Connect with us

Ongoing News

ഐ എസ് ആക്രമണത്തിനു പദ്ധതി: എസ് ഡി പി ഐ, പോപ്പുലര്‍ ഫ്രണ്ട്, തൗഹീദ് ജമാഅത്ത് ഓഫീസുകളില്‍ റെയ്ഡ്

Published

|

Last Updated

ചെന്നൈ: കേരളത്തില്‍ ആക്രമണത്തിന് ഐ എസ് പദ്ധതിയിട്ടെന്ന സൂചനകളുടെ അടിസ്ഥാനത്തില്‍ ദേശീയ അന്വേഷണ ഏജന്‍സി തമിഴ്‌നാട്ടില്‍ വ്യാപക റെയ്ഡ് നടത്തി. എസ് ഡി പി ഐ, പോപ്പുലര്‍ ഫ്രണ്ട്, തൗഹീദ് ജമാഅത്ത് എന്നീ സംഘടനകളുടെ കുംഭകോണം, കാരയ്ക്കല്‍, രാമനാഥപുരം എന്നിവിടങ്ങളിലെ ഓഫീസുകളിലാണ് റെയ്ഡ് നടത്തിയത്.

ശ്രീലങ്കയില്‍ ക്രിസ്ത്യന്‍ പള്ളികള്‍ക്കും ആഡംബര ഹോട്ടലുകള്‍ക്കും നേരെ ഭീകരാക്രമണം നടന്ന പശ്ചാത്തലത്തില്‍ എന്‍ ഐ എ കസ്റ്റഡിയിലെടുത്ത പാലക്കാട് സ്വദേശി റിയാസ് അബൂബക്കറില്‍ നിന്നാണ് തമിഴ്‌നാട്ടിലെ ഗ്രൂപ്പുകളുമായി ഇയാള്‍ക്കുള്ള ബന്ധത്തെ കുറിച്ച് അന്വേഷണ സംഘത്തിന് വിവരം ലഭിച്ചത്. ശ്രീലങ്കയില്‍ സ്‌ഫോടനം നടത്തിയ ഭീകര ഗ്രൂപ്പുമായി ബന്ധപ്പെട്ടവര്‍ കേരളത്തിലും ചാവേറാക്രമണത്തിനു പദ്ധതിയിട്ടിരുന്നതായി എന്‍ ഐ എ വെളിപ്പെടുത്തിയിരുന്നു.

പുതുവത്സര രാവില്‍ കൊച്ചിയിലേതടക്കമുള്ള വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ സ്ഫോടനം നടത്താന്‍ പദ്ധതിയിട്ടിരുന്നതായി റിയാസ് അന്വേഷണ ഏജന്‍സിക്ക് മൊഴി നല്‍കിയിട്ടുണ്ട്. സ്ഫോടക വസ്തുക്കള്‍ സംഘടിപ്പിക്കാന്‍ ഐ എസുമായി ബന്ധമുള്ളവര്‍ തന്നോട് നിര്‍ദേശിച്ചിരുന്നുവെന്നും വിദേശികള്‍ ഒത്തുചേരുന്ന ഇടങ്ങളില്‍ സ്ഫോടനം നടത്താനായിരുന്നു പദ്ധതിയെന്നും എന്നാല്‍ ഒപ്പമുണ്ടായിരുന്നവര്‍ പിന്തുണച്ചില്ലെന്നും റിയാസ് മൊഴിയില്‍ വ്യക്തമാക്കി.

ഐ എസില്‍ ചേരുന്നതിനായി കേരളത്തില്‍ നിന്ന് സിറിയയിലേക്കും അഫ്ഗാനിസ്ഥാനിലേക്കും പോയവരാണ് ആക്രമണം ആസൂത്രണം ചെയ്യാന്‍ തന്നോട്ട് നിര്‍ദേശിച്ചതെന്നും റിയാസ് പറഞ്ഞു. കൂട്ടാളികളില്‍ നിന്ന് പിന്തുണ ലഭിക്കാതെ വന്നതിനെ തുടര്‍ന്ന് പദ്ധതികള്‍ സ്വയം തയാറാക്കി വരികയായിരുന്നു.