Connect with us

Ramzan

360 സന്ധികൾ; 360 ധർമങ്ങൾ

Published

|

Last Updated

360 സന്ധികളിലായാണ് മനുഷ്യനെ സൃഷ്ടിച്ചത്. അവയവ സന്ധികളുടെ കണക്കനുസരിച്ച് സത്കർമങ്ങൾ ചെയ്യണമെന്ന് ഇസ്‌ലാം പഠിപ്പിക്കുന്നു. അബൂഹുറൈറ (റ) റിപ്പോർട്ട് ചെയ്യുന്നു. നബി (സ) എന്നോട് പറഞ്ഞു: സൂര്യനുദിക്കുന്ന ഓരോ ദിവസവും മനുഷ്യൻ തന്റെ അവയവ സന്ധികളുടെ കണക്കനുസരിച്ച് ധർമം ചെയ്യണം.

രണ്ട് പേർക്കിടയിൽ നീതി പുലർത്തൽ ധർമമാണ്. ഒരാളെ തന്റെ വാഹനത്തിൽ കയറ്റാനോ ചരക്ക് കയറ്റി വെക്കാനോ സഹായിക്കുന്നതും ധർമമാണ്. 360 സത്കർമങ്ങൾ ഇങ്ങനെയാകണമെന്ന് പ്രത്യേകം നിഷ്്കർശിക്കുന്നില്ല. ഏത് രൂപത്തിലുമാകാമെന്ന് ഇസ്‌ലാം പഠിപ്പിക്കുന്നു. നമ്മൾ ചെയ്യുന്നത് ചെറിയ പ്രവർത്തനങ്ങളാണെങ്കിലും ലഭിക്കുന്നത് വലിയ പ്രതിഫലമാണ്. മറ്റുള്ളവർക്ക് ഗുണം ലഭിക്കുന്ന ഏത് പ്രവർത്തനത്തെയും ഇസ്‌ലാം പ്രോത്സാഹിപ്പിക്കുന്നു.

വഴിയിലെ തടസങ്ങൾ നീക്കുന്നത് പ്രതിഫലാർഹമാണ്. നബി (സ) പറഞ്ഞു: ആദമിന്റെ മക്കൾ 360 സന്ധികളിലായാണ് സൃഷ്ടിക്കപ്പെട്ടിട്ടുള്ളത്. ദിവസവും 360 തവണ അല്ലാഹുഅക്ബർ, അൽഹംദുലില്ലാഹ്, തഹ്‌ലീൽ, തസ്ബീഹ്, ഇസ്തിഗ്ഫാർ ചൊല്ലുക. വഴിയിലെ കല്ല് മുള്ള് തുടങ്ങിയ തടസങ്ങൾ നീക്കുക. നന്മ ഉപദേശിക്കുക, തിന്മ വിരോധിക്കുക തുടങ്ങിയ കാര്യങ്ങൾ ആരെങ്കിലും ചെയ്താൽ ആ ദിവസം മുഴുവൻ തന്റെ ദേഹത്തെ നരകത്തിൽ നിന്ന് രക്ഷപ്പെടുത്താൻ അവന് സാധിക്കും. ഇപ്പോൾ എല്ലായിടത്തും മഴക്കാല പൂർവശുചീകരണ പ്രവർത്തനങ്ങൾ നടന്നു കൊണ്ടിരിക്കയാണ്. പൊതുശുചീകരണ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവർക്ക് ലഭിക്കുന്ന മഹത്തായ പ്രതിഫലത്തെ ഈ ഹദീസ് ഓർമിപ്പിക്കുന്നു.

വഴിയിൽ തടസ്സങ്ങൾ സൃഷ്ടിക്കുന്നത് തിന്മയാണ്. വീട്ടിലെ മാലിന്യങ്ങൾ അവിടെ സംസ്‌കരിക്കുന്നതിനുള്ള മാർഗങ്ങൾ കണ്ടെത്തണം. ജൈവ മാലിന്യങ്ങളും അജൈവ മാലിന്യങ്ങളും വഴിയോരങ്ങളിൽ ഉപേക്ഷിച്ച് വഴിയാത്രക്കാർക്ക് തടസ്സം സൃഷ്ടിക്കുന്ന പ്രവണത വിശ്വാസിക്ക് യോജിച്ചതല്ല.

അതുപോലെ നിസ്‌കാര ശേഷം ചൊല്ലാൻ വേണ്ടി നിർദേശിച്ച സുബ്ഹാനല്ലാഹ്, അൽഹംദുലില്ലാഹ്, അല്ലാഹു അക്ബർ എന്ന ദിക്‌റുകളുടെ പ്രധാന്യാവും ഈ ഹദീസ് നമ്മെ പഠിപ്പിക്കുന്നു.

മറ്റൊരു ഹദീസിൽ കാണാം ഈമാനിന് 70ൽ പരം ശാഖകളുണ്ട്. അതിൽ ഏറ്റവും ഉന്നതിയിലുള്ളത് ലാഇലാഹ ഇല്ലല്ലാഹ് എന്നും ഏറ്റവും താഴെയുള്ളത് വഴിയിലെ തടസ്സങ്ങൾ നീക്കുന്നതുമാണ്. വിശ്വാസികൾ നന്മയിലേക്ക് കൂടുതൽ അടുത്തു കൊണ്ടിരിക്കണം. ദുഷ് വൃത്തികളിൽ നിന്നകന്ന് നിൽക്കണം. അതിനായിരിക്കട്ടേ ഈ റമസാൻ നമുക്ക് പ്രചോദനമാകേണ്ടത്.

അനസ് സഖാഫി ക്ലാരി

സബ് എഡിറ്റർ, സിറാജ്

---- facebook comment plugin here -----

Latest