ജമ്മുകശ്മീരിലെ തിരഞ്ഞെടുപ്പ് ബംഗാളിലെതിനെക്കാള്‍ സമാധാനപരം: മോദി

Posted on: May 15, 2019 3:02 pm | Last updated: May 15, 2019 at 7:30 pm

ന്യൂഡല്‍ഹി: പ്രധാന മന്ത്രി നരേന്ദ്ര മോദിയും പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയും തമ്മിലുള്ള വാക്‌പോര് രൂക്ഷമായി തുടരുന്നു. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പശ്ചിമ ബംഗാളില്‍ നടന്ന അക്രമ സംഭവങ്ങളെ മോദി ശക്തമായി അപലപിച്ചു. ജമ്മു കശ്മീരില്‍ നടന്ന തിരഞ്ഞെടുപ്പ് ബംഗാളിലെതിനെക്കാള്‍ സമാധാനപരമായിരുന്നുവെന്ന് സ്വകാര്യ ചാനലിനു നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞു.

കശ്മീരില്‍ പഞ്ചായത്ത് തിരഞ്ഞെടുപ്പ് നടന്നപ്പോള്‍ ഒരു ബൂത്തില്‍ നിന്നും ഒരക്രമവും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടില്ല. എന്നാല്‍, വ്യാപക അക്രമങ്ങള്‍ നടന്ന ബംഗാളില്‍ നിരവധി പേരാണ് കൊല്ലപ്പെട്ടത്. വിജയിച്ച സ്ഥാനാര്‍ഥികളുടെ വീടുകള്‍ക്ക് തീവെക്കുന്ന സംഭവങ്ങളുണ്ടായി. പ്രാണരക്ഷാര്‍ഥം ഇവര്‍ക്ക് മറ്റിടങ്ങളില്‍ അഭയം തേടേണ്ടി വന്നു.

ബംഗാളില്‍ ഇത്രയൊക്കെ അക്രമങ്ങള്‍ നടന്നിട്ടും പലരും മൗനം പാലിക്കുകയാണുണ്ടായത്. തന്നോടുള്ള വിരോധം മൂലം അക്രമങ്ങള്‍ കണ്ടില്ലെന്നു നടിക്കുന്നത് പ്രശ്‌നങ്ങള്‍ക്കു കാരണമാകുമെന്നും മോദി പറഞ്ഞു.