Connect with us

National

വംഗനാട്ടില്‍ മേധാവിത്വം ഉറപ്പിക്കാന്‍ മമതയും ബി ജെ പിയും നേര്‍ക്കുനേര്‍

Published

|

Last Updated

  ന്യൂഡല്‍ഹി/ കൊല്‍ക്കത്ത: ബംഗാളിലെ ഒമ്പത് മണ്ഡലങ്ങളിലടക്കം അവസാനഘട്ട തിരഞ്ഞെടുപ്പിന് നാല് ദിവസം മാത്രം ശേഷിക്കെ മമത ബാനര്‍ജിയും ബി ജെ പിയും തമ്മിലുള്ള ഏറ്റുമുട്ടല്‍ രൂക്ഷമായി. ഇന്നലെ ബംഗാളില്‍ നടന്ന അമിത്ഷായുടെ റോഡ് ഷോ തടഞ്ഞതിനെ തുടര്‍ന്നുണ്ടായ സംഘര്‍ഷമാണ് ഇപ്പോള്‍ പാരമ്യതയിലെത്തിയിരിക്കുന്നത്.
കൊല്‍ക്കത്ത സര്‍വ്വകലാശാല പരിസരത്തും വിദ്യാസാഗര്‍ കോളജിന് സമീപവും ഇരു പാര്‍ട്ടി പ്രവര്‍ത്തകരും തമ്മില്‍ ഇന്നലെയുണ്ടായ നേര്‍ക്കുനേര്‍ ഏറ്റുമുട്ടലിന്റെ തുടര്‍ച്ചയെന്നോണം ബംഗാളിന്റെ പല ഭാഗത്തും ഇന്നും അക്രമങ്ങള്‍ അരങ്ങേറുകയാണ്.

റോഡ് ഷോക്കെതിരെയുണ്ടായ അക്രമണത്തില്‍ ബംഗാളിലെ സാമൂഹിക പരിഷ്‌കര്‍ത്താവ് ഈശ്വര ചന്ദ്ര വിദ്യാസാഗറിന്റെ പ്രതിമ തകര്‍ന്നത് തൃണമൂല്‍ ബി ജെ പിക്കെതിരെ ആയുധമാക്കിയിരിക്കുകയാണ്. മമത അടക്കമുള്ള തൃണമൂല്‍ നേതാക്കള്‍ സാമൂഹിക മാധ്യമങ്ങളിലെ തങ്ങളുടെ മുഖചിത്രം വിദ്യാസാഗറിന്റേതാക്കി. ഇതുമായി ബന്ധപ്പെട്ട് ബംഗാള്‍ വികാരം ഇളക്കിവിട്ടുള്ള പ്രചാരണം തുടങ്ങി.

എന്നാല്‍ ബി ജെ പിയും പ്രതിരോധം ശക്തമാക്കി. സി ആര്‍ പി എഫിന്റെ സംരക്ഷണം ഉള്ളതുകൊണ്ടാണ് താന്‍ ഇന്നലെ ജീവനോടെ രക്ഷപ്പെട്ടതെന്ന് ബി ജെ പി അധ്യക്ഷന്‍ അമിത്ഷാ പറഞ്ഞു. മമതക്കെതിരെ കടുത്ത വിമര്‍ശനവും ഷാ നടത്തി. ദീദി നിങ്ങള്‍ ബംഗാളിലെ 42 സീറ്റിന് വേണ്ടിയാണ് പോരടിക്കുന്നത്. എന്നാല്‍ ബി ജെ പി രാജ്യത്തെ മുഴുവന്‍ സംസ്ഥാനത്തുമാണ് മത്സരിക്കുന്നത്. അക്രമത്തിന് പിന്നില്‍ ബി ജെ പിയാണെന്ന് നിങ്ങല്‍ പറയുന്നു. എന്നാല്‍ ബംഗാളില്‍ മാത്രമാണ് തിരഞ്ഞെടുപ്പില്‍ അക്രമങ്ങള്‍ നടക്കുന്നത്. അപ്പോള്‍ ആരാണ് ഉത്തരവാദി എന്ന് വ്യക്തമാണ്. അക്രമങ്ങളുടെ പശ്ചാത്തലത്തില്‍ ബംഗാളില്‍ രാഷ്ട്രപതി ഭരണത്തിന്റെ ആവശ്യം ഇല്ല. കാരണം ജനങ്ങള്‍ തന്നെ ഈ ഭരണത്തിന് അന്ത്യം കുറിക്കുമെന്നും അമിത് ഷാ പറഞ്ഞു.

ബംഗാള്‍ രാജ്യത്തിന് സംഭവാന ചെയ്ത സാമൂഹിക പരിഷ്‌കര്‍ത്താവ് ഈശ്വര ചന്ദ്ര വിദ്യാസാഗറിന്റെ പേരിലുള്ള കോളജ് പരിസരത്തുവെച്ചാണ് ഏറ്റുമുട്ടലുണ്ടായത്. കോളജിന്റെ ഗേറ്റ് മാനേജ്‌മെന്റ് പൂട്ടി താക്കോല്‍ അവര്‍ കൈവശം വെച്ചതാണ്. പിന്നെ എങ്ങനെ പുറത്തു നിന്നും ബി ജെ പി പ്രവര്‍ത്തകര്‍ അകത്ത് കയറി അക്രമം നടത്തും. കോളജും പ്രതിമയും തകര്‍ത്തത് തൃണമൂല്‍ പ്രവര്‍ത്തകര്‍ തന്നെയാണ്- അമിത് ഷാ ആരോപിച്ചു. തൃണമൂലിന്റെ അക്രമത്തില്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ നടപടി സ്വീകരിക്കുന്നില്ലെന്നും ഷാ കുറ്റപ്പെടുത്തി.
അതിനിടെ മമതയെ തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ നിന്ന് വിലക്കണമെന്ന് ആവശ്യപ്പെട്ട് ബി ജെ പി തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി.

എന്നാല്‍ വിദ്യാസാഗറിന്റെ പ്രതിമ ബി ജെ പി പ്രവര്‍ത്തകര്‍ തകര്‍ക്കുന്നതിന്റെ ഫോട്ടോയുണ്ടെന്ന് തൃണമൂല്‍ തിരിച്ചടിച്ചു. ക്യാമ്പസില്‍ നിന്ന് വിദ്യാര്‍ഥികള്‍ മുദ്രാവാക്യം മുഴക്കിയതില്‍ പ്രകോപിതരായ ബി ജെ പി പ്രവര്‍ത്തകര്‍ ഗേറ്റ് തള്ളിതുറന്ന് അകത്ത് കടക്കുകയായിരുന്നു. മോട്ടോര്‍ സൈക്കിളിലെത്തിയ ബി ജെ പി പ്രവര്‍ത്തകരാണ് കോളജ് അടിച്ച് തകര്‍ത്തത്. ബംഗാളിന്റെ അഭിമാനത്തിന് നേരെയാണ് ബി ജെ പി അക്രമം നടത്തിയതെന്ന് മമത ആരോപിച്ചു.

ബംഗാളിന്റെ പുറത്ത് നിന്ന് എത്തിയ ബി ജെ പി പ്രവര്‍ത്തകരാണ് വിദ്യാസാഗര്‍ കോളജില്‍ അക്രമം നടത്തിയത്. സംസ്ഥാനത്തിന്റെ സമ്പന്നമായ സംസ്‌കാരത്തെയും ചരിത്രത്തെയുമാണ് നിങ്ങള്‍ അക്രമിച്ചത്. ബംഗാള്‍ ജനത ഇതിന് മാപ്പ് നല്‍കില്ല- തൃണമൂല്‍ നേതാവ് ഡറിക് ഒബ്രയേന്‍ പറഞ്ഞു. കാവി വസ്ത്രം ധരിച്ചവര്‍ കോളജുകളില്‍ അക്രമം നടത്തുന്നതിന്റെയും കടകള്‍ തകര്‍ക്കുന്നതിന്റെയും വീഡിയോ അദ്ദേഹം പുറത്തുവിട്ടു.

അതിനിടെ റോഡ് ഷോക്കിടെയുണ്ടായ സംഘര്‍ഷവുമായി ബന്ധപ്പെട്ട് അമിത് ഷായ്‌ക്കെതിരെ എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്തു. അമേര്‍സ്റ്റ് സ്ട്രീറ്റ് പോലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത എഫ് ഐ ആറിലാണ് അമിത് ഷായുടെ പേരുള്‍പ്പെടുത്തിയിട്ടുള്ളത്. സംഭവവുമായി ബന്ധപ്പെട്ട അമേര്‍സ്റ്റ് സ്ട്രീറ്റ് പോലീസ് സ്റ്റേഷല്‍ പിരിധിയിലും ജൊരാസന്‍കോ പോലീസ് സ്‌റ്റേഷന്‍ പിരിധിയിലുമായി നിരവധി ബി ജെ പി പ്രവര്‍ത്തകരെ കസ്റ്റഡിയിലെടുത്തു.
അതിനിടെ ബി ജെ പിയുടെ പ്രചാരണം ശക്തിപ്പെടുത്താന്‍ രണ്ട് ദിവസം പ്രധാനമന്ത്രി നരേന്ദ്രമോദി ബംഗാളിലുണ്ടാകും. ഡംഡം, ഡയമണ്ട് ഹാര്‍ബര്‍, ബസിര്‍ഹട്ട് മണ്ഡലങ്ങളിലെ പൊതുയോഗങ്ങളില്‍ മോദി പ്രസംഗിക്കും. തിരഞ്ഞെടുപ്പില്‍ മറ്റൊരു സംസ്ഥാനത്തും ഇല്ലാത്ത രൂപത്തില്‍ ബംഗാളില്‍ അക്രമം നടന്നത് ചൂണ്ടിക്കാട്ടി മമതക്കും തൃണമൂലിനും എതിരായ പ്രചാരണം ശക്തിപ്പെടുത്താനാണ് ബി ജെ പി നീക്കം.