മരതക ദ്വീപിലെ അത്ഭുത കാഴ്ചകൾ

അമിനിയിലെയും കടമത്തിലെയും ബോട്ട് യാത്രക്കാരെ നിശ്ചിത സ്ഥലത്ത് വെച്ചാണ് കപ്പലിലേക്ക് കയറ്റുന്നത്. ആ സ്റ്റോപ്പ് ലക്ഷ്യം വെച്ച് ഞങ്ങൾ നീങ്ങി. തിരമാലയിൽ ബോട്ട് ആടിയുലഞ്ഞ് കൊണ്ടിരുന്നു. ഞങ്ങളുടെ ആധിപൂണ്ട മുഖം ബോട്ടിലുള്ള ദ്വീപുകാരിൽ ചിരി പടർത്തുന്നുണ്ടായിരുന്നു.
യാത്ര
Posted on: April 28, 2019 2:18 pm | Last updated: April 28, 2019 at 2:18 pm

നട്ടുച്ച നേരം. കത്തുന്ന വെയിൽ ശരീരത്തെ പൊള്ളിച്ചുകൊണ്ടിരിക്കുന്നു. എന്നാൽ, ഇളം കടൽ കാറ്റ് ഞങ്ങളെ തലോടിക്കൊണ്ടിരിക്കുന്നുമുണ്ട്. തിരമാലകളുടെ ഇളക്കത്തിൽ ഓളം തള്ളി ഞങ്ങളുടെ ഗ്ലാസ് ബോട്ട് കുതിച്ച് കൊണ്ടിരുന്നു. എൻജിന്റെ കാതടിപ്പിക്കുന്ന ശബ്ദം അലോസരം സൃഷ്ടിച്ചെങ്കിലും ഞങ്ങളത് വകവച്ചില്ല. ബോട്ടിന്റെ നാല് വശത്തും അള്ളിപ്പിടിച്ചിരിക്കുകയാണ് ഞങ്ങൾ.

കരയിൽ പിടിച്ചിട്ട തിരണ്ടി പോലെ ബോട്ടിന്റെ മൂലയിൽ

രംഗം കവരത്തി ദ്വീപിന്റെ പരിസരമാണ്. അടിഭാഗത്ത് ലെൻസ് ഘടിപ്പിച്ച ഗ്ലാസ് ബോട്ട് ആയതിനാൽ സമുദ്രജീവിതം നേരിൽ കാണാവുന്നതാണ്. പലതരം നിറത്തിലുള്ള പവിഴപ്പുറ്റുകൾ, കടലാമകൾ, മുത്തുകൾ വാരി വിതറിയത് പോലെ മത്സ്യക്കുഞ്ഞുങ്ങൾ, അവക്ക് പിന്നാലെ പായുന്ന വലിയയിനം മത്സ്യങ്ങൾ, നീരാളികൾ, കുന്നുകൾ, ഗർത്തങ്ങൾ തുടങ്ങി വലിയൊരു സാമ്രാജ്യം തന്നെ കടലിനടിയിലുണ്ടന്ന അത്ഭുതപ്പെടുത്തുന്ന തിരിച്ചറിവായിരുന്നു ആ യാത്ര. തെളിഞ്ഞ പളുങ്ക് പോലെയുള്ള വെള്ളം. കൈയിലുള്ള ബ്രഡ് പൊടിച്ച് നൽകിയപ്പോൾ കൂട്ട വിസമയം തീർക്കുന്ന വർണമത്സ്യങ്ങളുടെ നൃത്തക്കാഴ്ച വല്ലാത്ത അനുഭൂതി നൽകി. തല താഴ്ത്തിപ്പിടിച്ച് കടലിനടിയിലെ വിസ്മയ കാഴ്ചകളിൽ മുങ്ങിയ എനിക്ക് അൽപ്പനേരം കഴിഞ്ഞപ്പോഴേക്കും അസ്വസ്ഥതകൾ അനുഭവപ്പെടാൻ തുടങ്ങി. ഛർദിയും ക്ഷീണവും പിടികൂടി. കടപ്പുറത്ത് തിരണ്ടി മീൻ വലിച്ചിട്ടത് പോലെ ഞാൻ ബോട്ടിന്റെ ഒരു വശത്തമർന്നു. ഒന്ന് രണ്ട് മണിക്കൂർ ആ യാത്ര നീണ്ടു.

ലക്ഷദ്വീപിൽ ഞങ്ങളുടെ ലക്ഷ്യം അമിനി ദ്വീപ് ആയിരുന്നു. അതിനിടയിലാണ് കൽപ്പേനിയും കവരത്തിയും സന്ദർശിക്കാൻ അവസരം കിട്ടിയത്. ആന്ത്രോത്ത്, കടമത്ത് ദ്വീപുകൾ ഞങ്ങൾ ദൂരെ നിന്ന് കാണുക മാത്രം ചെയ്തു. മംഗലാപുരത്ത് നിന്ന് പുറപ്പെട്ട ചെറിയ ഒരിനം കപ്പലിലാണ് ലക്ഷദ്വീപിലെത്തിയത്. കേരളത്തിലെ സംസ്‌കാരവുമായി സാദൃശ്യമുണ്ട് ദ്വീപിന്. തെങ്ങിൻതോപ്പും സംസാരവും സംസ്‌കാരവുമൊക്കെ കണ്ടാൽ കേരളത്തിന്റെ പതിനഞ്ചാം ജില്ലയാണെന്ന് തോന്നും. മലയാളമാണ് ഔദ്യോഗിക ഭാഷയെങ്കിലും പ്രാദേശികമായി “ജസരി’ എന്ന ഭാഷ സംസാരിക്കുന്നുണ്ട്. മിനിക്കോയ് ദ്വീപിൽ മാത്രം സമീപ രാജ്യമായ മാലിദ്വീപിലെ മഹൽ ഭാഷ സംസാരിക്കുന്നവരുണ്ട്. പാരമ്പര്യ സുന്നി വിശ്വാസാചാരങ്ങൾ തുടരുന്നവരാണ് മുഴുവൻ ജനവിഭാഗവും. സൂഫി ചിന്തകൾക്കനുസൃതമായി ജീവിതം കെട്ടിപ്പടുത്തവരാണ് ദ്വീപ് വിശ്വാസി സമൂഹം. കവരത്തിയിൽ അന്ത്യവിശ്രമം കൊള്ളുന്ന മഹാനായ ഖാസിം വലിയുല്ലാഹി (റ) ദ്വീപ് വാസികളുടെ ആത്മീയ നേതൃത്വമാണ്.

ബോട്ടുജെട്ടിയിലെ
സ്വീകരണം

വെസ്സലിലാണ് കവരത്തിയിൽ നിന്ന് അമിനിയിലേക്കള്ള യാത്ര. ബോട്ടിനേക്കാൾ വലുതും കപ്പലിനെ അപേക്ഷിച്ച് ചെറുതുമാണത്. ദ്വീപുകളിലേക്കുള്ള യാത്രകൾക്ക് അവിടുത്തുകാർ ഇതിനെയാണ് ആശ്രയിക്കുന്നത്. ജെട്ടിയിലേക്ക് അടുപ്പിച്ച് നിർത്താൻ പറ്റും എന്നതാണ് പ്രത്യേകത. കപ്പലുകൾ പുറംകടലിൽ നങ്കൂരമിടുകയും ബോട്ട് മാർഗം കരയിലെത്തിക്കുകയുമാണ് സാധാരണ. രണ്ടര മണിക്കൂർ ഇനിയുമുണ്ട് അമിനിയിലെത്താൻ. ഉച്ചഭക്ഷണം അതിൽ നിന്ന് ലഭിച്ചു. ഭക്ഷണം കഴിച്ച് ഞങ്ങൾ സീറ്റിൽ ഒന്ന് അമർന്നിരുന്ന് പുറംകടലിലേക്ക് കണ്ണും നട്ടിരുന്നു. സൂര്യൻ മുകളിൽ കത്തി നിൽക്കുന്നു. പുറത്ത് എവിടേക്ക് കണ്ണെറിഞ്ഞാലും നീണ്ടുനിവർന്ന് കിടക്കുന്ന അറേബ്യൻ മഹാ സമുദ്രം. ആഴങ്ങളിലേക്ക് ഊളിയിട്ടും മുകളിലേക്ക് ആഞ്ഞ് ചാടിയും കണ്ണിന് നല്ല കാഴ്ച സമ്മാനിക്കുന്ന ഡോൾഫിൻ പറ്റങ്ങൾ. ഒന്നു മയങ്ങി എഴുന്നേറ്റപ്പോഴേക്കും അങ്ങകലെ തെങ്ങിൻതോപ്പ് ദൃശ്യമായി. വെസ്സൽ കുറച്ച് കൂടി മുമ്പോട്ട് പോയപ്പോൾ മറ്റൊരു ദ്വീപ് കണ്ണിലുടുക്കി. അതാണ് കടമത്ത് ദ്വീപ്.

അമിനി ദ്വീപിലെ ജെട്ടിയോട് വെസ്സൽ അടുക്കുംതോറും ആൾക്കാർ ബഹളം കൂട്ടിക്കൊണ്ടിരുന്നു. കാരണം പുറംലോകവുമായി ബന്ധപ്പടുന്നതും ആവശ്യവസ്തുക്കൾ പുറത്തുനിന്ന് എത്തിക്കുന്നതുമല്ലാം ഇത്തരം മാർഗങ്ങളിലായതിനാൽ അവർ ആവേശത്തോടെയാണ് ഓരോ കപ്പലിനെയും ബോട്ടിനെയും സ്വീകരിക്കുന്നത്. ഞങ്ങൾക്ക് വേണ്ടി ഒരു ഓട്ടോറിക്ഷ അവിടെ കാത്ത് നിൽപ്പുണ്ടായിരുന്നു. ചുരുക്കമാണ് ഇത്തരം വാഹനങ്ങൾ. കുടുതലും ബൈക്കുകളും സൈക്കിളുകളുമാണ് ഉപയോഗിക്കുന്നത്. ചുരുക്കം ചിലർ ചെറിയ ഇനം കാറുകൾ ഉപയോഗിക്കുന്നുണ്ട്.

തിണ്ണയും സുപ്രയും

തെങ്ങിൻതോപ്പിനാൽ നിറഞ്ഞ് നിൽക്കുന്ന ദ്വീപ്. അതിനിടയിലൂടെ വളഞ്ഞ് പുളഞ്ഞ് പോകുന്ന വീതി കുറഞ്ഞ റോഡുകൾ. മണിക്കൂറുകൾക്കകം ദ്വീപ് മുഴുവൻ കറങ്ങാം. ദ്വീപിലെ ഭക്ഷണശൈലി വ്യത്യസ്തമാണ്. നമ്മുടെ നാടുകളിൽ മുമ്പുണ്ടായിരുന്ന പടാപ്പുറം (വീടിന്റെ മുൻഭാഗങ്ങളിൽ നിർമിച്ചിരുന്ന തിണ്ണ) എല്ലാ വീട്ടിലുമുണ്ട്. അതിൻമേൽ സുപ്ര വിരിച്ച് വട്ടത്തിൽ ഇരുന്നാണ് ഭക്ഷണം കഴിക്കുന്നത്. തീൻമേശയും കസേരയും ചുരുക്കമാണ്. മീൻ ഇല്ലാത്ത ഒരു ഭക്ഷണവുമില്ല. പലഹാരങ്ങളും തനി നാടൻ വിഭവങ്ങളും വളരെയധികം രുചികരമാണ്. മാസ് (ട്യൂണ) ഇനത്തിൽ പെട്ട മീൻ ദ്വീപുകാരുടെ രക്തത്തിൽ അലിഞ്ഞ് ചേർന്നതായി തോന്നും. അത്ര മാത്രം വ്യത്യസ്ത രൂപത്തിൽ അവർ അതിനെ ഉപയോഗിക്കുന്നുണ്ട്. ഉണക്കിയ മാസ് കൊണ്ട് പലയിനം അച്ചാറുകൾ നിർമിക്കുന്നു. നമ്മുടെ നാട്ടിലെ കുടിൽ വ്യവസായം പോലെ വീട്ടിലെ സ്ത്രീകൾ ഇത്തരം അച്ചാറുകളും പലഹാരങ്ങളും നിർമിക്കുന്നു. പുരുഷന്മാർ അധികവും സർക്കാർ ജീവനക്കാരാണ്. ദ്വീപിലെ വലിയൊരു വിഭാഗവും വിദ്യാസമ്പന്നരാണ്. മത, ഭൗതിക വിദ്യ അഭ്യസിച്ചവരാണ് അധികവും. പുതുതലമുറ കൂടുതലും കേരളത്തിലെ കോളജുകളിലാണ് പഠനം നടത്തുന്നത്. തേങ്ങയിടലും മത്സ്യ ബന്ധനവും ആണ് പാരമ്പര്യ ജോലികൾ. കച്ചവടങ്ങൾ തുലോം കുറവാണ്. കേരളത്തിൽ നിന്ന് വരുന്ന സാധനങ്ങളാണ് വിൽപ്പനക്ക് വെക്കാറ്. കയർ നിർമാണ യൂനിറ്റുകൾ സജീവമാണ്. വെളിച്ചണ്ണയും തേങ്ങാ ഉത്പന്ന നിർമാണ യൂനിറ്റികളും ഞങ്ങൾ സന്ദർശിച്ചു.

“കര’യിലേക്കുള്ള ആതുര യാത്ര

ഒരാഴ്ചയായി. ഇനി മടക്കമാണ്. രാവിലെ 10 മണിക്കാണ് കപ്പൽ. ഒമ്പത് മണി ആയപ്പോഴേക്കും എല്ലാവരോടും യാത്ര പറഞ്ഞിറങ്ങി. ദ്വീപിന്റെ പടിഞ്ഞാറ് വശത്തെ പഴയ ജെട്ടി വഴിയാണ് മടക്കം. ഇരുപതോളം യാത്രക്കാരുണ്ടാകും ബോട്ടിൽ. കൂടുതലും ദ്വീപ് വാസികൾ ആയിരുന്നു. ചികിത്സാ ആവശ്യർഥമാണ് അവരിൽ പലരും “കര’യിലേക്ക് (കേരളത്തെ അങ്ങനെയാണ് അവർ വിളിക്കുന്നത്) വരുന്നത്. ചികിത്സക്ക് തിരുവനന്തപുരത്തെയും എറണാകുളത്തെയും കോഴിക്കോടിനെയും അവർ ആശ്രയിക്കുന്നു. ചെറിയ ഇനം പ്രാഥമികാരോഗ്യ കേന്ദ്രങ്ങൾ മാത്രമാണ് ദ്വീപിലുള്ളത്.
ഞങ്ങളെയും വഹിച്ച് ബോട്ട് പോയ്‌ക്കൊണ്ടിരുന്നു. അമിനിയിലെയും കടമത്തിലെയും ബോട്ട് യാത്രക്കാരെ നിശ്ചിത സ്ഥലത്ത് വെച്ചാണ് കപ്പലിലേക്ക് കയറ്റുന്നത്. ആ സ്റ്റോപ്പ് ലക്ഷ്യം വെച്ച് ഞങ്ങൾ നീങ്ങി. തിരമാലയിൽ ബോട്ട് ആടിയുലഞ്ഞ് കൊണ്ടിരുന്നു. ഞങ്ങളുടെ ആധിപൂണ്ട മുഖം ബോട്ടിലുള്ള ദ്വീപുകാരിൽ ചിരി പടർത്തുന്നുണ്ടായിരുന്നു. ഏതായാലും അങ്ങ് ദൂരെ ഒരു വെളുത്ത പൊട്ട് ഞങ്ങൾ കണ്ടു. ചെറിയ ഇളക്കവും ഉണ്ടതിന്. മിനുട്ടുകൾക്കകം ആ പൊട്ട് കാണക്കാണെ വലുപ്പംവെച്ച് നൗകയായി മാറി. ബോട്ടിൽ നിന്ന് കയർ പിടിച്ചും മറ്റുള്ളവരുടെ സഹായത്താലും ആണുങ്ങളും പെണ്ണുങ്ങളും കയറിക്കൊണ്ടിരുന്നു. ഗർഭിണികളുടെയും രോഗികളുടെയും അവസ്ഥ കണ്ടപ്പോൾ കഷ്ടം തോന്നി. രോഗികളെയും കൊണ്ടുള്ള ദ്വീപുവാസികളുടെ യാത്രകൾ ഓർക്കാൻ പോലും വയ്യ. ആന്ത്രോത്ത് ദ്വീപിൽ മാത്രമാണ് എയർപോർട്ട് സൗകര്യമുള്ളത്. അതുപക്ഷേ സാധാരണക്കാർക്ക് അത്ര പ്രാപ്യമാകില്ലല്ലൊ.

അവസാനം ഞങ്ങളുടെ ഊഴമെത്തി. ബാഗ് പുറത്തേക്കിട്ട് ഞങ്ങളും ഏന്തി വലിഞ്ഞ് കയറി. വലിയ കപ്പൽ. ഒരുപാട് സൗകര്യങ്ങൾ. വേവ്വേറെ മുറികൾ. ഞങ്ങൾ കമ്പാർട്ട്‌മെന്റ് കണ്ടെത്തി ബാഗും സാധനങ്ങളുമെല്ലാം അവിടെ വച്ചു. അവസാനത്തെ യാത്രക്കാരനും കയറി. കവരത്തിയെന്ന ആ കപ്പലിന് ഇളക്കം തട്ടിത്തുടങ്ങിയിരിക്കുന്നു. അകന്നകന്ന് പോകുംതോറും ഞങ്ങൾ പാർത്തിരുന്ന അമിനി ദ്വീപും സയാമീസ് പോലെയുള്ള കടമത്ത് ദ്വീപും ദൃഷ്ടിയിൽ നിന്ന് മായാൻ തുടങ്ങി. ഇപ്പോൾ മരതക ദ്വീപുകൾ കാണാമറയത്താണ്. ഞങ്ങളും കപ്പലും കടലും മാത്രം. കടൽപ്പരപ്പിലേക്ക് കണ്ണുംനട്ട് ഇരുന്നു. ഞങ്ങളിൽ മൂകത തളം കെട്ടിനിന്നിരുന്നു. ദ്വീപിലെ വിസ്മയ കാഴ്ചകളും നാട്ടുകാരുടെ സ്‌നേഹവായ്പുകളും… കൊതിച്ച് തീരാത്ത ആ യാത്ര പറച്ചിൽ മനസ്സിനെ സങ്കടക്കടലാക്കി. പക്ഷേ താഴെ വെള്ളത്തിൽ നിന്ന് ചാടി വായുവിൽ നൃത്തം ചെയ്യുന്ന മീൻ കൂട്ടങ്ങൾ കണ്ടപ്പോൾ വീണ്ടും സന്തോഷം.

പി ടി എം റാഫി • [email protected]