Connect with us

Ongoing News

ശ്രീലങ്ക ഭീകരാക്രമണം: പരസ്പരം പഴിചാരി 'തൗഹീദ്' സംഘങ്ങൾ

Published

|

Last Updated

കൊളംബോ/ ചെന്നൈ: ശ്രീലങ്കൻ സ്‌ഫോടന പരമ്പരക്ക് പിറകേ സലഫീ ഗ്രൂപ്പുകളുടെ പേരിലെ കളികളും പിളർപ്പുകളും ചർച്ചയാകുന്നു. സ്‌ഫോടന പരമ്പരയുമായി ബന്ധപ്പെട്ട് ആരോപണ വിധേയമായ നാഷനൽ തൗഹീദ് ജമാഅത്തിന്റെ പേരിനോട് സാമ്യമുള്ള നിരവധി സംഘടനകൾ ശ്രീലങ്കയിലുണ്ട്. ഇവയിൽ പലതും എൻ ടി ജെയെ തള്ളിപ്പറഞ്ഞ് രംഗത്തെത്തിയെങ്കിലും ഇവയുടെ ആശയാടിത്തറ ഒന്നാണെന്ന വസ്തുത ബലപ്പെടുകയാണ്. സ്‌ഫോടനത്തിന്റെ ഉത്തരവാദിത്വം ഐ എസ് അവകാശപ്പെട്ടിട്ടുണ്ടെങ്കിലും റിക്രൂട്ട്‌മെന്റ് അടക്കമുള്ളവയിൽ എൻ ടി ജെയുടെ പങ്ക് ശ്രീലങ്കൻ സർക്കാർ തള്ളിക്കളയുന്നുമില്ല.

എൻ ടി ജെയുടെ മാതൃസംഘടനയെന്ന് വിശേഷിപ്പിക്കാവുന്ന ശ്രീലങ്കാ തൗഹീദ് ജമാഅത്ത് (എസ് എൽ ടി ജെ) പറയുന്നത് തങ്ങൾക്ക് സ്‌ഫോടനവുമായി ഒരു ബന്ധവുമില്ലെന്നാണ്. തങ്ങളുടെ ശക്തി കേന്ദ്രമായ കാൻഡിയിൽ രക്തദാന ക്യാമ്പയിൻ സംഘടിപ്പിച്ച് സ്‌ഫോടന ഇരകളോട് എസ് എൽ ടി ജെ ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നുണ്ട്. സാമൂഹിക മാധ്യമങ്ങളിൽ ഭീകരവാദികൾക്കെതിരെ ശക്തമായ പ്രചാരണവും ഇവർ നടത്തുന്നു. എന്നാൽ ഈ സംഘടനയും സലഫീ ആശയധാരയുമായി ഏറെ അടുപ്പം പുലർത്തുന്നതാണെന്ന് ചരിത്രം വ്യക്തമാക്കുന്നു. മതവിഭജനം സൃഷ്ടിക്കുന്ന പ്രസംഗങ്ങൾക്ക് ഇതിന്റെ നേതാക്കൾ അറസ്റ്റിലായിരുന്നു. തീവ്രത പോരെന്ന ആക്ഷേപം മാത്രമേ നാഷനൽ തൗഹീദുകാർ എസ് എൽ ടി ജെക്കെതിരെ ഉന്നയിക്കുന്നുള്ളൂ.

എസ് എൽ ടി ജെക്ക് തീവ്രവാദ പ്രവണതയുണ്ടെന്നാണ് മറ്റൊരു സലഫീ ഗ്രൂപ്പായ സിലോൺ തൗഹീദ് ജമാഅത്ത് ആരോപിക്കുന്നത്. മതപരവും സംഘടനാപരവുമായി കടുത്ത അഭിപ്രായവ്യാതാസമുള്ളത് കൊണ്ടാണ് സിലോൺ തൗഹീദ് ജമാഅത്തെന്ന പേരിൽ പുതിയ സംഘടനയുണ്ടാക്കിയതെന്ന് എസ് എൽ ടി ജെ മുൻ അസിസ്റ്റന്റ് സക്രട്ടറി റാസ്മിൻ വാർത്താ ഏജൻസിയോട് പറഞ്ഞു.

“നാഷനൽ തൗഹീദ് ജമാഅത്തിന്റെ നേതാവെന്ന് കരുതപ്പെടുന്ന സഹാറൻ എന്നയാളുമായി എസ് എൽ ടി ജെയിലെ നേതാക്കൾക്ക് ബന്ധമുണ്ട്. അദ്ദേഹം കിഴക്കൻ പ്രവിശ്യയായ ബാറ്റിക്കലോവ കേന്ദ്രീകരിച്ച് സാമൂഹിക മാധ്യമങ്ങളിൽ വൻ ഇടപെടൽ നടത്തിയിരുന്നു. ഐ എസ് ആശയഗതിയെ പിന്തുണക്കുന്ന നിരവധി പോസ്റ്റുകൾ അദ്ദേഹത്തിന്റെതായി വന്നിട്ടുണ്ട്. ഇക്കാര്യം മൂന്ന് വർഷം മുമ്പ് തന്നെ രഹസ്യാന്വേഷണ ഏജൻസികളുടെ ശ്രദ്ധയിൽ പെടുത്തിയിരുന്നുവെ”ന്നും റാസ്മിൻ പറഞ്ഞു. നാഷനൽ തൗഹീദ് ജമാഅത്തിനെ തള്ളിപ്പറയാൻ എസ് എൽ ടി ജെക്ക് സാധിക്കില്ലെന്നാണ് സിലോൺ തൗഹീദുകാരുടെ വാദം.
അതിനിടെ, നാഷനൽ തൗഹീദ് ജമാഅത്തിനെ തള്ളിപ്പറഞ്ഞ് തമിഴ്‌നാട് തൗഹീദ് ജമാഅത്ത് വീണ്ടും രംഗത്ത് വന്നു.

പേരിൽ തൗഹീദ് ഉണ്ടെന്ന് വെച്ച് ഇരു സംഘടനകളും തമ്മിൽ ബന്ധമുണ്ടെന്ന് ആരോപിക്കുന്നത് ബാലിശമാണെന്ന് ടി എൻ ടി ജെ വക്താവ് അബ്ദുർ റഹ്മാൻ പറഞ്ഞു. തമിഴ്‌നാട്ടിൽ ദർഗകൾക്കും പൂണ്യ കേന്ദ്രങ്ങൾക്കുമെതിരെ പ്രവർത്തിച്ചു വരുന്ന സലഫീ സംഘടനയാണ് തമിഴ്‌നാട് തൗഹീദ് ജമാഅത്ത്. ശ്രീലങ്ക തങ്ങളുടെ പ്രവർത്തന മേഖലയാണെന്ന് സംഘടന തന്നെ സമ്മതിക്കുന്നുണ്ട്.

2015ൽ ടി എൻ ടി ജെയുടെ നേതാവ് പി സൈനുൽ ആബിദീനെ ശ്രീലങ്കൻ തൗഹീദ് ജമാഅത്തിന്റെ ഒരു പരിപാടിയിലേക്ക് ക്ഷണിച്ചിരുന്നു. ഖുർആന്റെ സിംഹള പരിഭാഷയിറക്കുന്ന ചടങ്ങിലേക്കായിരുന്നു ക്ഷണം. പക്ഷേ അദ്ദേഹത്തിന് ആ ചടങ്ങിൽ പങ്കെടുക്കാനായില്ല. ശ്രീലങ്കയിലെ സംഘടനയുമായി ബന്ധമില്ലെന്നതിന് തെളിവായി ഇക്കാര്യം തമിഴ്‌നാട് തൗഹീദ് ജമാഅത്ത് ഉയർത്തിക്കാണിക്കുന്നുണ്ട്.

“തൗഹീദ് സംഘ”ങ്ങൾ പരസ്പരം കുറ്റപ്പെടുത്തുകയും സ്വയം ന്യായീകരിക്കുകയും ചെയ്യുമ്പോൾ പല പേരിൽ അറിയപ്പെടുകയും പല തവണ പിളരുകയും ചെയ്യുകയെന്ന സലഫീ ഗ്രൂപ്പുകളുടെ പൊതുസ്വഭാവമാണ് അനാവരണം ചെയ്യപ്പെടുന്നത്.

Latest