Connect with us

Thiruvananthapuram

ചികിത്സ ലഭിച്ചത് 1,216 പേർക്ക് കുരുന്നുകളുടെ ഹൃദയം തൊട്ട് ഹൃദ്യം പദ്ധതി

Published

|

Last Updated

തിരുവനന്തപുരം: പിഞ്ചുകുഞ്ഞുങ്ങളുടെ ഹൃദയം തൊട്ട് സംസ്ഥാന സർക്കാറിന്റെ ഹൃദ്യം പദ്ധതി. കഴിഞ്ഞ രണ്ട് വർഷത്തിനിടെ 1,216 കുരുന്നുകൾക്കാണ് പദ്ധതിയിലുൾപ്പെടുത്തി സൗജന്യ ചികിത്സ ലഭ്യമാക്കിയത്. നവജാത ശിശുക്കൾ മുതൽ 18 വയസ്സ് വരെയുള്ള കുട്ടികളുടെ ഹൃദയ സംബന്ധമായ രോഗത്തിന് ശസ്ത്രക്രിയ ഉൾപ്പെടെയുള്ള ചികിത്സക്ക് മുഴുവൻ തുകയും സർക്കാർ തന്നെ വഹിക്കുന്ന പദ്ധതിക്കായി പ്രതിവർഷം 25 കോടി രൂപയാണ് ചെലവഴിക്കുന്നത്. ഈ വർഷം മാത്രം 1,070 കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്.

ചികിത്സ ആവശ്യമുള്ള കുട്ടികളുടെ പേര് രജിസ്റ്റർ ചെയ്ത് കഴിഞ്ഞാൽ ചികിത്സ മുഴുവൻ സർക്കാർ ഏറ്റെടുക്കുന്ന പദ്ധതി 2017 സെപ്തംബറിലാണ് ആരംഭിച്ചത്. രാജ്യത്ത് ആദ്യമായാണ് വെബ് രജിസ്‌ട്രേഷനുപയോഗിച്ച് സൗജന്യ ഹൃദയ ശസ്ത്രക്രിയ സംവിധാനം ചെയ്തിരിക്കുന്നത്. ദേശീയതലത്തിൽ തന്നെ കേരളത്തെ ശ്രദ്ധേയമാക്കിയ പദ്ധതിയാണിത്. ചികിത്സ എവിടെയായാലും സർക്കാർ പണം അടക്കുമെന്നത് രോഗികളുടെ ബന്ധുക്കൾക്ക് ഏറെ പ്രയോജനകരമാണ്.

Also read: നവജാത ശിശുവിന് അടിയന്തര ചികിത്സയൊരുക്കി ആരോഗ്യ മന്ത്രിക്ക് സോഷ്യൽ മീഡിയയുടെ കൈയടി

സംസ്ഥാനത്ത് പ്രതിവർഷം രണ്ടായിരത്തോളം കുട്ടികൾ ഹൃദയ സംബന്ധമായ അസുഖവുമായി ജനിക്കുന്നുവെന്നാണ് കണക്ക്. ഇവരുടെ ചികിത്സാ ചെലവ് മിക്ക കുടുംബങ്ങൾക്കും വഹിക്കാനാകുന്നില്ലെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് പദ്ധതി നടപ്പാക്കുന്നതിന് കാരണമായത്. നിലവിൽ സംസ്ഥാനത്ത് സ്വകാര്യ ആശുപത്രികളിലടക്കം ഏഴിടങ്ങളിൽ മാത്രമാണ് ഹൃദയ ശസ്ത്രക്രിയാ സംവിധാനമുള്ളത്. ഇവിടങ്ങളിൽ പ്രതിദിനം 11 ശസ്ത്രക്രിയയേ സാധ്യമാകൂ. ഇത് പരിഗണിച്ചാണ് രജിസ്‌ട്രേഷൻ നടത്തി അടിയന്തര ശസ്ത്രക്രിയ ആവശ്യമുള്ളവർക്ക് മുൻഗണന നൽകുന്നതിന് ആരോഗ്യ വകുപ്പ് ശ്രദ്ധിച്ചുവരുന്നത്. സംസ്ഥാനത്തെ മുഴുവൻ ഹൃദ്രോഗ വിദഗ്ധരുടേയും പിന്തുണയോടെയാണ് സർക്കാർ പദ്ധതി നടപ്പാക്കി വരുന്നത്.

കഴിഞ്ഞയാഴ്ച ശ്രീചിത്രയിലേക്ക് കൊണ്ടുവന്ന 15 ദിവസം പ്രായമായ കുഞ്ഞിനെ അമൃത ആശുപത്രിയിൽ പ്രവേശിപ്പിച്ച് ചികിത്സ ലഭ്യമാക്കിയത് ഹൃദ്യം പദ്ധതിയിലുൾപ്പെടുത്തിയായിരുന്നു. അത്യാഹിത സ്വഭാവമുള്ള കേസുകളാണെങ്കിൽ 24 മണിക്കൂറിനകം ശസ്ത്രക്രിയക്ക് ഒഴിവുള്ള ആശുപത്രിയിൽ കുഞ്ഞിനെ പ്രവേശിപ്പിച്ച് വിദഗ്ധ ചികിത്സ ലഭ്യമാക്കുന്ന രീതിയിലാണ് പദ്ധതിയുടെ നടത്തിപ്പ് ക്രമീകരിച്ചിരിക്കുന്നത്.