ഐ പി എല്‍ കഴിഞ്ഞു, ഇനി ലോകകപ്പ് ലഹരിയിലേക്ക്; ഇന്ത്യയുടെ ആദ്യ സന്നാഹം ന്യൂസിലന്‍ഡിനെതിരെ

Posted on: May 15, 2019 5:25 pm | Last updated: May 28, 2019 at 5:45 pm

ലണ്ടന്‍: ഐ പി എല്‍ അടിച്ചു തകര്‍ത്തു, ഇനി ലോകകപ്പിന്റെ ത്രില്ലറിനുള്ള കാത്തിരിപ്പിലാണ് ക്രിക്കറ്റ് ലോകം. ലോകകപ്പിനു മുന്നോടിയായുള്ള സന്നാഹ മത്സരങ്ങള്‍ക്ക് മെയ് 24 ന് ഇംഗ്ലണ്ടില്‍ തുടക്കമാവും. ഐ പി എല്‍ മത്സര തിരക്കിലായിരുന്നതിനാല്‍ കുറച്ചായി ഏകദിന മത്സരങ്ങള്‍ കളിക്കാന്‍ കഴിയാതിരുന്നതിന്റെ സമ്മര്‍ദം ഇന്ത്യയുള്‍പ്പടെയുള്ള ചില ടീമുകള്‍ക്കുണ്ട്.

അതേസമയം, പാക്കിസ്ഥാന്‍, വെസ്റ്റ് ഇന്‍ഡീസ്, അയര്‍ലന്‍ഡ്, ബംഗ്ലാദേശ്, ആസ്‌ത്രേലിയ, ന്യൂസിലന്‍ഡ് ടീമുകള്‍ ഏകദിന പരമ്പരകള്‍ കളിച്ചുകൊണ്ടിരിക്കുകയാണ്. പാക്കിസ്ഥാനാണ് ഇതില്‍ കോളടിച്ചത്. സന്നാഹ മത്സരങ്ങള്‍ക്ക് ആതിഥേയത്വം വഹിക്കുന്ന ഇംഗ്ലണ്ടുമായി നിലവില്‍ ഏകദിന പരമ്പരയിലാണ് അവര്‍. ഇത് സന്നാഹത്തില്‍ ഏറെ ഗുണം ചെയ്യും.

ഇന്ത്യയുടെ ആദ്യ സന്നാഹ മത്സരം 25ന് ന്യൂസിലന്‍ഡിനും രണ്ടാമത്തെത് 28ന് ബംഗ്ലാദേശിനും എതിരെയാണ്. യഥാക്രമം ലണ്ടനിലെ കെന്നിംഗ്ടണ്‍ ഓവല്‍, കാര്‍ഡിഫ് എന്നിവിടങ്ങളിലാണ് ഈ മത്സരങ്ങള്‍ നടക്കുക.