Connect with us

Articles

വോട്ടുറപ്പ് തൊഴിലാളികള്‍!

Published

|

Last Updated

വോട്ടെടുപ്പ് കഴിഞ്ഞതോടെ കാര്യമായ പണിയൊന്നുമില്ലായിരുന്നു. സമരങ്ങളില്ല, ഉദ്ഘാടനങ്ങളില്ല, തേരാ പാരാ നടത്തം. ഇനിയും കാത്തിരിക്കണം, ഫലം വരാന്‍. വെറുതെ ഇരിക്കുന്നതെങ്ങനെ? കണക്കുകൂട്ടാമല്ലോ. തെക്കു നിന്ന് വടക്കോട്ടേക്ക്. എത്ര സീറ്റ് കിട്ടും?

പോളിംഗ് ശതമാനം ഉയര്‍ന്നത് നമ്മള്‍ക്ക് ഗുണം ചെയ്യുമെന്ന് മൂന്ന് മുന്നണികളും. അതൊക്കെ നമ്മളുടെ വോട്ടാണെന്ന്. ജനമനസ്സ് കണ്ടതു പോലെയാണ് പറയുന്നത്. ഇരുപതും തൂത്തുവാരുമെന്ന് യു ഡി എഫ്. പതിനെട്ടില്‍ പ്രതീക്ഷ പുലര്‍ത്തി എല്‍ ഡി എഫ്. നാലില്‍ ജേതാക്കളാകുമെന്ന് എന്‍ ഡി എ. പത്രം വായിച്ച് ആകെ എത്ര സീറ്റുണ്ടെന്ന് നാട്ടുകാര്‍. മടുത്തു. കണക്കുകൊണ്ടുള്ള ഈ കളി ഇനി എത്ര നാള്‍?

അപ്പോള്‍ അതാ വരുന്നു, കള്ളവോട്ട്. കല്ലടവാര്‍ത്ത കത്തുമ്പോഴാണ് വോട്ട് വരവ്. കാസര്‍കോട്, കണ്ണൂര്‍ ജില്ലകളിലാണ് ആഞ്ഞുവീശല്‍. ഒരു വെടക്കന്‍ വീരഗാഥ. മൂന്ന് വനിതകള്‍ കള്ളവോട്ട് ചെയ്തു എന്നാണ് ചാനലുകളില്‍ നിറഞ്ഞത്. പോളിംഗ് ബൂത്തില്‍ വരുന്നു, പോകുന്നു, വീണ്ടും വരുന്നു, മഷി തുടക്കുന്നു, ഇതാണ് ലക്ഷണം. കള്ളവോട്ട് തന്നെ. കൂടെ ആണുങ്ങളുമുണ്ട്, കള്ളവോട്ടില്‍ ഒരു കൈ നോക്കാന്‍.

അവര്‍ക്കും പറയാനുണ്ട്. തങ്ങള്‍ ഓപ്പണ്‍ വോട്ടാണ് ചെയ്തത്. വോട്ട് ചെയ്യാന്‍ സാധിക്കാതെ കഷ്ടപ്പെടുകയായിരുന്നു, ചിലര്‍. അവര്‍ക്ക് നല്‍കി ഒരു കൈ സഹായം. എല്ലാം ഓപ്പണായിരുന്നു, നാട്ടിലെല്ലാവരും കണ്ടല്ലോ. ഓപ്പണ്‍ വോട്ടാണെന്ന് നേതാവും ഓപ്പണായി തന്നെ പറഞ്ഞു. സാധാരണക്കാര്‍ മാത്രമല്ല, ഓപ്പണ്‍ വോട്ടര്‍മാര്‍. ഗ്രാമപഞ്ചായത്ത് അംഗവുമുണ്ട്. ആകെ നാണക്കേടായി.

അപ്പോഴതാ തിരിച്ചുവീശുന്നു കള്ളവോട്ട് തരംഗം. നേരത്തെ ചുവന്ന കള്ളവോട്ട്. ഇപ്പോള്‍ പച്ച. അത്രയേയുള്ളൂ വ്യത്യാസം. ഗള്‍ഫിലുള്ള സ്ത്രീയുടെ വോട്ട് വേലക്കാരി ചെയ്‌തെന്ന്. അവരെ വോട്ടുവേലക്കാരി എന്ന് വിളിക്കാം. പ്രവാസികളുടെ വോട്ട് നാട്ടിലുള്ളവര്‍ പെട്ടിയിലാക്കിയത്രേ. വിലയേറിയ വോട്ടല്ലേ. വിമാനക്കൂലി ലാഭം. പ്രവാസികളുടെ പ്രയാസം മനസ്സിലാക്കിയ പ്രദേശ വാസികള്‍. ഒരാള്‍ അഞ്ച് തവണയൊക്കെ ചെയ്തത്രേ! പൊരിവെയിലത്ത് ക്യൂ നിന്ന് ഒരെണ്ണം തന്നെ ചെയ്യാന്‍ നമ്മള്‍ പെട്ട പാട്.

നാട്ടുകാരുടെ ചോദ്യം ഇതാണ്. പോളിംഗ് ബൂത്തില്‍ ഉദ്യോഗസ്ഥരില്ലായിരുന്നോ? ബൂത്ത് ഏജന്റുമാര്‍ എവിടെയായിരുന്നു? സഹായത്തിന് ബി എല്‍ ഒ ഇല്ലേ? എന്നിട്ടും വന്നു കള്ളവോട്ട്. ഓരോ പാര്‍ട്ടിക്കാര്‍ക്കും സ്വാധീനമുള്ള മേഖലകളില്‍ അവരാണ് രാജാവ്. അവിടെ എന്തു നടക്കണമെന്ന് അവര്‍ തീരുമാനിക്കും. ഇതിനെ വോട്ട് ഫാസിസമെന്ന് വിളിക്കാമോ എന്നറിയില്ല. അവിടെയൊക്കെ തൊണ്ണൂറിനടുത്തെത്തും പോളിംഗ്. ചിലപ്പോള്‍ തൊണ്ണൂറും കടക്കും. എണ്ണാമെങ്കില്‍ എണ്ണിക്കോ എന്നാണ്.

ഐഡന്റിറ്റി കാര്‍ഡ് നോക്കി വോട്ടറെ തിരിച്ചറിയാന്‍ പ്രയാസമാണ്. തിരിച്ചറിയാ കാര്‍ഡുകള്‍. പലതും പത്തും ഇരുപതും വര്‍ഷം മുമ്പുള്ളതാണ്. ഏതാണ്ടെല്ലാം ആധാറുമായി ലിങ്ക് ചെയ്തില്ലേ? വോട്ടര്‍പട്ടികയും ആധാറുമായി ലിങ്ക് ചെയ്യുക, കള്ളവോട്ട് കാണില്ല. അപ്പോള്‍ ഭൂരിപക്ഷം ലക്ഷം കവിയില്ല, പതിനായിരമേ കാണൂ.
കള്ളവോട്ട് ചെയ്യുന്നവര്‍ പാര്‍ട്ടികള്‍ക്ക് പ്രിയപ്പെട്ടവരാണ്. അവരുടെ വോട്ട് മാത്രമല്ല, മറ്റുള്ളവരുടെ വോട്ടും അവര്‍ സ്വന്തം സ്ഥാനാര്‍ഥിക്കായി ഉറപ്പിക്കുന്നു. അവരെ നമുക്ക് വിളിക്കാം, വോട്ടുറപ്പ് തൊഴിലാളികള്‍!

നാണു ആയഞ്ചേരി