Connect with us

Kerala

സംസ്ഥാനത്ത് സിന്തറ്റിക് ഡ്രഗ് ട്രെൻഡ് ആയി മാറി: ഋഷിരാജ് സിംഗ്

Published

|

Last Updated

കോഴിക്കോട്: സിന്തറ്റിക് ഡ്രഗ്‌സ് ഉപയോഗം കേരളത്തിൽ ഒരു ട്രെൻഡായി മാറിയെന്ന് എക്‌സൈസ് കമ്മിഷണർ ഋഷിരാജ് സിംഗ്. ലഹരിയോ ഇത്തരം ഗുളികകളോ ഉപയോഗിക്കാതെ ആഘോഷങ്ങൾ പൂർണമാകില്ല എന്ന സ്ഥിതിയാണ് ഇന്ന് നിലവിലുള്ളത്. കേരളത്തിൽ ലഹരി ഉത്പാദനം ഇല്ല. അതിനാൽ തന്നെ ആന്ധ്ര, , തമിഴ്‌നാട്, കർണാടക, മഹാരാഷ്ട്ര തുടങ്ങിയ ഇതര സംസ്ഥാനങ്ങളിൽ നിന്നാണ് കേരളത്തിലേക്ക് ലഹരി ഉൽപ്പന്നങ്ങൾ എത്തുന്നത്.
അന്തർ സംസ്ഥാന സർവീസ് നടത്തുന്ന ആഡംബര ബസുകൾ വഴിയും, 35 ലക്ഷത്തോളം വരുന്ന ഇതര സംസ്ഥാന തൊഴിലാളികൾ വഴിയും, പച്ചക്കറി, മറ്റു ചരക്ക് വാഹനങ്ങൾ വഴിയുമെല്ലാം കടത്ത് നടക്കുന്നുണ്ട്.

ഈയിടെ 1000 ടൺ ലഹരി മരുന്ന് പിടിച്ചതിൽ പകുതിയും ഇതര സംസ്ഥാന തൊഴിലാളികളിൽ നിന്നായിരുന്നു. ബസുകളിൽ കടത്തുന്ന ലഹരി പൊതികളും, പച്ചക്കറികളിലും മറ്റുചരക്കുകൾക്കിടയിലും ഒളിപ്പിച്ചുകടത്തുന്ന ലഹരിപ്പൊതികളും കണ്ടെത്താൻ ഡിപ്പാർട്ട്മെന്റിന് നിലവിൽ സംവിധാനമില്ലാത്ത അവസ്ഥയാണ്.

രഹസ്യ വിവരങ്ങൾ ലഭിച്ചാൽ മാത്രമേ ഇവ കണ്ടെത്താനാകുന്നുള്ളു.
ഇങ്ങനെ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ നടത്തിയ വിശദ പരിശോധനയിൽ പകുതി ഭാഗം പച്ചക്കറി, മീൻ തുടങ്ങിയവ നിറച്ച് അതിനടിയിൽ കടത്തുകയായിരുന്ന 15,000 കിലോ ലഹരി മരുന്നാണ് ഒരു ലോറിയിൽ നിന്ന് പിടികൂടാനായത്. ഒരു കിലോയിൽ താഴെ കഞ്ചാവുമായി പിടിക്കപ്പെട്ടാൽ ജാമ്യം നൽകാമെന്ന നിയമമാണ് പലപ്പോഴും കടത്തുകാർ മുതലെടുക്കുന്നത്.
നിലവിൽ പോലീസിനുമാത്രം അനുമതിയുള്ള ജുവനൈൽ ജസ്റ്റിസ് ആക്ട്, എക്‌സൈസ് ഡിപ്പാർട്ട്മെന്റിന് കൂടി അനുവദിച്ചു നൽകണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്.
ഇത് അംഗീകരിച്ച് ഭേദഗതി വന്നാൽ സ്‌കൂൾ, കോളജ് പരിസരങ്ങളിലെ ലഹരി ഉപയോഗത്തിന് നന്നായി തടയിടാനാകുമെന്നും അദ്ദേഹം പറഞ്ഞു.