കണ്ണൂർ: സംസ്ഥാനത്ത് ഏറ്റവും കൂടുതൽ പോളിംഗ് രേഖപ്പെടുത്തിയ കണ്ണൂർ ലോക്‌സഭാ മണ്ഡലത്തിൽ ഇരു മുന്നണികളും പ്രതീക്ഷയർപ്പിക്കുന്നുണ്ടെങ്കിലും ആശങ്കയിലുമാണ് അവർ. പോളിംഗ് കൂടിയത് ആരെ തുണക്കുമെന്നത് മാത്രമല്ല മുന്നണികളെ വലക്കുന്നത്. ബി ജെ പി വോട്ട് കെ സുധാകരന് മറിച്ചുവെന്നതാണ് എൽ ഡി എഫിനെ ആശങ്കയിലാക്കുന്നതെങ്കിൽ, കള്ളവോട്ട് ചെയ്തുവെന്ന സംശയമാണ് യു ഡി എഫിന്റെ നെഞ്ചിടിപ്പിക്കുന്നത്. കണ്ണൂർ ജില്ലയിൽ 82.92 ശതമാനം പോളിംഗാണ് രേഖപ്പെടുത്തിയത്.
കണ്ണൂർ പാർലിമെന്റ്മണ്ഡലത്തിൽ 83.92 ശതമാനം പോളിംഗ് രേഖപ്പെടുത്തി. 2014 ലെ തിരഞ്ഞെടുപ്പിൽ ജില്ലയിലെ പോളിങ്ങ് ശതമാനം 81.18 ഉം മണ്ഡലത്തിൽ 81.33 ശതമാനവുമായിരുന്നു. രാത്രി 11 മണിക്കാണ് പല ബൂത്തുകളിലും പോളിംഗ് അവസാനിച്ചത്. വോട്ടെടുപ്പിന്റെ എല്ലാ സമയവും ബൂത്തുകളിൽ നല്ല തിരക്കാണ് അനുഭവപ്പെട്ടത്.
വോട്ട് ചെയ്യാൻ ജനങ്ങൾ കാണിച്ച ആവേശം തങ്ങൾക്കനുകൂലമാണെന്ന് ഇരു മുന്നണികളും അവകാശപ്പെടുന്നുണ്ട്. സ്ഥാനാർഥികളായ പി കെ ശ്രീമതിയും കെ സുധാകരനും വിജയം നേടുമെന്ന് ഉറച്ച് തന്നെ പറയുന്നു. എന്നാൽ ആത്മാർത്ഥമായി ഇക്കാര്യം പറയാൻ അവർക്കും കഴിയുന്നില്ലെന്നതാണ് സത്യം. മുന്നണി പ്രവർത്തകർ വോട്ടെടുപ്പ് ദിവസം ബൂത്തുകളിൽ നിന്ന് ശേഖരിച്ച കണക്ക് മേൽ കമ്മിറ്റിക്ക് കൈമാറിയിട്ടുണ്ട്. ചെയ്ത വോട്ടിന്റെ അടിസ്ഥാനത്തിൽ തങ്ങൾക്ക് ലഭിക്കുമെന്ന് ഉറപ്പുള്ള വോട്ടുകളുടെ എണ്ണമാണ് നൽകുന്നത്. 2014 ലെ തിരഞ്ഞെടുപ്പിലെ പോളിംഗിനേക്കാൾ അസംബ്ലി മണ്ഡലങ്ങളിൽ അഞ്ച് ശതമാനം വരെ പോളിംഗ് വർധിച്ചിട്ടുണ്ട്. 2016ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ അസംബ്ലി മണ്ഡലങ്ങളിൽ രേഖപ്പെടുത്തിയതിനേക്കാളും പോളിംഗ് വലിയ തോതിൽ വർധിച്ചു. കെ എം ഷാജി വിജയിച്ച അഴീക്കോട് മണ്ഡലത്തിൽ മാത്രമാണ് നിയമസഭാ തിരഞ്ഞെടുപ്പിനേക്കാൾ കുറവ് പോളിംഗ് രേഖപ്പെടുത്തിയത്. പോളിംഗ് വർധന ഏതെങ്കിലും മുന്നണിക്ക് സ്വാധീനമുള്ള മണ്ഡലത്തിൽ മാത്രമല്ലെന്നതും ശ്രദ്ധേയമാണ്.
ബൂത്തുകളിലെ ബി ജെ പി അസാന്നിധ്യം ഇടത് മുന്നണിയുടെ പ്രതീക്ഷക്ക് മങ്ങലേൽപ്പിച്ചിട്ടുണ്ട്. മണ്ഡലത്തിലെ മിക്ക ബൂത്തുകളിലും പേരിന് ഏജന്റുമാരുണ്ടെന്നതൊഴിച്ചാൽ ബൂത്ത് കേന്ദ്രങ്ങളിൽ ബി ജെ പി പ്രവർത്തകർ നിർജീവമായിരുന്നു. ഇത് ബി ജെ പി വോട്ട് യു ഡി എഫ് സ്ഥാനാർഥി കെ സുധാകരന് നൽകിയെന്നതിന് തെളിവാണെന്ന് എൽ ഡി എഫ് വൃത്തങ്ങൾ ആരോപിക്കുന്നു. തിരഞ്ഞെടുപ്പ് പ്രചാരണ സമയത്തും എൽ ഡി എഫ് ഇക്കാര്യത്തിൽ ആരോപണമുന്നയിച്ചിരുന്നു. അത് ശരിവെക്കുന്ന തരത്തിലായിരുന്നു തിരഞ്ഞെടുപ്പ് ദിവസം ബി ജെ പിയുടെ സമീപനം. എൽ ഡി എഫ് ആരോപണം യു ഡി എഫും ബി ജെ പിയും തള്ളുന്നുണ്ടെങ്കിലും ജനങ്ങളിലും ഇത് സംശയമുണ്ടാക്കിയിട്ടുണ്ട്. 2014 ലെ തിരഞ്ഞെടുപ്പിൽ 6,566 വോട്ടുകൾക്കാണ് കെ സുധാകരൻ പി കെ ശ്രീമതിയോട് പരാജയപ്പെട്ടത്. ബി ജെ പിക്ക് കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ 51,512 വോട്ടുകൾ ലഭിച്ചിരുന്നു. 2016 ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ ബി ജെ പിക്ക് ലഭിച്ച വോട്ടുകൾ ഒരു ലക്ഷത്തോളമാണ്. അത് കൊണ്ട് തന്നെ ബി ജെ പി വോട്ടുകളിൽ ഒരു പങ്ക് കെ സുധാകരന് മറിച്ചെങ്കിൽ എൽ ഡി എഫിന് തിരിച്ചടിക്ക് കാരണമാകുമെന്നാണ് വിലയിരുത്തൽ.
പോളിംഗ് വർധനക്ക് ഒരു പ്രധാന കാരണം കള്ളവോട്ടാണെന്നാണ് യു ഡി എഫിന്റെ ആരോപണം. സ്ഥാനാർഥി കെ സുധാകരൻ തന്നെ ആരോപണവുമായി രംഗത്തെത്തിയിട്ടുണ്ട്. കള്ളവോട്ടുകൾ എത്രത്തോളം ചെയ്തുവെന്ന കണക്ക് യു ഡി എഫ് ശേഖരിക്കുന്നുണ്ടെന്നാണ് പറയുന്നത്. ഏതായാലും തിരഞ്ഞെടുപ്പ് പ്രചാരണ വേളയിൽ ജയിക്കുമെന്ന് ഉറപ്പിച്ച് പറഞ്ഞിരുന്ന സ്ഥാനാർഥികളും മുന്നണി നേതൃത്വങ്ങളും വോട്ടെടുപ്പ് കഴിഞ്ഞപ്പോൾ അൽപം ആശങ്കയിൽ തന്നെയാണ്.