന് മുമ്പ് രണ്ട് റാലികളില്‍ മോദി പ്രസംഗിക്കും. മമതക്ക് രണ്ട് പൊതുയോഗവും രണ്ട് റോഡ് ഷോയുമടക്കം നാല് പരിപാടികളാണ് ഇന്നുള്ളത്. ഈ യോഗങ്ങളിലെല്ലാം വാക്കുകൊണ്ട് മോദിയും മമതയും ഏറ്റമുട്ടുമെന്ന് വ്യക്തമാണ്. ആദ്യഘട്ട തിരഞ്ഞെടുപ്പുകളിലെല്ലാം ബംഗാളില്‍ വ്യാപക അക്രമം ഉണ്ടായിരുന്നു. തൃണമൂല്‍ – ബി ജെ പി പോര് മുറുകിയ പുതിയ സാഹചര്യത്തില്‍ അവസാനഘട്ട തിരഞ്ഞെടുപ്പില്‍ സുരക്ഷയുടെ കാര്യത്തില്‍ വലിയ ആശങ്കയാണുള്ളത്.