ശുദ്ധജലത്തില്‍ പ്രവര്‍ത്തിക്കുന്ന പ്രകൃതി സൗഹൃദ എന്‍ജിന്‍ വികസിപ്പിച്ച് കോയമ്പത്തൂര്‍ സ്വദേശി

Posted on: May 11, 2019 5:38 pm | Last updated: May 11, 2019 at 8:36 pm

കോയമ്പത്തൂര്‍: വെള്ളം ഉപയോഗിച്ച് പ്രവര്‍ത്തിപ്പിക്കാന്‍ സാധിക്കുന്ന എന്‍ജിന്‍ വികസിപ്പിച്ചുവെന്ന അവകാശവാദവുമായി കോയമ്പത്തൂര്‍ സ്വദേശി. മെക്കാനിക്കല്‍ എന്‍ജിനീയറായ എസ് കുമാരസ്വാമിയാണ് പരിസ്ഥിതി സൗഹൃദ എന്‍ജിന്‍ വികസിപ്പിച്ചത്. എന്‍ജിന്‍ അവതരിപ്പിക്കാന്‍ ഇന്ത്യയില്‍ നിന്ന് അനുകൂല പ്രതികരണം ലഭിക്കാത്തതിനാല്‍ ജപ്പാനില്‍ എന്‍ജിന്‍ അവതരിപ്പിക്കാനുള്ള ഒരുക്കത്തിലാണ് ഇയാള്‍. ജപ്പാന്‍ എന്‍ജിന്‍ അവതരിപ്പിക്കാന്‍ അനുമതി നല്‍കിയതായി കുമാരസ്വാമി മാധ്യമങ്ങളോട് പറഞ്ഞു.

പത്ത് വര്‍ഷത്തെ പ്രവര്‍ത്തനഫലമായാണ് എന്‍ജിന്‍ വികസിപ്പിച്ചത്. ശുദ്ധജലം ഉപയോഗിച്ചാണ് ഇതിന്റെ പ്രവര്‍ത്തനം. ശുദ്ധജലത്തെ വിഘടിപ്പിക്കുമ്പോള്‍ ലഭിക്കുന്ന ഹൈഡ്രജനാണ് എന്‍ജിന്‍ പ്രവര്‍ത്തിക്കാന്‍ ആവശ്യമായ ഊര്‍ജം നല്‍കുക. ഓക്‌സിജന്‍ പുറംതള്ളുകയും ചെയ്യും.

ഇന്ത്യയില്‍ അധികം വൈകാതെ തന്നെ എന്‍ജിന്‍ അവതരിപ്പിക്കാന്‍ സാധിക്കുമെന്നാണ് കരുതുന്നതെന്നും ഇന്ത്യയില്‍ അവതരിപ്പിക്കുക എന്നത് തന്റെ സ്വപ്‌നമാണെന്നും കുമാരസ്വാമി പറയുന്നു.