Connect with us

Kannur

കീടനാശിനി: കേരളത്തിൽ നിന്നുള്ള കറിപ്പൊടികൾ തിരിച്ചയക്കുന്നു

Published

|

Last Updated

വ്യാപകമായ കീടനാശിനി ഉപയോഗം മൂലം കേരളത്തിൽ നിന്നുള്ള കറിപ്പൊടികൾക്ക് വിദേശ രാജ്യങ്ങളിൽ വിലക്ക് ഏർപ്പെടുത്തുന്നു. ഏറ്റവും ഒടുവിൽ കുവൈത്തും കേരളത്തിൽ നിന്നുള്ള മുളക്, കുരുമുളക് പൊടികൾക്ക് നിരോധനം ഏർപ്പെടുത്തി. നേരത്തെ സഊദിയും കറിപ്പൊടികൾക്ക് വിലക്ക് ഏർപ്പെടുത്തിയിരുന്നു.

കേരളത്തിൽ നിന്നുള്ള ചില കറിപ്പൊടികളിലും മസാലപ്പൊടികളിലും കീടനാശിനി അംശം കൂടുതലായതിനാൽ വിദേശ രാജ്യങ്ങളിൽ നിന്ന് വ്യാപകമായി തിരച്ചയച്ച് കൊണ്ടിരിക്കുമ്പോഴും സർക്കാർ ഇക്കാര്യത്തിൽ യാതൊരു നടപടിയും സ്വീകരിക്കുന്നില്ലെന്ന് കറിപ്പൊടികളിലും ആയുർവേദ മരുന്നുകളിലും വിഷാംശം ഉപയോഗിക്കുന്നതിനെതിരെ നിയമ പോരാട്ടം നടത്തുന്ന കണ്ണൂരിലെ ലെനോർഡ് ജോൺ പറയുന്നു.

യൂറോപ്യൻ രാജ്യങ്ങൾ നേരത്തെ തന്നെ കേരളത്തിലെ കറിപ്പൊടികൾ കീടനാശിനി പ്രയോഗം കാരണം നിർത്തലാക്കിയിരുന്നു. ഈയടുത്താണ് അറേബ്യൻ രാജ്യങ്ങളും നിയന്ത്രണം ഏർപ്പെടുത്തിത്തുടങ്ങിയത്. കേരളത്തിൽ നിന്നുള്ള കറിപ്പൊടികൾക്ക് മികച്ച വിപണം ലഭിക്കുന്ന രാജ്യങ്ങളാണ് ഗൾഫ് നാടുകൾ.

പത്തനംതിട്ടയിൽ നിന്ന് റഫറൽ ലാബിൽ പരിശോധനക്ക് അയച്ച രണ്ട് പ്രമുഖ കമ്പനികളുടെ ഉത്പന്നങ്ങളിൽ കീടനാശിനി അംശം കണ്ടെത്തി. ഇതേതുടർന്ന് നിയമ നടപടി സ്വീകരിച്ചതായും ഫുഡ് സേഫ്റ്റി അസിസ്റ്റന്റ് കമ്മീഷണറുടെ ഓഫീസ് അറിയിച്ചിരുന്നു. പക്ഷേ നടപടി കാര്യക്ഷമമാണെന്ന് തോന്നുന്നില്ല. അതിനാലാണ് കീടനാശിനി പ്രയോഗം കൂടുതലായി വരുന്നത്.

കോഴിക്കോട് ജില്ലയിൽ രണ്ടും എറണാകുളം ജില്ലയിൽ നാലും കമ്പനികളുടെ കറി പൗഡറുകളിൽ കീടനാശിനി അംശം കൂടുതലായി കണ്ടെത്തിയിരുന്നു. കുറ്റക്കാർ ശിക്ഷിക്കപ്പെടുന്നില്ല എന്നതാണ് വ്യാപകമാകാൻ കാരണം. പ്രശ്‌നം കോടതി കയറാതിരിക്കാൻ സ്‌പൈസസ് ബോർഡ് കൂട്ടുനിൽക്കുകയാണെന്ന് സംശയമുണ്ടെന്നും അദ്ദേഹം പറഞ്ഞു.