Connect with us

Articles

മലേഗാവിന് മേലെ ഒരു "ഭീകരവിരുദ്ധത'യും പറക്കില്ല

Published

|

Last Updated

ഭീകരതക്കെതിരായ യുദ്ധപ്രഖ്യാപനമാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയും അദ്ദേഹത്തിന്റെ സര്‍ക്കാറും നടത്തിക്കൊണ്ടിരിക്കുന്നത്. എല്ലാ ഭീകരവാദികളെയും ഭീകരവാദത്തെയും ഉന്മൂലനം ചെയ്യുകയാണ് തന്റെ ലക്ഷ്യമെന്ന് അദ്ദേഹം പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്. ഭീകരവാദികള്‍ ഏതെങ്കിലും പ്രത്യേക വിഭാഗത്തില്‍ നിന്നുള്ളവര്‍ മാത്രമല്ല. ഹിന്ദു തീവ്രവാദവും യാഥാര്‍ഥ്യമാണ്. ഇവര്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ കൂട്ടക്കുരുതികള്‍ നടത്തുകയും ചെയ്തിരിക്കുകയാണ്.

മഹാരാഷ്ട്രയിലെ മലേഗാവില്‍ സ്വാധി പ്രജ്ഞാസിംഗ് ഠാക്കൂറിന്റെ നേതൃത്വത്തില്‍ 2008 സെപ്തംബറില്‍ നടത്തിയ സ്‌ഫോടനത്തില്‍ ഏഴ് പേര്‍ മരിക്കുകയും നൂറിലേറെപ്പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. ഈ കേസില്‍ സ്വാധി പ്രജ്ഞാസിംഗ് അറസ്റ്റ് ചെയ്യപ്പെട്ടു. സമാനമായ ഹിന്ദു ഭീകരവാദികളുടെ നേതൃത്വത്തില്‍ നടന്ന ഭീകരാക്രമണങ്ങളാണ് പാനിപ്പറ്റിലെ സംഝോത എക്‌സ്പ്രസ് സ്‌ഫോടനം(2007), ഹൈദരാബാദിലെ മക്ക മസ്ജിദ് സ്‌ഫോടനം(2007), അജ്മീര്‍ ദര്‍ഗാ സ്‌ഫോടനം(2007) തുടങ്ങിയവ. ഇവയെല്ലാം നടത്തിയത് അഭിനവ് ഭാരത് എന്ന പേരില്‍ പ്രവര്‍ത്തിക്കുന്ന ഭീകരവാദികളാണെന്ന് തെളിയുകയും ചെയ്തിട്ടുണ്ട്.

മുംബൈയില്‍ 2008 നവംബര്‍ 28ന് നടന്ന ഭീകരാക്രമണത്തിലാണ് അജ്ഞാതരുടെ വെടിയേറ്റ് ഹേമന്ദ് കര്‍ക്കറെ വീരമൃത്യു വരിച്ചത്. മഹാരാഷ്ട്രയിലേതുള്‍പ്പെടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടന്ന ബോംബ് സ്‌ഫോടനകേസുകള്‍ക്ക് തുമ്പുണ്ടാക്കിയത് കര്‍ക്കറെ ആണ്. 2009 ജനുവരി 26ന് രാഷ്ട്രം മരണാനന്തര ബഹുമതിയായി അശോകചക്ര നല്‍കി അദ്ദേഹത്തെ ആദരിച്ചു.
മുംബൈ പോലീസിന്റെ തീവ്രവാദ വിരുദ്ധ നിയമ (എ ടി എസ്) തലവന്‍ ഹേമന്ദ് കര്‍ക്കറെ താന്‍ ശപിച്ച് ഇല്ലാതാക്കിയെന്നാണ് മലേഗാവ് സ്‌ഫോടന കേസിലെ പ്രതി സ്വാധി പ്രജ്ഞാസിംഗ് പ്രസ്താവിച്ചിരിക്കുന്നത്. രാജ്യത്ത് കോളിളക്കം സൃഷ്ടിച്ച പ്രസ്താവനയായിരുന്നു ഇത്. വന്‍ പ്രതിഷേധം എല്ലാ മേഖലയില്‍ നിന്നും ഉയര്‍ന്നതോടെ മാപ്പ് പറഞ്ഞ് പ്രജ്ഞാസിംഗ് പ്രസ്താവനയില്‍ നിന്ന് പിന്‍മാറിയിരിക്കുകയാണ്.

മധ്യപ്രദേശിലെ ഭോപ്പാലില്‍ ഒരു പൊതുയോഗത്തിലാണ് പ്രജ്ഞാസിംഗ് മുംബൈ ഭീകരാക്രമണത്തിനിടെ വീരമൃത്യു വരിച്ച കര്‍ക്കറെക്ക് എതിരെ വിവാദ പരാമര്‍ശം നടത്തിയത്. മലേഗാവ് സ്‌ഫോടന കേസില്‍ അറസ്റ്റിലായപ്പോള്‍ അദ്ദേഹം തന്നോട് വളരെ മോശമായാണ് പെരുമാറിയത്. തന്നെ തെറ്റായാണ് പ്രതിപ്പട്ടികയില്‍ ഉള്‍പ്പെടുത്തിയത്. തെളിവില്ലെങ്കില്‍ തന്നെ വിട്ടയക്കണമെന്ന് മാലേഗാവ് അന്വേഷണ സംഘം അയാളോട് ആവശ്യപ്പെട്ടു. എന്നാല്‍ തെളിവുണ്ടാക്കുമെന്നും വിട്ടയക്കില്ലെന്നുമായിരുന്നു മറുപടി. അന്ന് ഞാന്‍ പറഞ്ഞതാണ്, അയാളുടെ സര്‍വനാശമടുത്തെന്ന്. ഞാനയാളെ ശപിച്ചു. ഞാന്‍ അന്ന് മുംബൈ ജയിലില്‍ ആയിരുന്നു. എന്നെ കുടുക്കിയത് ചതിയിലൂടെയാണ്. അത് അയാളുടെ കൗശലമാണ്. അയാള്‍ മതത്തിന് എതിരായിരുന്നു. ഞാനയാളെ ശപിച്ചു.

മാസങ്ങള്‍ക്കുള്ളില്‍ തന്നെ ഒരു കുടുംബാംഗത്തിന്റെ അന്ത്യകര്‍മം ചെയ്യേണ്ടി വന്നു. അധികം താമസിക്കാതെ തന്നെ ഭീകരര്‍ അയാളുടെയും ജീവനെടുത്തു. സ്വന്തം കര്‍മഫലത്താലാണ് അദ്ദേഹത്തിന് ജീവന്‍ നഷ്ടപ്പെട്ടതെന്നും പ്രജ്ഞാസിംഗ് പറഞ്ഞു. കഴിഞ്ഞ ആഴ്ച മാത്രം ബി ജെ പിയില്‍ ചേര്‍ന്ന പ്രജ്ഞാസിംഗ് ഭോപ്പാല്‍ മണ്ഡലത്തില്‍ കോണ്‍ഗ്രസ് നേതാവ് ദിഗ്‌വിജയ് സിംഗിന് എതിരെ മത്സരിക്കുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തു.

എന്നാല്‍, കര്‍ക്കറെ അര്‍പ്പണ ബോധമുള്ള പോലീസ് ഉദ്യോഗസ്ഥനായിരുന്നുവെന്ന് ഭോപ്പാലില്‍ പ്രജ്ഞയുടെ എതിരാളിയായ ദിഗ്‌വിജയ് സിംഗ് തിരിച്ചടിച്ചു. മരണാനന്തര ബഹുമതിയായി അശോകചക്രം നല്‍കി രാജ്യം ആദരിച്ച ഐ പി എസ് ഉദ്യോഗസ്ഥന്‍ ഹേമന്ദ് കര്‍ക്കറെയെ അവഹേളിച്ച പ്രജ്ഞാസിംഗിനെതിരെ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി അടക്കം പ്രതിപക്ഷം ഒന്നടങ്കം പ്രതിഷേധവുമായി രംഗത്ത് വന്നിട്ടുണ്ട്. ഇന്ത്യയെ സംരക്ഷിക്കാന്‍ ജീവന്‍ നല്‍കിയ ഹേമന്ദ് കര്‍ക്കറെയെ ആദരവോടെയാണ് സമീപിക്കേണ്ടിയിരുന്നതെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു.

ബി ജെ പി തനിനിറം കാണിക്കുകയാണെന്നും ആ പാര്‍ട്ടി സ്വന്തം സ്ഥാനം എവിടെയാണെന്ന് പ്രദര്‍ശിപ്പിക്കുകയാണെന്നും ആം ആദ്മി പാര്‍ട്ടി നേതാവ് അരവിന്ദ് കെജ്‌രിവാള്‍ പ്രതികരിച്ചു. ബി ജെ പിയുടെ ലോക്‌സഭാ സ്ഥാനാര്‍ഥി പ്രജ്ഞാസിംഗിന്റെ അവഹേളന പ്രസ്താവനയെ ശക്തമായ ഭാഷയില്‍ അപലപിക്കുന്നുവെന്നും കെജ്‌രിവാള്‍ പറഞ്ഞു. പ്രജ്ഞയുടെ പ്രസ്താവനക്ക് ബി ജെ പി മാപ്പ് പറയണമെന്ന് ആം ആദ്മി പാര്‍ട്ടി ആവശ്യപ്പെട്ടു.

മുംബൈ ഭീകരാക്രമണ വേളയില്‍ ഭീകരരോട് പൊരുതി മരിച്ച ഹേമന്ദ് കര്‍ക്കറെ അഭിമാനമുണര്‍ത്തുന്നുവെന്നും രാജ്യം അദ്ദേഹത്തോട് കടപ്പെട്ടിരിക്കുന്നുവെന്നും പാര്‍ട്ടി വ്യക്തമാക്കി. രാജ്യത്തിനായി ജീവന്‍ ബലിയര്‍പ്പിച്ച കര്‍ക്കറെയോടുള്ള അവഹേളനം രാജ്യത്തിനായി പോരാടുന്ന മുഴുവന്‍ ആളുകളെയും അപമാനിക്കുന്നതിന് തുല്യമാണെന്ന് എന്‍ സി പി കുറ്റപ്പെടുത്തി. ബി ജെ പിയുടെ ഉള്ളിലുള്ള വര്‍ത്തമാനമാണ് പ്രജ്ഞ പറഞ്ഞതെന്ന് രാഷ്ട്രീയ ജനതാദള്‍ നേതാവ് തേജസ്വി യാദവ് കുറ്റപ്പെടുത്തി. ഇതുകൂടാതെ, പ്രജ്ഞാസിംഗിന്റെ പ്രസ്താവനക്കെതിരെ ഐ പി എസ് അസോസിയേഷനും പി ഡി പിയും രംഗത്തെത്തി.

എന്നാല്‍ ഇത്രയും രൂക്ഷമായ പ്രതിഷേധം അരങ്ങേറുമ്പോഴും കൈകഴുകാനാണ് ബി ജെ പി ശ്രമിച്ചത്. പ്രജ്ഞയുടെ നിലപാട് വ്യക്തിപരമാണെന്നും അത് പാര്‍ട്ടിയുടേതല്ലെന്നും പറഞ്ഞ് ബി ജെ പി വക്താവ് നളിന്‍ കോഹ്‌ലി കൈകഴുകി. രാജ്യത്തിനു വേണ്ടി കൊല്ലപ്പെട്ട മറ്റെല്ലാ സൈനികരെയും പോലെ ഹേമന്ദ് കര്‍ക്കറയെയും അഭിവാദ്യം ചെയ്യുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

എന്തായാലും സ്വാധി പ്രജ്ഞാസിംഗിനെതിരെ തിരഞ്ഞെടുപ്പ് ചട്ടം ലംഘിച്ചതിന്റെ പേരില്‍ പരാതി ലഭിച്ചതായി മധ്യപ്രദേശ് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഇതിനകം അറിയിച്ചിട്ടുണ്ട്. ഭോപ്പാലിലെ ബി ജെ പി സ്ഥാനാര്‍ഥി പ്രജ്ഞാസിംഗിന്റെ സ്ഥാനാര്‍ഥിത്വത്തില്‍ നിലപാട് അറിയിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് എന്‍ ഐ എക്ക് മാലേഗാവ് സ്‌ഫോടന കേസ് പരിഗണിക്കുന്ന കോടതി നോട്ടീസ് അയക്കുകയും ചെയ്തിട്ടുണ്ട്. പ്രജ്ഞാസിംഗ് പ്രതിയായ മലേഗാവ് സ്‌ഫോടന കേസില്‍ കൊല്ലപ്പെട്ട ഒരാളുടെ പിതാവ് നല്‍കിയ ഹരജിയിലാണ് ഈ നടപടി.

ഹിന്ദുത്വ ഭീകരരെ നേരിടുന്നതിന് കര്‍ക്കറെ സ്വീകരിച്ച ശക്തമായ നടപടികളെ തുടര്‍ന്നാണ് അദ്ദേഹം കൊല്ലപ്പെട്ടിരിക്കുന്നതെന്ന് അനുമാനിക്കാം. രാജ്യത്തെ ഹിന്ദുത്വ ഭീകര ശൃംഖലയുടെ തെളിവുകള്‍ സമാഹരിച്ച് കൊണ്ടിരിക്കെ മഹാരാഷ്ട്ര ഭീകരവിരുദ്ധ സ്‌ക്വാഡ് തലവന്‍ ഹേമന്ദ് കര്‍ക്കറെ കൊല്ലപ്പെട്ടത് സംബന്ധിച്ച് ദുരൂഹതയേറുന്ന പ്രതികരണമാണ് അദ്ദേഹം തന്നെ അറസ്റ്റ് ചെയ്ത പ്രതി പ്രജ്ഞാസിംഗില്‍ നിന്ന് പുറത്തുവന്നിരിക്കുന്നത്.

മലേഗാവ് സ്‌ഫോടന കേസുപോലെ സംഝോത സ്‌ഫോടനത്തിന് പിറകിലും ഹിന്ദുത്വ തീവ്രവാദികളാണെന്നതിന് കൃത്യമായ തെളിവ് തനിക്ക് ലഭിച്ചെന്ന് ഈ സ്‌ഫോടന കേസ് അന്വേഷിച്ച എസ് ഐ ടി മേധാവി വികാസ് നാരായണ്‍ ഹേമന്ദ് കര്‍ക്കറെയോട് പറഞ്ഞിരുന്നതുമാണ്. തെളിവുകള്‍ ചേര്‍ത്തുവെച്ചു കൊണ്ടിരിക്കുകയാണെന്നും അതുകഴിഞ്ഞാല്‍ തന്റെ പക്കലുള്ള തെളിവുകള്‍ പങ്കുവെക്കാമെന്നും കര്‍ക്കറെ ഉദ്യോഗസ്ഥര്‍ക്ക് ഉറപ്പ് നല്‍കിയിരുന്നതുമാണ്. ഇതിനിടയിലാണ് മുംബൈ സ്‌ഫോടനവും കര്‍ക്കറെ കൊല്ലപ്പെടുന്നതും.

ഭോപ്പാലില്‍ പ്രജ്ഞയെ സ്ഥാനാര്‍ഥിയാക്കിയ ബി ജെ പിക്കാരനായ ശിവരാജ് സിംഗ് ചൗഹാന്‍ തന്നെയാണ് പ്രജ്ഞാസിംഗിനെ ആദ്യമായി അറസ്റ്റ് ചെയ്യുന്നത്. ആര്‍ എസ് എസ് പ്രചാരകന്‍ സുനില്‍ ജോഷിയെ കൊലപ്പെടുത്തിയ കേസിലായിരുന്നു ഈ അറസ്റ്റ്.

പ്രമാദമായ ക്രിമിനല്‍ കേസുകളിലെ പ്രതികള്‍ തിരഞ്ഞെടുപ്പുകളില്‍ മത്സരിക്കുന്നത് ഇത് ആദ്യത്തെ സംഭവമല്ല. എന്നാല്‍ ഒരു രാജ്യത്തെ തന്നെ നടുക്കിയ ഭീകരാക്രമണ കേസിലെ മുഖ്യപ്രതിയെ രാജ്യത്തെ ഭരണകക്ഷിയും മുഖ്യ രാഷ്ട്രീയ പാര്‍ട്ടിയുമായ ബി ജെ പി തന്നെ തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിയായി നിര്‍ത്തുന്നത് ഇത്തരത്തിലെ ആദ്യത്തെ സംഭവമാണ്. ഭീകരവാദത്തിനും ഭീകരവാദികളുടെ നേതൃത്വത്തില്‍ നടക്കുന്ന കൂട്ടക്കൊലകള്‍ക്കും വന്‍ സ്‌ഫോടനങ്ങള്‍ക്കും എതിരായി ശക്തമായി പ്രതികരിക്കുകയും നടപടികള്‍ സ്വീകരിക്കുകയും ചെയ്യുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി ഹിന്ദു ഭീകരരെയും ഹിന്ദു ഭീകര പ്രസ്ഥാനങ്ങളെയും പരസ്യമായി പിന്തുണക്കുകയാണെന്ന പ്രതീതിയാണ് പ്രജ്ഞാസിംഗിന്റെ സ്ഥാനാര്‍ഥിത്വം ഉളവാക്കിയിട്ടുള്ളത്.

അക്രമകാരികളുടെയും ഹിന്ദു ഭീകരരുടെയും സംരക്ഷകരായി മാറിയിരിക്കുയാണോ മോദിയും കേന്ദ്ര സര്‍ക്കാറും? ഇങ്ങനെ നിലപാട് സ്വീകരിക്കുന്ന ഒരു ഭരണാധികാരിക്ക് മറ്റു വിഭാഗങ്ങളില്‍ നിന്നുള്ള ഭീകരവാദികളെയും ഭീകരപ്രസ്ഥാനങ്ങളെയും നേരിടാനോ ആത്മാര്‍ഥമായി ചോദ്യം ചെയ്യാനോ ഒരിക്കലും സാധിക്കുകയില്ല.

മറ്റു ജനാധിപത്യ രാജ്യങ്ങളിലൊന്നുമില്ലാത്ത ഏറ്റവും ഗുരുതരമായ സ്ഥിതിവിശേഷമാണ് ഈ സംഭവത്തോടുകൂടി ഇപ്പോള്‍ രാജ്യത്ത് ഉണ്ടായിരിക്കുന്നത്. രാജ്യം തന്നെ അപകടകാരികളായ, നീതിയുടെ പക്ഷം സ്വീകരിക്കാനറിയാത്ത ഭരണാധികാരികളുടെ കൈകളില്‍ അമര്‍ന്നിരിക്കുന്നു. പ്രജ്ഞാസിംഗിന്റെ പ്രസ്താവനയും അവരുടെ സ്ഥാനാര്‍ഥിത്വവും വെളിപ്പെടുത്തുന്നത് ഇതൊക്കെയാണ്. രാജ്യത്തെ ജനാധിപത്യ വിശ്വാസികളായ ജനകോടികള്‍ ഗൗരവമായി കാണേണ്ട ഒരു വസ്തുതയുമാണിത്.

അഡ്വ. ജി സുഗുണന്‍

കേരള സർവ്വകലാശാല മുൻ സിൻഡിക്കേറ്റ് അംഗം. ഫോൺ നമ്പർ : 9847132428

Latest