Connect with us

Eranakulam

ഹജ്ജ്: കൊച്ചിയിൽ നിന്നുള്ള ആദ്യ വിമാനം ജൂലൈ 14ന്

Published

|

Last Updated

നെടുമ്പാശ്ശേരി: കേന്ദ്ര ഹജ്ജ് കമ്മിറ്റി അനുവദിച്ച ക്വാട്ടയിൽ സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് 2,720 പേർ ഈ വർഷം യാത്ര തിരിക്കും.

ജൂലൈ 14 മുതൽ 17 വരെയാണ് കൊച്ചി വിമാനത്താവളത്തിൽ നിന്നുള്ള ഹജ്ജ് വിമാനങ്ങൾ യാത്രയാകുന്നത്. ആദ്യ വിമാനം ജൂലൈ 14ന് ഉച്ചക്ക് രണ്ട് മണിക്ക് യാത്ര തിരിക്കും. നാല് ദിവസങ്ങളിലായി എട്ട് വിമാനങ്ങളാണ് എയർ ഇന്ത്യ ഷെഡ്യൂൾ ചെയ്തിരിക്കുന്നത്. നെടുമ്പാശ്ശേരിയിൽ നിന്ന് പുറപ്പെടുന്ന ഹാജിമാരുടെ നാട്ടിലേക്കുള്ള മടക്കയാത്ര ആഗസ്ത് 29 മുതൽ സെപ്തംബർ ഒന്ന് വരെയണ്.

നെടുമ്പാശ്ശേരിയിൽ നിന്ന് മദീനയിൽ എത്തുന്ന തീർഥാടകർ മദീന സന്ദർശനം പൂർത്തിയാക്കിയ ശേഷമായിരിക്കും ഹജ്ജ് കർമം നിർവഹിക്കുന്നതിനായി മക്കയിലേക്ക് പുറപ്പെടുക. ഹജ്ജ് കർമങ്ങൾ പൂർത്തിയാക്കിയ ശേഷം ജിദ്ദ വിമാനത്താവളത്തിൽ നിന്നാണ് ഇവർ നാട്ടിലേക്ക് മടങ്ങുന്നത്. നെടുമ്പാശ്ശേരിയിൽ നിന്ന് പുറപ്പെടുന്ന തീർഥാടകരിൽ കേരളത്തിന് പുറമെ ലക്ഷദ്വീപിൽ നിന്നുള്ളവരും ഉൾപ്പെടും. 340 പേർക്ക് യാത്ര ചെയ്യാൻ കഴിയുന്ന വിമാനങ്ങളാണ് എയർ ഇന്ത്യ ഷെഡ്യൂൾ ചെയ്തിരിക്കുന്നത്. നെടുമ്പാശ്ശേരിയിൽ ഹജ്ജ് ക്യാമ്പിന്റെ ക്രമീകരണങ്ങൾ ചർച്ച ചെയ്യാൻ ഈ മാസം 29ന് സിയാൽ കോൺഫറൻസ് ഹാളിൽ യോഗം ചേരും.