പോസ്റ്റല്‍ ബാലറ്റ് തിരിമറി: ക്രൈം ബ്രാഞ്ച് ഇടക്കാല റിപ്പോര്‍ട്ട് സമര്‍പ്പിച്ചു

Posted on: May 15, 2019 9:14 am | Last updated: May 15, 2019 at 12:05 pm

തിരുവനന്തപുരം: പോസ്റ്റല്‍ ബാലറ്റ് അട്ടിമറിയില ക്രൈം ബ്രാഞ്ച് ഡിജിപിക്ക് ഇടക്കാല റിപ്പോര്‍ട്ട് കൈമാറി. 23ന് പോസ്റ്റല്‍ വോട്ടിംഗ് പൂര്‍ത്തിയായ ശേഷമേ കള്ളവോട്ട് നടന്നുവോ എന്ന കാര്യം സ്ഥിരീകരിക്കാന്‍ സാധിക്കുകയുള്ളൂവെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. വിശദമായ അന്വേഷണത്തിന് കൂടുതല്‍ സാവകാശം വേണമെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നുണ്ട്. റിപ്പോര്‍ട്ട് ഡിജിപി മുഖ്യതിരഞ്ഞെടുപ്പ് ഓഫീസര്‍ക്ക് കൈമാറും. മുഖ്യതിരഞ്ഞെടുപ്പ് ഓഫീസര്‍ക്ക് റിപ്പോര്‍ട്ട് സമര്‍പ്പിക്കേണ്ട സമയപരിധി ഇന്ന് അവസാനിക്കുന്ന സാഹചര്യത്തിലാണ് അന്വേഷണ സംഘം ഇടക്കാല റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.

പോസ്റ്റല്‍ ബാലറ്റില്‍ പോലീസ് അസോസിയേഷന്‍ ഇടപെട്ടതായി വ്യക്തമായതിന്റെ അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ അന്വേഷണത്തിന് നിര്‍ദേശം നല്‍കിയത്. ക്രൈം ബ്രാഞ്ച് തൃശൂര്‍ എസ് പി കെഎസ് സുദര്‍ശനന്റെ നേതൃത്വത്തിലാണ് അന്വേഷണം നടത്തിയത്.