Connect with us

National

മാധ്യമ പ്രവര്‍ത്തകരെ പണം നല്‍കി സ്വാധീനിക്കാന്‍ ശ്രമിച്ചു; ബി ജെ പിക്കെതിരെ പരാതിയുമായി ലഡാക്ക് പ്രസ് ക്ലബ്

Published

|

Last Updated

ലേ: തിരഞ്ഞെടുപ്പു പ്രചാരണം മികവുറ്റ രീതിയില്‍ ചിത്രീകരിക്കുന്നതിന് മാധ്യമ പ്രവര്‍ത്തകരെ പണം കൊടുത്തു സ്വാധീനിക്കാന്‍ ബി ജെ പി ശ്രമിച്ചുവെന്ന് ആരോപണമുയര്‍ത്തി ലഡാക്ക് പ്രസ് ക്ലബ്. ഇതുമായി ബന്ധപ്പെട്ട് ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസര്‍ക്ക് പ്രസ് ക്ലബ് പരാതി നല്‍കി. പരാതിയില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

മെയ് രണ്ടിന് സ്വകാര്യ ഹോട്ടലില്‍ ബി ജെ പി നടത്തിയ വാര്‍ത്താ സമ്മേളനത്തിനു ശേഷം പാര്‍ട്ടിയുടെ സംസ്ഥാന അധ്യക്ഷന്‍ രവീന്ദര്‍ റെയ്‌ന ഉള്‍പ്പടെ മാധ്യമ പ്രവര്‍ത്തകര്‍ക്ക് പണം വാഗ്ദാനം ചെയ്തുവെന്നാണ് പരാതി. എന്നാല്‍, ബി ജെ പി ആവശ്യത്തിനു വഴങ്ങാനോ പണം സ്വീകരിക്കാനോ ആരും തയാറായില്ലെന്നും പാര്‍ട്ടിയുടെ നടപടി തങ്ങള്‍ക്ക് വേദനയുണ്ടാക്കിയെന്നും പരാതിയില്‍ വ്യക്തമാക്കിയിട്ടുണ്ട്. പരാതിയില്‍ പ്രാഥമിക അന്വേഷണം ആരംഭിച്ചതായും ആവശ്യമാണെങ്കില്‍ പരാതി പോലീസിന് കൈമാറുമെന്നും ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസര്‍ പറഞ്ഞു.

അതിനിടെ, പരാതി അടിസ്ഥാന രഹിതമാണെന്ന് വ്യക്തമാക്കി ബി ജെ പി രംഗത്തെത്തി. മാധ്യമ പ്രവര്‍ത്തകരെ ഏറെ ആദരിക്കുന്നവരാണ് ബി ജെ പിയെന്നും ആരെയും പണം നല്‍കി സ്വാധീനിക്കാന്‍ ശ്രമിച്ചിട്ടില്ലെന്നും പാര്‍ട്ടി വ്യക്തമാക്കി.