കള്ളൻ

കഥ
Posted on: May 12, 2019 1:26 pm | Last updated: May 13, 2019 at 1:32 pm

സാാർ, ഞാൻ തെറ്റൊന്നും ചെയ്തില്ല. സാറെങ്കിലും എന്നെ വിശ്വസിക്കൂ… ആൾക്കൂട്ടത്തിനിടയിൽ എന്നെ കണ്ട മാത്രയിൽ ദയനീയമായൊരു നോട്ടമയച്ച് പതിഞ്ഞ സ്വരത്തിലാണവൻ അത് പറഞ്ഞൊപ്പിച്ചത്. ഹൈസ്‌കൂൾ വിഭാഗം മലയാളം അധ്യാപകനായ സുകുമാരൻ എന്ന ഞാൻ അസ്വസ്ഥതയോടെ നെറ്റിയിൽ ഊറിക്കൂടിയ വിയർപ്പുതുള്ളികൾ കർച്ചീഫ് കൊണ്ട് ഒപ്പിയെടുത്ത് നാവനക്കാതെ നിന്നു. തലക്ക് മുകളിൽ സൂര്യൻ തീഗോളമായി കത്തുന്നുണ്ട്.

ഇവൻ തന്നെയാ കട്ടത്… ആൾക്കൂട്ടത്തിനിടയിൽ നിന്ന് ഒരു വിരൽ നീണ്ട് അവന് നേരെ ആക്രോശിച്ചു. ഞാനല്ല… ഞാനല്ല.. അവന്റെ ശബ്ദം ഉച്ചത്തിലായി.
പതിനാല് വയസ്സുള്ള കൊച്ചു പയ്യനാണ് ജനാരവത്തിന് നടുവിൽ കണ്ണീരും വിയർപ്പും കൊണ്ട് നനഞ്ഞ് കുതിർന്ന് നിൽക്കുന്നത്. കട്ടതാണെങ്കിൽ സമ്മതിച്ചേക്ക് ചെറുക്കാ, സമയം വൈകുന്നു… സ്ത്രീ ശബ്ദമാണ്. ധൃതിയുണ്ടാകും. ജോലിത്തിരക്കാവാം.
ഞാനല്ല, ഞാനല്ല കട്ടത്… മുഷിഞ്ഞ ഷർട്ടിന്റെ പിഞ്ഞിയ കോളറ് കൊണ്ട് കണ്ണീർ തുടച്ച് അവൻ വിങ്ങിക്കരഞ്ഞു.

മലവെള്ളപ്പാച്ചിൽ പോലെ ആളുകൾ ഒഴുകിയെത്തുന്നുണ്ട്. നീട്ടിപ്പിടിച്ച ഫോണിൽ ദൃശ്യം പകർത്തുന്നതിനുള്ള തിരക്ക്. ക്ലോസ് അപ് പടങ്ങൾക്കായി ആൾക്കാരുടെ ഉന്തും തള്ളും ശക്തമാകുന്നുണ്ട്. കൗതുകമുള്ള കാഴ്ച കണക്കെ കുട്ടികൾ, വൃദ്ധർ, സ്ത്രീകൾ.. ഒരു വലിയ ജനസമക്ഷത്തിന് നടുക്ക് കണ്ണുകൾ കാൽപ്പാദത്തിലൂന്നിയാണവന്റെ നിൽപ്പ്. കണ്ണീർ ധാരധാരയായി ഒഴുകി പാദം നനക്കുന്നുണ്ട്.

ദയയുള്ള ഒരു നോട്ടത്തിനെങ്കിലും ദാഹിച്ച് അവന്റെ കണ്ണുകൾ ആൾക്കൂട്ടത്തിൽ പരതി. അവ എന്നിലുടക്കുകയും ദയനീയ ഭാവം സ്ഫുരിച്ച് എന്നോടെന്തോ യാചിക്കുകയും ചെയ്തു.

മര്യാദക്കെന്റെ കാശെടുക്ക്, കട്ടിട്ട് നിന്ന് മോങ്ങുന്നോ? വേട്ടക്കിറങ്ങിയ മൃഗം കണക്കെ ഉശിരുള്ള ഒരു യുവാവ് എന്തിനോ തയ്യാറെടുത്തിട്ടെന്ന പോലെ മുന്നോട്ടാഞ്ഞു.

ഞാനൊന്നും കട്ടില്ല.. എന്നെ വിശ്വസിക്കണം.. അപേക്ഷയാണ്. ചുവന്ന് വീർത്ത മുഖത്തിന്റെ ഭാവം നിഷ്‌കളങ്കത തന്നെയാണ്.
ഇവന്മാരെ പോലുള്ളതിനെ ഒന്നും വിശ്വസിക്കാൻ കൊള്ളത്തില്ല. നാക്കെടുത്താൽ നുണയേ പറയൂ..

വാക്ശരങ്ങൾ ഒന്നിന് പിറകെ ഒന്നായി അവന് നേരെ ചീറിയടുക്കുന്നുണ്ട്. അവ നെഞ്ചിൽ ആഴ്ന്നിറങ്ങുന്നുണ്ടെന്നും അവന്റെ കണ്ണീരിനപ്പോൾ സൂര്യനോളം പൊള്ളുന്ന ചൂടുണ്ടെന്നും ഞാനൂഹിച്ചു.
പോലീസിൽ വിവരമറിയിക്കൂ. നിയമം വഴി കാര്യങ്ങൾ നീങ്ങട്ടെ.’
പോലീസൊന്നും വേണോന്നില്ല. കുനിച്ച് നിർത്തി മുതുകിന് നാല് കൊടുത്താൽ ഇവനൊക്കെ സത്യം പറയും.’

രാവും പകലുമില്ലാതെ ബസായ ബസൊക്കെ കയറിയിറങ്ങി നന്നായി അധ്വാനിക്കുന്നുണ്ടല്ലാ.. കിട്ടുന്നത് പോരേ ചെക്കാ, കക്കാനും നിക്കണോ. അഭിപ്രായങ്ങൾ പലതാണ്. അവ അട്ടഹാസങ്ങളായും അട്ടഹാസങ്ങൾ അസഭ്യങ്ങളായും മാറുന്നുണ്ട്.

ശരിയാണ്. അവനൊരു തികഞ്ഞ അധ്വാനിയാണ്. പതിനാല് വയസ്സിന്റെ അപക്വതയിലും രാവിനെ വെല്ലി ബസുകളിൽ നിന്ന് ബസുകളിലേക്കും സ്റ്റാൻഡിലെ തിരക്കുകളിലേക്കും ഒരു തീനാളം കണക്കെ ദ്രുതഗതിയിൽ അവൻ സഞ്ചരിക്കുന്നത് പലപ്പോഴും എന്റെ ശ്രദ്ധയെ ആകർഷിച്ചിട്ടുണ്ട്. കൈയിൽ കരുതിയ പ്ലാസ്റ്റിക് ചരുവത്തിലെ പേനയിലും ഇഞ്ചി മിഠായിയിലും ബാല പുസ്തകത്തിലുമാണ് അവൻ അന്നം തേടുന്നതെന്നത് എന്നെ സംബന്ധിച്ചിടത്തോളം അത്ഭുത കാഴ്ചയായിരുന്നു.
ആവശ്യമില്ലെങ്കിൽ കൂടി അവനിൽ നിന്ന് പേനയും മിഠായിയും വാങ്ങി ഏതാനും നാണയത്തുട്ടുകൾ നീട്ടുമ്പോൾ എന്റെ ഉള്ളം സന്തോഷിച്ചിട്ടുണ്ട്. നിറഞ്ഞ സംതൃപ്തിയോടെ അത് വാങ്ങുമ്പോൾ ആയിരം പൂർണചന്ദ്രന്മാരുടെ തിളക്കം അവന്റെ മുഖത്ത് മിന്നിമറയുന്നത് ഞാൻ കണ്ടറിഞ്ഞിട്ടുണ്ട്. പേന കൊണ്ട് പൊരുതി നേടേണ്ട പ്രായത്തിൽ അവൻ പേന വിറ്റ് അന്നം തേടുന്ന കാഴ്ച കണ്ട് എന്റെ ഉള്ളം പിടച്ചിട്ടുണ്ട്. ഒരിക്കൽ ഉള്ളിൽ ഊറിയ ചിന്തകളെ ഒരൊറ്റ ചോദ്യം കൊണ്ട് ഞാൻ പുറത്തേക്ക് തള്ളി.

മോൻ സ്‌കൂളിൽ പോണില്ലേ..?! മറുപടി ഒരു ചിരിയായിരുന്നു; അതിലെന്തൊക്കെയോ ഉള്ളടങ്ങിയിരുന്നു. സ്‌കൂളിൽ പോയാൽ വീട് പട്ടിണിയാകും. പിന്നെ സ്‌കൂൾ ചെലവ് വേറെയും. വീട്ടിൽ അമ്മ മാത്രേ ള്ളൂ.. തളർവാതം വന്ന് കിടപ്പിലാ…

വീട്ടിലെ പ്രാരാബ്ധങ്ങളുടെ കെട്ടഴിച്ച് ഒരോന്നായി നിവർത്തിത്തുടങ്ങിയപ്പോൾ എന്റെ മനസ്സിന്റെ കോണിലെവിടെയോ വേദന മുള പൊട്ടി.

പിന്നീടങ്ങോട്ടുള്ള ദിനങ്ങൾ ഞാനവനെ കൂടുതൽ അറിഞ്ഞു. ഒരിക്കൽ എന്റെ പോക്കറ്റിൽ നിന്ന് ഞാനറിയാതെ ഉതിർന്ന് വീണ ഗാന്ധിയുടെ പുഞ്ചിരിയുള്ള അഞ്ഞൂറിന്റെ നോട്ട് എന്റെ കൈയിൽ വെച്ച് തന്നിട്ട് അവൻ പറഞ്ഞു- ഇല്ലായ്മയാണ് സാർ ഏറ്റവും വലിയ വേദന, കാശിന്റെ കാര്യത്തിലാകുമ്പോൾ പ്രത്യേകിച്ചും. പ്രായത്തേക്കാൾ കവിഞ്ഞ പക്വതയുള്ള അവന്റെ വാക്കുകൾ എന്ന ചിന്തിപ്പിക്കുകയും അത്ഭുതപ്പെടുത്തുകയും ചെയ്തു.

ആ അവനാണിന്ന് ആൾക്കൂട്ടത്തിന്റെ ശകാരം ഏറ്റുവാങ്ങുന്നത്, രക്ഷിക്കണമെന്ന് അപേക്ഷിക്കുന്നത്. എന്ത് ചെയ്യണമെന്നറിയാതെ ഞാനും കുഴങ്ങി. ഒരു വലിയ ജനക്കൂട്ടം മുഴുവനും കുറ്റവാളിയായി അവനെ മുദ്ര കുത്തിയിരിക്കുന്നു. എന്ത് തെളിവിന്റെ അടിസ്ഥാനത്തിലാണ് എനിക്കവനെ രക്ഷിക്കാനാകുക. ചിന്തകൾ വരിഞ്ഞുമുറുക്കാൻ തുടങ്ങിയപ്പോൾ ഞാൻ മുന്നോട്ട് നീങ്ങി. അവന് അഭിമുഖമായി നിന്നു. എന്റെ സമീപനം അവന്റെ കണ്ണുകളിൽ ആശ്വാസത്തിന്റെ തിളക്കം സൃഷ്ടിച്ചു.

സാർ, രക്ഷിക്കണം സാർ.., ഞാനൊന്നും മോഷ്ടിച്ചില്ല.. എനിക്കതിന് കഴിയില്ല. സാറിന് എന്നെ അറിയില്ലേ- ഗദ്ഗദം പൂണ്ട് വാക്കുകൾ വേച്ചുവേച്ചു പോകുന്നുണ്ട്.
കുഞ്ഞേ നിന്റെ നിരപരാധിത്വം എങ്ങനെയാണ് തെളിയിക്കേണ്ടതെന്നറിഞ്ഞുകൂടാ… ദൈവം നിന്നെ രക്ഷിക്കട്ടെ.

അവന്റെ മുഷിഞ്ഞ തോളിൽ സ്പർശിച്ച് അത് പറയുമ്പോൾ എനിക്ക് എന്നോട് തന്നെ പുച്ഛം തോന്നി. സമയം പത്തരയോടടുത്തിരിക്കുന്നു. എനിക്ക് പോകാനുള്ള ബസ് ഉച്ചത്തിൽ ശബ്ദിച്ച് തയ്യാറെടുത്തിരിക്കുന്നു. ഇനിയും വൈകിയാലുള്ള ഫലങ്ങളോർത്ത് ഞാൻ ധൃതിയിൽ പിന്തിരിഞ്ഞ് നടന്നു. ബസിലെ സൈഡ് സീറ്റിൽ അമർന്നിരുന്ന് പുറത്തേക്ക് നോക്കി. ആളുകൾ ശപിച്ചും പുച്ഛിച്ചും കളിയാക്കിച്ചിരിച്ചും പിരിഞ്ഞ് പോകുന്നു. ഉരുകി ഒലിച്ചുള്ള അവന്റെ നിൽപ്പ് എന്നിൽ അസ്വസ്ഥത സൃഷ്ടിച്ചു. ബസ് നീങ്ങി കാഴ്ച മറയുമ്പോഴും ഒരു പ്രതിമ കണക്കെ അവൻ ഒരേ നിൽപ്പായിരുന്നു.

ക്ലാസിൽ കുട്ടികൾക്ക് മുമ്പിൽ കെ എം മാത്യുവിന്റെ പാപത്തിന്റെ ശമ്പളത്തിലെ അനാഥ കുഞ്ഞിന്റെ ദയനീയാവസ്ഥ അവതരിപ്പിക്കുമ്പോഴും എന്റെ മനസ്സിനെ പതിനാല് വയസ്സുകാരനും അവന്റെ യാചിക്കുന്ന കണ്ണുകളും വേട്ടയാടി. ക്ലാസിലെ ഓരോ കുട്ടിയിലും അവൻ പ്രത്യക്ഷപ്പെടുകയും രക്ഷിക്കണമെന്ന് അപേക്ഷിക്കുകയും ചെയ്യുന്നത് പോലെ.

വൈകിട്ട് മടങ്ങുമ്പോൾ അവനെ കാണണമെന്നും ആശ്വസിപ്പിക്കണമെന്നും സത്യത്തിന്റെ ചുരുളഴിക്കണമെന്നും ഞാൻ ആഗ്രഹിക്കുകയും മനസ്സിലിട്ട് ഉരുട്ടുകയും ചെയ്തു. സൂര്യൻ അസ്തമയത്തിനായി തിടുക്കം കൂട്ടുമ്പോൾ ബസ് സ്റ്റാൻഡിൽ എന്റെ കണ്ണുകൾ അവനെ പരതി. സ്റ്റാൻഡിലേക്ക് തിരിയുന്ന റോഡിനോട് ചേർന്ന ഒരു വലിയ ആൾക്കൂട്ടം എന്നിൽ വീണ്ടും ഭീതിയുടെ വിറയലുണ്ടാക്കി. മൊബൈൽ ക്യാമറകളെ വകഞ്ഞ് മാറ്റി നൂഴ്ന്ന് വലിഞ്ഞ് മുന്നോട്ട് ചെന്നു. റോഡിന് നടുക്ക് ആരോ മരണത്തോട് മല്ലിടുന്നുണ്ട്. ചുറ്റും തളം കെട്ടിയ രക്തത്തിൽ ചിതറിക്കിടക്കുന്ന ഇഞ്ചി മിഠായികൾ, പേനകൾ, കഥാപുസ്തകങ്ങൾ. വീണ്ടും എന്നിൽ ഒരു ഉൾക്കിടിലമുണ്ടായി. കാൽപ്പാദങ്ങളിൽ നിന്ന് ഒരു തരിപ്പ് നെറുകയിലേക്ക് അരിച്ചു കയറി.

ജീവനുണ്ട്- ആരോ പറഞ്ഞു.

സഹായത്തിനായി നീളുന്ന കൈകളെ കണ്ടില്ല. അല്ലെങ്കിലും ഒരു തെരുവ് പയ്യന് വേണ്ടി ആര് ത്യാഗം ചെയ്യാനാണ്? പെട്ടെന്നുണ്ടായ സ്വബോധത്തിൽ എന്റെ പാദങ്ങൾ മുന്നോട്ട് ചലിച്ചു. തളം കെട്ടിയ രക്തത്തിൽ മുട്ടുകുത്തി അവന്റെ ശിരസുയർത്തിയപ്പോൾ വിറങ്ങലിച്ച ചുണ്ടുകൾ ചലിച്ചു. എന്തോ പറയാൻ അവ തീക്ഷ്ണമായി ആഗ്രഹിക്കുന്നുണ്ടെന്ന് എനിക്ക് തോന്നി. തികട്ടി വന്ന ജിജ്ഞാസയോടെ ഞാനവനെ നോക്കി. സാർ.., ഞാനൊന്നും കട്ടില്ല സാർ.., ഞാൻ …, ഞാൻ കള്ളനല്ല സാർ… ഞാൻ കള്ളനല്ല.. ഞാൻ… കള്ളനല്ല… കള്ള.. വാക്കുകൾ മുഴുമിക്കുന്നതിന് മുമ്പേ കണ്ണ് തുറിച്ച്, രക്തം ഛർദിച്ച് പിടഞ്ഞ് അവൻ നിശ്ചലനായി.

രാവിലെ തുടങ്ങിയ ഏനക്കേടാ ചെക്കന്.. കട്ടില്ലെന്നും കള്ളനല്ലെന്നും പറഞ്ഞ് കരച്ചില് തന്ന്യാര്ന്നു. ശ്രദ്ധയില്ലാണ്ടെ റോഡ് മുറിഞ്ഞതാവും. ബസ് തെറിച്ചിട്ടതാ. എന്തായാലും തീർന്നു. കൂടി നിന്നവരിൽ ആരോ പറഞ്ഞു.

ഇതൊരു സ്വപ്‌നമാകണമേ, സ്വപ്‌നത്തിൽ നിന്ന് പെട്ടെന്ന് എന്നെ ഉണർത്തണമേ എന്ന് വെറുതെയെങ്കിലും ഞാനപ്പോൾ ആഗ്രഹിച്ചു. ഹൃദയത്തിൽ കുറ്റബോധത്തിന്റെ തിര ആഞ്ഞടിച്ചപ്പോൾ കണ്ണുകൾ ഇറുകെ അടച്ച് ആ ഇളംശരീരം നെഞ്ചോട് ചേർത്ത് ഒന്ന് പൊട്ടിക്കരയാൻ പോലുമാകാതെ ഞാൻ തളർന്നിരുന്നു.

ശംസീന സിദ്ദീഖ് പുത്തനത്താണി • [email protected]