Connect with us

Editorial

എം ഇ എസ് ഉത്തരവ് പൗരാവകാശ നിഷേധം

Published

|

Last Updated

ഇസ്‌ലാമിക ഹിജാബ് ധരിച്ചെത്തുന്ന പെൺകുട്ടികൾക്ക് എം ഇ എസിന്റെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പ്രവേശനമില്ലത്രേ. മതാചാരങ്ങളുടെ പേരിലായാലും മുഖം മറച്ചുള്ള വേഷവിധാനം അനുവദിക്കരുതെന്നും അടുത്ത അധ്യയനവർഷം ഈ തീരുമാനം കർശനമായി നടപ്പാക്കണമെന്നും ആവശ്യപ്പെട്ട് എം ഇ എസ് അധ്യക്ഷൻ ഡോ. ഫസൽ ഗഫൂർ സംഘടനയുടെ കീഴിലുള്ള എല്ലാ സ്ഥാപനങ്ങൾക്കും സർക്കുലർ അയച്ചിരിക്കുകയാണ്. എം ഇ എസ് കോളജുകളുടെ നിയമാവലി ഈ നിർദേശമുൾപ്പെടുത്തി പുതുക്കണമെന്നും സർക്കുലറിൽ പറയുന്നു. പർദ്ദ, അബായ തുടങ്ങിയ വസ്ത്രങ്ങളുടെ ഭാഗമായി മുഖാവരണം ധരിക്കുന്നതിന് എം ഇ എസ് സ്ഥാപനങ്ങളിൽ കഴിഞ്ഞ വർഷം തന്നെ വിലക്ക് ഏർപ്പെടുത്തിയിരുന്നു. ഇത് ഔദ്യോഗിക നിലപാടാക്കിക്കൊണ്ടുള്ള സർക്കുലർ വരുന്നത് ഇപ്പോഴാണെന്നു മാത്രം. വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഡ്രസ് കോഡ് തീരുമാനിക്കേണ്ടത് അതാത് മാനേജ്‌മെന്റുകളാണെന്ന് കാണിച്ച് പുറപ്പെടുവിച്ച കോടതി വിധി ഉയർത്തിക്കാണിച്ചാണ് എം ഇ എസിന്റെ ഈ ഉത്തരവ്.
ഫസൽ ഗഫൂർ വർഷങ്ങൾക്കു മുമ്പേ തുടങ്ങിയതാണ് പർദ്ദക്കും ഹിജാബിനുമെതിരെയുള്ള പടനീക്കം. 2014 ഡിസംബറിൽ എം ഇ എസ് കോഴിക്കോട് സംഘടിപ്പിച്ച സെമിനാറിൽ സംസാരിക്കവെ, പർദ്ദ ഇസ്‌ലാമിക വേഷമല്ലെന്നും അറബികളുടെ പ്രാദേശിക ആചാരം മാത്രമാണെന്നും അദ്ദേഹം തട്ടിവിട്ടിരുന്നു. സ്ത്രീകൾ മുഖം മറക്കണമെന്ന് ഇസ്‌ലാം പറഞ്ഞിട്ടില്ല. ഹിജാബ് മുസ്‌ലിം സ്ത്രീകളെ പിറകോട്ടടിപ്പിക്കും. അത് കേരളത്തിന്റെ കാലാവസ്ഥക്ക് ചേർന്നതല്ല. ഈജിപ്തിലും പല അറബി രാജ്യങ്ങളിലും മുസ്‌ലിം വനിതകൾ മുഖം മറക്കാറില്ല. തുണിയുടെ അളവ് കൂടിയാൽ സംസ്‌കാരം കൂടില്ല എന്നിങ്ങനെ പോകുന്നു ഹിജാബിനെതിരായ ഫസലിന്റെ വിമർശങ്ങൾ.

ശരീഅത്തിനും ഇസ്‌ലാമികാചാരങ്ങൾക്കുമെതിരായ എം ഇ എസിന്റെ നീക്കം പുതിയതല്ല. സംഘടനയുടെ സ്ഥാപിത കാലം മുതൽ തുടങ്ങിയതാണ്. മുസ്‌ലിംകളുടെ വിദ്യാഭ്യാസ ഉന്നമനത്തിനെന്ന പേരിലാണ് 1964ൽ സംഘടനക്ക് രൂപം നൽകിയതെങ്കിലും ഇസ്‌ലാമിലെ തിരുത്തൽ വാദികളുടെ പരിഷ്‌കരണാശയങ്ങളിലൂന്നിയായിരുന്നു അന്നു തൊട്ടേ പ്രവർത്തനം. ശരീഅത്തിലെ അംഗീകൃത കുടുംബനിയമങ്ങളിൽ ഭേദഗതി ആവശ്യപ്പെട്ടും മുസ്‌ലിംകളുടെ സമ്പൂർണ മതേതരവത്കരണം ലക്ഷ്യമാക്കിയും ചേകന്നൂർ മൗലവിയും മങ്കട അബ്ദുൽ അസീസ് മൗലവിയും മറ്റും ചേർന്ന് 1970ൽ രൂപവത്കരിച്ച “ഇസ്‌ലാം ആൻഡ് മോഡേൺ ഏജ് സൊസൈറ്റി”യുമായി അടുത്ത ബന്ധമായിരുന്നു എം ഇ എസിന്. മോഡേൺ സൊസൈറ്റിയിൽ അംഗങ്ങളായിരുന്നു പ്രമുഖ എം ഇ എസ് നേതാക്കളിൽ പലരും.

എം ഇ എസിന്റെ ശരീഅത്ത്‌വിരുദ്ധ നീക്കം ശക്തമായപ്പോൾ, 1975 മാർച്ച് ആറിന് ചേർന്ന സമസ്ത കേരള ജംഇയ്യത്തുൽ ഉലമാ മുശാവറ, എം ഇ എസുമായുള്ള സഹകരണവും ബന്ധവും അവസാനിപ്പിക്കാൻ മുസ്‌ലിം ലീഗ് ഉൾപ്പെടെയുള്ള സംഘടനകളോട് ആവശ്യപ്പെടുകയും ഇതടിസ്ഥാനത്തിൽ അന്ന് ബാഫഖി തങ്ങൾ നേതൃത്വം നൽകുന്ന മുസ്‌ലിം ലീഗ്, എം ഇ എസുമായി നിസ്സഹകരണം പ്രഖ്യാപിക്കുകയും ചെയ്തു. മുസ്‌ലിം പണ്ഡിതരുടെ വാക്കുകൾക്ക് വില കൽപ്പിച്ചിരുന്നു അക്കാലത്ത് ലീഗ് നേതൃത്വം. എം ഇ എസ് പിന്നെയും അതിന്റെ ശരീഅത്ത്‌വിരുദ്ധ നീക്കങ്ങൾ നിർബാധം തുടർന്നിട്ടും പിൽക്കാലത്ത് എം ഇ എസിനെതിരായ നിസ്സഹകരണ തീരുമാനം ലീഗ് പിൻവലിച്ചതിന്റെ കാരണം ദുരൂഹമാണ്. ബാഫഖി തങ്ങൾക്കും പൂക്കോയ തങ്ങൾക്കും ശേഷമാണ് ലീഗ് നിലപാടിൽ മാറ്റം വരുത്തിയത്.

വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഹിജാബിന് വിലക്കേർപ്പെടുത്തിക്കൊണ്ടുള്ള എം ഇ എസ് തീരുമാനം ഇസ്‌ലാമിനു നേരെയുള്ള കടന്നാക്രമണം മാത്രമല്ല, ഇഷ്ടമുള്ള വസ്ത്രം ധരിക്കാൻ ഭരണഘടന പൗരന് നൽകുന്ന സ്വാതന്ത്ര്യത്തിന്റെ ലംഘനവുമാണ്. സമൂഹത്തിന്റെ ധാർമിക മൂല്യങ്ങൾക്ക് നിരക്കുന്ന ഏത് വസ്ത്രവും വ്യക്തിക്ക് തിരഞ്ഞെടുക്കാം. പൗരാവകാശത്തിന്റെ ഭാഗമാണത്. ഒരു വിദ്യാർഥി തന്റെ അഭീഷ്ടമനുസരിച്ച് നിഖാബ് തിരഞ്ഞെടുത്താൽ അത് നിഷേധിക്കാൻ എങ്ങനെയാണ് ഒരു സ്ഥാപനത്തിന് സാധിക്കുക. അത് ആ വിദ്യാർഥിയുടെ മതപരമായ ബോധ്യത്തിനനുസരിച്ചാകുമ്പോൾ വിഷയം കൂടുതൽ ഗൗരവമുള്ളതായി തീരും. കാരണം ഇന്ത്യയിൽ പൗരാവകാശവും മതപരമായ അവകാശവും പരസ്പര പൂരകമാണ്. മതപരമായ അവകാശം പൂർണമായി വകവെച്ചു കൊണ്ടു മാത്രമേ പൗരാവകാശം സംരക്ഷിക്കപ്പെടുകയുള്ളൂ. ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി കെ ടി ജലീൽ എം ഇ എസിന് പിന്തുണ പ്രഖ്യാപിച്ചു രംഗത്തു വന്നത് ഖേദകരമായിപ്പോയി. സ്ത്രീകളോട് മുഖം മറക്കാൻ ഇസ്‌ലാമിന്റെ കൽപ്പനയില്ലെന്നും അറേബ്യൻ നാടുകളിൽ സ്ത്രീകൾ മുഖം വെളിവാക്കി പുറത്തിറങ്ങുന്നുവെന്നുമാണ് മന്ത്രിയുടെ വാദം. പർദ്ദയെക്കുറിച്ച് മന്ത്രിയുടെയും ഫസൽഗഫൂറിന്റെയും അഭിപ്രായം ഇസ്‌ലാമിക നിയമങ്ങളെക്കുറിച്ചുള്ള അജ്ഞതയിൽ നിന്നുടലെടുത്തതാണ്. ഏതെങ്കിലും രാജ്യത്തെ ആചാര രീതികളല്ല ഇസ്‌ലാമിക നിയമങ്ങളുടെ അടിസ്ഥാനം; ഖുർആനും സുന്നത്തുമാണ്. സത്യവിശ്വാസിനികളായ സ്ത്രീകളോട് മൂടുപടങ്ങൾ താഴ്ത്തിയിടാൻ പരിശുദ്ധ ഖുർആൻ (33:53) ശക്തമായ ഭാഷയിൽ കൽപ്പിക്കുന്നുണ്ട്. നിരവധി ഹദീസുകളും വന്നിട്ടുണ്ട് ഇക്കാര്യത്തിൽ. എം ഇ എസിനെ പോലുള്ള ഭൗതിക സംഘടനകളും മന്ത്രിമാരും രാഷ്ട്രീയ നേതാക്കളും അവരവരുടെ മേഖലകളുമായി ബന്ധപ്പെട്ട വിഷയങ്ങളിലല്ലാതെ, ഇസ്‌ലാമിക കാര്യങ്ങളിൽ അഭിപ്രായം പറയരുത്. അക്കാര്യം പണ്ഡിതന്മാരും മതസംഘടനകളും നിർവഹിക്കട്ടെ.

പർദ്ദ മുസ്‌ലിം സ്ത്രീകളുടെ പുരോഗതി തടയുമെന്ന് അഭിപ്രായപ്പെടുന്നവർ ആദ്യകാല മുസ്‌ലിം വനിതകളുടെ ചരിത്രം അറിയാത്തവരാണ്. ഹിജാബ് ധരിച്ചു കൊണ്ടു തന്നെ സമൂഹത്തിന്റെ വിവിധ തുറകളിൽ ശോഭിച്ചവർ മുസ്‌ലിം മഹിളകളിൽ നിരവധിയുണ്ട്. പ്രവാചകനിൽ നിന്നു പഠിച്ചറിഞ്ഞ കാര്യങ്ങൾ, അനുചരന്മാർക്ക് പകർന്നു കൊടുക്കുന്നതിന് ആഇശ (റ) ക്ക് ഹിജാബ് തടസ്സമായിരുന്നില്ല. ഹിജാബ് അണിഞ്ഞു കൊണ്ടു തന്നെയായിരുന്നു അവർ ജമൽ യുദ്ധത്തിൽ പങ്കെടുത്തത്. ഹിജാബ് ധരിച്ചു തന്നെ ഭൗതിക വിദ്യാഭ്യാസത്തിൽ ഉന്നത ബിരുദങ്ങൾ കരസ്ഥമാക്കിയവരും തൊഴിലെടുക്കുന്നവരും ആധുനിക കാലഘട്ടത്തിലുമുണ്ട് ധാരാളം. ഇസ്‌ലാമിക വസ്ത്രം ധരിച്ചു പഠനം നടത്താനാഗ്രഹിക്കുന്നവർക്ക് അതിനുള്ള അവസരം നിഷേധിക്കാതെ, പുതിയ സർക്കുലർ എം ഇ എസ് നേതൃത്വം ഉടനടി പിൻവലിക്കേണ്ടിയിരിക്കുന്നു.