Connect with us

Articles

സലഫികളുടെ "ലങ്കാദഹനം'

Published

|

Last Updated

ദാ അവരിങ്ങെത്തി! ഇതുവരെ അവര്‍ അകലെയായിരുന്നു. അഫ്ഗാന്‍, ഇറാഖ്, സിറിയ, ടുണീഷ്യ, ലിബിയ, യമന്‍…. ഇപ്പോഴിതാ അവര്‍ നമ്മുടെ അയല്‍പക്കത്തെത്തിയിരിക്കുന്നു. ശ്രീലങ്കയിലെ ഇസില്‍ ഭീകരാക്രമണം ആ നാടിനു ദുരന്തവും ഈ നാടിന് അവസാനത്തെ മുന്നറിയിപ്പുമാണ്. കരുതിയിരിക്കുക, അത്യാപത്ത് ഒരു ചെറു കടലരികെ വന്നു നില്‍ക്കുന്നു.

പേരെന്തും ആകാം; താലിബാന്‍, അല്‍ഖാഇദ, ബോക്കോ ഹറാം, ഇസില്‍, ജംഇയ്യത്തുത്തൗഹീദ്, നദ്്വത്തുല്‍ മുജാഹിദീന്‍, സലഫി, അഹ്്ലെ ഹദീസ്, വഹാബി… പേരിലല്ല നിലപാടിലാണു കാര്യം. ഈ പേരുകള്‍ക്കെല്ലാം പിന്നില്‍ ഒളിഞ്ഞിരിക്കുന്നത് വിനാശകരമായ സലഫിസമാണ്. തങ്ങള്‍ മാത്രമാണ് ശരിയെന്നും ബാക്കിയെല്ലാം തെറ്റും ഉന്മൂലനം ചെയ്യപ്പെടേണ്ടതുമാണെന്ന അത്യന്തം അപകടകരമായ ഭീകര സിദ്ധാന്തം! ഇപ്പോള്‍ ലങ്കയെ ദഹിപ്പിച്ചിരിക്കുന്നത് ഈ സിദ്ധാന്തമാണ്.

പുറമല്ല ഇവരുടെ അകം. പുറമേക്ക് നയന മനോഹരമായിരിക്കും, കര്‍ണാനന്ദകരമായിരിക്കും, പുരോഗമനാത്മകമായിരിക്കും, വികസനോന്മുഖമായിരിക്കും. നവോത്ഥാനം, മതനവീകരണം, വിദ്യാഭ്യാസ വിപ്ലവം, സ്ത്രീ ശാക്തീകരണം… തുടങ്ങി ചില്ലിട്ട് സൂക്ഷിക്കേണ്ട ഇനങ്ങള്‍ വേറെയും കാണും. പക്ഷേ, ഇതൊന്നുമല്ല സലഫിസം. അകമെ പുകയുന്ന വെറുപ്പിന്റെയും വിദ്വേഷത്തിന്റെയും പരനിന്ദയുടെയും പേരാണ് സലഫിസം. പുറം കാഴ്ചകള്‍ സലഫിസത്തിന്റെ ആത്യന്തിക ലക്ഷ്യത്തിലേക്കുള്ള വഴികള്‍ മാത്രമാണ്. സംഹാരാത്മക ആശയങ്ങളുടെ സംസ്ഥാപനമാണ് ലക്ഷ്യം. അവിടെ നാനാത്വമില്ല; ഏകത്വമേയുള്ളൂ – സലഫി ഏകത്വം. ബാക്കിയെല്ലാം തകര്‍ക്കപ്പെടേണ്ടതാണ്, ഉന്മൂലനം ചെയ്യപ്പെടേണ്ടതാണ്. ലങ്കയില്‍ ക്രൈസ്തവരെ വകവരുത്തിയതില്‍ എന്തിനത്ഭുതം, ഒരേ വിശ്വാസത്തില്‍പ്പെട്ട ലക്ഷങ്ങളെ കൊന്നുതള്ളിയ ചരിത്രമുണ്ട് സലഫിസത്തിന്! കേരളത്തിലെ മുഖ്യധാരാ മുസ്‌ലിംകളെ മുസ്‌ലിംകളായി പോലും അംഗീകരിക്കുന്നില്ല സലഫികളുടെ ഒരു ഗ്രൂപ്പും, കൊന്നുകളയണമെന്ന് എഴുതിയിട്ടുമുണ്ട്.

ആഗോളതലത്തില്‍ ഇസ്‌ലാമിന്റെ പേരിട്ടു വിളിക്കുന്ന സകല ഭീകര ഗ്രൂപ്പുകളുടെയും ആശയ സ്രോതസ്സ് സലഫിസമാണ്. ഇത് ഇന്നത്തെ കഥയല്ല; കഴിഞ്ഞ മൂന്ന് നൂറ്റാണ്ടിന്റെ കഥയാണ്. പതിനെട്ടാം നൂറ്റാണ്ടില്‍ ജസീറതുല്‍ അറബില്‍ രൂപം കൊണ്ട വഹാബിസം ഇന്ന് കാണുന്ന സലഫിസമായത് ചോരപ്പുഴകള്‍ നീന്തിക്കടന്നാണ്. അതേ സലഫിസമാണ് ഇപ്പോള്‍ ആഗോളതലത്തില്‍ ഭീകരതയുടെ അച്ചുതണ്ടായി വര്‍ത്തിക്കുന്നത്. ലോകസമാധാനത്തിന് സലഫിസത്തെ സമൂലം ഇല്ലാതാക്കുക.
പല പേരില്‍ പല ഗ്രൂപ്പുകളും ഉപ ഗ്രൂപ്പുകളുമായി വഴിപിരിഞ്ഞുവെങ്കിലും നമ്മുടെ നാട്ടിലും അവര്‍ സജീവമാണ്. കൂരിരുട്ടുള്ള രാത്രിയില്‍ കറുത്ത ഉറുമ്പുകള്‍ അരിച്ചു നടക്കുന്നതു പോലെ ശിര്‍ക്ക് ഇഴയുന്നതു കണ്ടുപിടിച്ച് ഉന്മൂലനം ചെയ്യാന്‍ ആയുധങ്ങള്‍ മൂര്‍ച്ചകൂട്ടി കണ്‍പാര്‍ത്തിരിക്കുന്നുണ്ടവര്‍. സര്‍വസംഹാരത്തിന് അവസരങ്ങള്‍ ഒത്തുവരികയേ വേണ്ടതുള്ളൂ. സമ്പത്തും അധികാരങ്ങളും പങ്കുവെക്കുന്നിടത്തു മാത്രമേ ഇവര്‍ക്കിടയില്‍ ഗ്രൂപ്പുകളും തര്‍ക്കങ്ങളും നിലനില്‍ക്കുന്നുള്ളൂ. ആശയതലത്തില്‍ സലഫി ഗ്രൂപ്പുകളെല്ലാം ഒറ്റക്കെട്ടാണ്. ഇവരെ തിരിച്ചറിയുക എളുപ്പമാണ്. ഉയര്‍ത്തിക്കെട്ടിയ ഒരു മഖ്ബറയുടെ സമീപം കൊണ്ടുചെന്നു നിറുത്തിയാല്‍ മതി – ആ നിമിഷം ഉടവാള്‍ ഊരും! ജസീറതുല്‍ അറബില്‍ ഖബ്‌റ് പൊളിച്ചു കൊണ്ടാണ് സലഫിസം ആരംഭിച്ചത്. ലോകത്തെവിടെ സലഫിസം വേരിറങ്ങിയോ അവിടെയെല്ലാം തുടക്കം ഇത്തരം ശ്മശാന വിപ്ലവത്തിലൂടെ ആയിരുന്നു. സ്വന്തം പിതാവിന്റെ ഖബ്‌റ് മാന്തിക്കൊണ്ടാണ് കേരളത്തില്‍ സലഫിസം ഹരിശ്രീ കുറിച്ചത്. സിറിയയിലും യമനിലും ഇതു നാം കണ്ടതാണ്. ശ്രീലങ്കയിലും തുടക്കം ഇങ്ങനെയായിരുന്നത്രേ.

ഇസ്‌ലാമിന്റെ പേരില്‍ ഒരു തുള്ളി ചോരയോ ഒരിറ്റു കണ്ണുനീരോ വീഴ്ത്താന്‍ ഒരു സലഫിസ്റ്റിനെയും ഇനി അനുവദിക്കരുത്. മ്യാന്‍മര്‍ മുസ്‌ലിംകളെ കൊലക്കിട്ടു കൊടുത്തത് ഇവരാണ്. പല പാശ്ചാത്യന്‍ രാജ്യങ്ങളിലും സമുദായം പ്രതിസ്ഥാനത്ത് നില്‍ക്കുന്നതും പീഡനങ്ങള്‍ ഏറ്റുവാങ്ങേണ്ടതായി വരുന്നതും ഒരു പിടി സലഫി ഭീകരന്മാര്‍ കാരണമാണ്. കണ്ടില്ലേ ശ്രീലങ്കയിലെ മുസ്‌ലിംകളുടെ ദുരവസ്ഥ. സമുദായം എല്ലാ ഭിന്നതകളും മറന്ന് ഈ ആന്തരിക വിപത്തിനെതിരെ ഒന്നിക്കണം. ഇവര്‍ ഈ സമുദായത്തെ കൊലക്കു കൊടുക്കും. രാഷ്ട്രീയപ്പാര്‍ട്ടികളും പൊതു സമൂഹവും ഈ വിപത്ത് തിരിച്ചറിയണം. നവോത്ഥാനം, നവീകരണം, പുരോഗമനം തുടങ്ങിയ ഓമനപ്പേരിട്ട് സലഫി കൂട്ടായ്മകളെ താലോലിക്കുന്ന നിലപാടുകള്‍ മീഡിയകള്‍ നിറുത്തണം. “നരകത്തിലേക്കാണെങ്കിലും ഞങ്ങള്‍ ഒന്നിച്ചായിരിക്കും” എന്നു കരുതുന്ന രാഷ്ട്രീയ സംഘടന നാടിന്റെ നന്മയെയോര്‍ത്ത് മാറിച്ചിന്തിക്കണം.

വെച്ചുപൊറുപ്പിക്കരുത് വിനാശകരമായ ഈ പ്രത്യയശാസ്ത്രത്തെ. രാജ്യത്ത് നിന്ന് ഈ വിഷച്ചെടിയെയും അതിന്റെ എല്ലാ വകഭേദങ്ങളെയും പര്യായങ്ങളെയും വേരോടെ പിഴുതുകളയണം. സലഫീ കൂട്ടായ്മകളെ നിരോധിക്കണം, കേന്ദ്രങ്ങള്‍ അടച്ചുപൂട്ടണം, പുസ്തകങ്ങള്‍ കണ്ടു കെട്ടണം.
പല മുസ്‌ലിം രാജ്യങ്ങളും ഇതു ചെയ്തു കൊണ്ടിരിക്കുന്നു. ജനാധിപത്യവും മതനിരപേക്ഷതയും പൗരസ്വാതന്ത്ര്യവും പറഞ്ഞ് ന്യായങ്ങള്‍ തിരഞ്ഞു നടന്നാല്‍ ലങ്കാദഹനം ഇവിടെ ആവര്‍ത്തിക്കും. ലങ്കയിലെ പാരമ്പര്യ മുസ്‌ലിം മുഖ്യധാരയുടെ നിരന്തരമായ മുന്നറിയിപ്പുകള്‍ അവഗണിച്ചതാണ് അവിടെ ദുരന്തകാരണം. ഇവിടെ രാജ്യത്തെ മുസ്‌ലിം മുഖ്യധാരയുടെ മുന്നറിയിപ്പുകള്‍ ചെവിക്കൊള്ളാതിരിക്കരുത്. വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളിലെ മിലിറ്റന്റ് ഗ്രൂപ്പുകള്‍ക്ക് അനുവദിക്കുന്ന തരത്തില്‍ സഹവര്‍ത്തിത്വത്തിന്റെയും സമാധാനത്തിന്റെയും വഴിയിലേക്കു തിരിച്ചു വരാന്‍ ഇതില്‍ കുടുങ്ങിപ്പോയവര്‍ക്ക് അവസരം നല്‍കണം.
ശ്രീലങ്ക അവസാനത്തെ മുന്നറിയിപ്പാണ്.