Connect with us

Ongoing News

കോടികളുടെ ഹീരാ തട്ടിപ്പ്; അന്വേഷണത്തിന് പ്രത്യേക ക്രൈം ബ്രാഞ്ച് സംഘം

Published

|

Last Updated

കോഴിക്കോട്: പലിശരഹിത ബിസിനസിന്റെ പേരിൽ ഹൈദരാബാദ് ആസ്ഥാനമായുള്ള ഹീരാ ഗ്രൂപ്പ് നടത്തിയ കോടികളുടെ തട്ടിപ്പിനെ കുറിച്ചന്വേഷിക്കാൻ ക്രൈം ബ്രാഞ്ചിൽ പ്രത്യേക സംഘം രൂപവത്കരിക്കുന്നു. ഇത് സംബന്ധിച്ച് ക്രൈം ബ്രാഞ്ച് ഡി വൈ എസ് പി ബിനോയ്, ക്രൈം ബ്രാഞ്ച് എ ഡി ജി പി (ക്രൈം)ക്ക് കത്തയച്ചു. ഒരു എസ് പി, സി ഐ, നേരത്തെ കേസന്വേഷിച്ച ചെമ്മങ്ങാട് പോലീസിലെ രണ്ട് ഉദ്യോഗസ്ഥർ, രണ്ട് കമ്പ്യൂട്ടർ വിദഗ്ധർ എന്നിവർ ഉൾപ്പെടെ പത്തംഗ അന്വേഷണ സംഘം രൂപവത്കരിക്കണമെന്നാണ് ഡി വൈ എസ് പി, ക്രൈം ബ്രാഞ്ച് എസ് പി രാജീവ് മുഖേന ശിപാർശ ചെയ്തിരിക്കുന്നത്. ചെമ്മങ്ങാട് പോലീസിൽ നിന്ന് മൂന്നാഴ്ച മുമ്പാണ് ക്രൈം ബ്രാഞ്ച് കേസ് ഏറ്റെടുത്തത്. ഇത് സംബന്ധിച്ച മുഴുവൻ ഫയലുകളും പോലീസ് ക്രൈം ബ്രാഞ്ചിന് കൈമാറിയിട്ടുണ്ട്.
ഹൈദരാബാദ്, മുംബൈ എന്നിവിടങ്ങളിൽ പോയി കേസന്വേഷണം നടത്തേണ്ടതിനാൽ വിപുലമായ അന്വേഷണ സംഘം വേണമെന്നാണ് ഡി വൈ എസ് പി ചൂണ്ടിക്കാട്ടിയിരിക്കുന്നത്. സ്ഥാപനത്തിന്റെ രജിസ്‌ട്രേഷൻ, കേരളത്തിൽ നിന്ന് നിക്ഷേപിച്ച പണം എങ്ങോട്ട് പോയി തുടങ്ങിയവ ഉൾപ്പെടെ കേസന്വേഷണവുമായി ബന്ധപ്പെട്ട 20 കാര്യങ്ങളാണ് ഡി വൈ എസ് പി, എ ഡി ജി പിക്ക് അയച്ച കത്തിൽ ചൂണ്ടിക്കാട്ടിയിരിക്കുന്നത്. വിവിധ സംസ്ഥാനങ്ങളിൽ തിരഞ്ഞെടുപ്പ് നടക്കുന്നതിനാൽ കേരളത്തിന് പുറത്തു പോയി അന്വേഷണം നടത്താൻ ക്രൈം ബ്രാഞ്ചിന് കഴിഞ്ഞിട്ടില്ല. ഇതിന് പുറമേ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കേരളത്തിൽ വി വി ഐ പി സന്ദർശനങ്ങൾക്കുള്ള ക്രമീകരണങ്ങൾ നടത്തേണ്ടതിനാലും ഉദ്യോഗസ്ഥരെ വിട്ടുനൽകാൻ കഴിഞ്ഞില്ലെന്നാണ് ക്രൈം ബ്രാഞ്ച് പറയുന്നത്. ഇനി തിരഞ്ഞെടുപ്പ് ഫലം വന്ന ശേഷം ഇക്കാര്യത്തിൽ കൂടുതൽ ജാഗ്രതയോടെ മുന്നോട്ട് പോകാനാണ് ക്രൈം ബ്രാഞ്ച് നീക്കം. അതോടൊപ്പം പുതിയ അന്വേഷണ സംഘവും നിലവിൽ വരാനാണ് സാധ്യത.
തട്ടിപ്പുമായി ബന്ധപ്പെട്ട് ഒരു കേസ് മാത്രമേ ഇത് വരെ രജിസ്റ്റർ ചെയ്തിട്ടുള്ളൂ. തട്ടിപ്പിനിരയായ മറ്റൊരാൾ കൂടി കോടതി മുഖേന പുതിയ കേസ് രജിസ്റ്റർ ചെയ്യാൻ ശ്രമിച്ചിരുന്നെങ്കിലും കേസ് ക്രൈം ബ്രാഞ്ചിന് കൈമാറുകയാണെന്ന് പോലീസ് അറിയിച്ചതിനാൽ നടന്നില്ല. നൂറൂകണക്കിന് പേർ തട്ടിപ്പിനിരയായതിനാൽ ഒറ്റക്കേസായി മുമ്പോട്ട് പോകാൻ കഴിയില്ലെന്നാണ് ക്രൈം ബ്രാഞ്ച് നിലപാട്.

അങ്ങനെയെങ്കിൽ കൂടുതൽ പേരെ കൊണ്ട് കേസ് കൊടുപ്പിക്കുന്നതിലേക്ക് ക്രൈം ബ്രാഞ്ച് എത്താനാണ് സാധ്യത. നിലവിൽ കേരളത്തിലുള്ള കേസിൽ കമ്പനി സി ഇ ഒ. ഡോ. ആലിമ നുഹൂറ ശൈഖ് ജാമ്യത്തിലിറങ്ങിയിട്ടുണ്ട്. ഒറ്റക്കേസായതിനാലാണ് അവർക്ക് പെട്ടെന്ന് ജാമ്യം ലഭിച്ചത്. എന്നാൽ കൂടുതൽ പേർ കേസുമായി രംഗത്ത് വരുന്നതോടെ അവർക്ക് വിവിധ കേസുകളിൽ നിയമനടപടിയുമായി മുന്നോട്ട് പോകേണ്ടതായി വരും. കൂടുതൽ പേർ കേസ് രജിസ്റ്റർ ചെയ്യുന്നത് അന്വേഷണം സുഗമമാക്കുമെന്നും ക്രൈം ബ്രാഞ്ച് കണക്ക് കൂട്ടുന്നു. നിലവിൽ തട്ടിപ്പിനിരയായ 110 ഓളം പേരുടെ മൊഴിയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ക്രൈം ബ്രാഞ്ച് കേസ് ഏറ്റെടുത്ത ശേഷവും കാര്യമായ പുരോഗതി ഉണ്ടായിട്ടില്ലെന്ന ആരോപണം ശക്തിപ്പെടുന്നതിനിടയിലാണ് അന്വേഷണത്തിന് ക്രൈം ബ്രാഞ്ച് പ്രത്യേക സംഘം രൂപവത്കരിക്കാൻ നീക്കം നടത്തുന്നത്. തട്ടിപ്പ് പണത്തിന്റെ തോത് കോടികളായതിനാലും വിവിധ സംസ്ഥാനങ്ങളുമായി ബന്ധമുള്ളതിനാലുമാണ് കേസ് ക്രൈം ബ്രാഞ്ചിന് കൈമാറിയത്‌
ഹൈദരാബാദ് സ്വദേശിനിയായ ഡോ. ആലിമ നുഹൂറ ശൈഖ് ജയിലിലായതിനാലും അവർ പുറത്തിറങ്ങിയ ശേഷം കോടതിക്ക് പുറത്ത് പണം വാങ്ങി ഒത്തുതീർപ്പിന് പല നിക്ഷേപകരും കാത്തിരിക്കുന്നതിനാലുമാണ് ഇപ്പോൾ കൂടുതൽ പരാതിക്കാർ രംഗത്ത് വരാത്തതെന്ന് ക്രൈം ബ്രാഞ്ച് കരുതുന്നത്. അഞ്ഞൂറോളം പേരെങ്കിലും ഇത്തരത്തിൽ തട്ടിപ്പിനിരയായിട്ടുണ്ടെന്നാണ് ക്രൈം ബ്രാഞ്ച് അന്വേഷണ ഉദ്യോഗസ്ഥർ കരുതുന്നത്.

നേരത്തെ കേരളത്തിലെ കേസിൽ ആലിമ നുഹൂറ ശൈഖിനെ വിട്ടുകിട്ടാൻ ചെമ്മങ്ങാട് പോലീസ് വാറണ്ടുമായി മുംബൈ പോലീസിനെ സമീപിച്ചെങ്കിലും അവർ മുൻകൂർ ജാമ്യം നേടിയതിനാൽ കഴിഞ്ഞിരുന്നില്ല. എന്നാൽ അവരെ വിട്ടുകിട്ടുന്നതിനാവശ്യമായ നിയമവഴികൾക്ക് ക്രൈം ബ്രാഞ്ച് ആലോചിക്കുന്നുണ്ട്. ഹൈദരാബാദ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഹീര ഗ്രൂപ്പ് ഓഫ് കമ്പനി ഇസ്‌ലാമിക് ഹലാൽ നിക്ഷേപം എന്ന പേരിലാണ് കേരളത്തിൽ നിന്നുൾപ്പെടെ നിക്ഷേപകരിൽ നിന്ന് പണം വാങ്ങിയത്. പലിശരഹിത ലോകത്തിലേക്ക് എന്ന മുദ്രാവാക്യവുമായാണ് ഹീരാ ഗ്രൂപ്പ് ഉപഭോക്താക്കളെ നിക്ഷേപത്തിന് പ്രേരിപ്പിച്ചത്.

 

ഇടനിലക്കാരനെ അന്വേഷണ
പരിധിയിൽ ഉൾപ്പെടുത്താൻ നീക്കം
കോഴിക്കോട്: ഹീര കമ്പനിക്ക് ഇടനിലക്കാരനായി പ്രവർത്തിച്ച ഏജന്റ്സുലൈമാനെ അന്വേഷണ പരിധിയിൽ ഉൾപ്പെടുത്താൻ ക്രൈം ബ്രാഞ്ച് നീക്കം. ക്രൈം ബ്രാഞ്ച് മൊഴി രേഖപ്പെടുത്തുമ്പോൾ തട്ടിപ്പിനിരയായ ഭൂരിപക്ഷം പേരും സുലൈമാനെ കുറിച്ച് മൊഴി നൽകിയിട്ടുണ്ട്. മൂന്ന് പതിറ്റാണ്ടിലേറെയായി കോഴിക്കോട്ട് ബിസിനസ് നടത്തുന്ന സുലൈമാനാണ് കമ്പനിയുടെ ഔദ്യോഗിക ഇടനിലക്കാരനായി പ്രവർത്തിച്ചതെന്ന് തട്ടിപ്പിനിരയായവർ പറഞ്ഞു.

ഈ സാഹചര്യത്തിൽ സുലൈമാനെ കൂടി അന്വേഷണ പരിധിയിൽ കൊണ്ടുവരാനാണ് ശ്രമം. സുലൈമാന്റെ സഹ ഇടനിലക്കാരും ഇടപാടിന് പിന്നിൽ പ്രവർത്തിച്ചതായാണ് വിവരം. സുലൈമാന്റെ കീഴിലാണ് ഇവർ പലരിൽ നിന്നായി പണം സ്വരൂപിച്ചതെന്നാണ് കരുതുന്നത്. വലിയ തുകയായി ഇവർക്ക് സുലൈമാൻ കമ്മീഷൻ നൽകിയിരുന്നെന്നും സൂചനയുണ്ട്. പോലീസ് കേസ് രജിസ്റ്റർ ചെയ്തപ്പോഴും സുലൈമാൻ കോഴിക്കോട്ട് ബിസിനസ് നടത്തുന്നതായി തട്ടിപ്പിനിരയായവർ ക്രൈം ബ്രാഞ്ചിനെ അറിയിച്ചിട്ടുണ്ട്.

ബ്യൂറോ ചീഫ്, സിറാജ്, കോഴിക്കോട്