Connect with us

Ongoing News

കർണാടക ഉപതിരഞ്ഞെടുപ്പ് ചൂടിലേക്ക്

Published

|

Last Updated

ബെംഗളൂരു: ലോക്‌സഭാ തിരഞ്ഞെടുപ്പിന് ശേഷം കർണാടക വീണ്ടും ഉപതിരഞ്ഞെടുപ്പ് ചൂടിലേക്ക്. ഒഴിവ് വന്ന രണ്ട് നിയമസഭാ മണ്ഡലങ്ങളിലേക്കാണ് മെയ് 19ന് ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്. കൽബുർഗി ജില്ലയിലെ ചിഞ്ചോളി, ധാർവാഡ് ജില്ലയിലെ കുണ്ഡ്‌ഗോൽ നിയമസഭാ മണ്ഡലങ്ങളിലാണ് ഉപതിരഞ്ഞെടുപ്പ്. ഇതിന്റെ വിജ്ഞാപനം കർണാടക മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ പുറപ്പെടുവിച്ചു.

ലോക്‌സഭാ തിരഞ്ഞെടുപ്പ് ഫലത്തോടൊപ്പം നിയമസഭാ ഉപതിരഞ്ഞെടുപ്പ് ഫലവും പ്രഖ്യാപിക്കും. പട്ടികജാതി സംവരണ സീറ്റാണ് ചിഞ്ചോളി. കോൺഗ്രസ് എം എൽ എയായിരുന്ന ഡോ. ഉമേഷ് ജാദവ് പാർട്ടി അംഗത്വവും എം എൽ എ സ്ഥാനവും രാജിവെച്ചതിനെ തുടർന്നാണ് ചിഞ്ചോളിയിൽ ഉപതിരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്.

ബി ജെ പിയിൽ ചേർന്ന ഉമേഷ് ജാദവ് ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ഗുൽബർഗ മണ്ഡലത്തിൽ കോൺഗ്രസ് നേതാവും സിറ്റിംഗ് എം പിയുമായ മല്ലികാർജുൻ ഖാർഗെക്കെതിരെ മത്സരിക്കുകയും ചെയ്തു.

കുണ്ഡ്‌ഗോൽ എം എൽ എയായ മന്ത്രി സി എസ് ശിവള്ളി അന്തരിച്ചതോടെയാണ് ഇവിടെ ഉപതിരഞ്ഞെടുപ്പ് ആവശ്യമായി വന്നത്. ഇരുമണ്ഡലങ്ങളിലും നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള അവസാന തിയ്യതി 29 ആണ്. കുണ്ഡ്‌ഗോളിൽ സി എസ് ശിവള്ളിയുടെ ഭാര്യ കുസുമാ ശിവള്ളിയാണ് കോൺഗ്രസ് സ്ഥാനാർഥി.
കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ശിവള്ളിയോട് മൂവായിരം വോട്ടിന് പരാജയപ്പെട്ട ചിക്കന ഗൗഡറെ തന്നെയാണ് ബി ജെ പി ഇത്തവണയും ഇവിടെ രംഗത്തിറക്കുന്നത്.