Connect with us

Ongoing News

പോളിംഗ് ശതമാനത്തിലെ വർധന; മുന്നണികളുടെ ഉറക്കം കെടുത്തുന്നു

Published

|

Last Updated

ലോക്‌സഭാ തിരഞ്ഞെടുപ്പിൽ പോളിംഗ് ശതമാനത്തിലുണ്ടായ വർധന മുന്നണികളുടെ ഉറക്കം കെടുത്തുന്നു. കഴിഞ്ഞ തവണത്തെ പോളിംഗ് ശതമാനമായ 74.04 ശതമാനത്തിൽ നിന്ന് നല്ല വർധനയാണ് ഇത്തവണയുണ്ടായിരിക്കുന്നത്.  പോളിംഗ് ശതമാനം കൂടുമ്പോൾ അതിന്റെ ആനുകൂല്യം തങ്ങൾക്കായിരിക്കുമെന്ന് ഓരോ മുന്നണിയും പ്രതീക്ഷിക്കുന്നു. എന്നാൽ, ഇത്തവണ സംസ്ഥാനത്ത് പരക്കെയുണ്ടായ വർധിച്ച പോളിംഗ് ശതമാനം ചില സൂചനകൾ നൽകുന്നുണ്ട്. വയനാട്ടിലുണ്ടായ കനത്ത പോളിംഗ് രാഹുൽ ഗാന്ധിയുടെ സാന്നിധ്യം കൊണ്ട് തന്നെയാണ്. രാഹുലിന്റെ കേരളത്തിലേക്കുള്ള വരവ് യു ഡി എഫിനെ പൊതുവേ ഊർജസ്വലരാക്കിയുരുന്നു. ഇതിനെ മറികടക്കാൻ എൽ ഡി എഫും ശക്തമായി പ്രവർത്തിച്ചു. ഇതാവാം പോളിംഗ് ശതമാനത്തിലുണ്ടായ വർധനക്ക് കാരണമെന്ന് കണക്കാക്കുന്നു. ഒപ്പം എൻ ഡി എയുടെ ശക്തമായ സന്നിധ്യവും മണ്ഡലങ്ങളിൽ ത്രികോണമത്സരം സൃഷ്ടിച്ചു. ബി ജെ പിക്ക് വിജയപ്രതീക്ഷ നൽകുന്ന തിരുവനന്തപുരം, പത്തനംതിട്ട മണ്ഡലങ്ങളിൽ  മുന്‍തിരഞ്ഞെടുപ്പുകളെ അപേക്ഷിച്ച്‌ കനത്തപോളിംഗ് ആയിരുന്നു.

സാധാരണ പോളിംഗ് ശതമാനം കൂടുമ്പോൾ അതിന്റെ ഗുണഫലം യു ഡി എഫിനാണ് ലഭിക്കാറുള്ളത്. എൽ ഡി എഫിന്റെ വോട്ടുകൾ പാർട്ടി സംവിധാനം ഉപയോഗിച്ച് പോൾ ചെയ്യിക്കുക പതിവാണ്. വോട്ട് ചെയ്യാതെ പോകുന്നത് യു ഡി എഫിന്റേതായിക്കും. എന്നാൽ, ഇത്തവണ ഉണ്ടായ പോളിംഗ് വർധന ഇടതുപക്ഷത്തെ അസ്വസ്ഥരാക്കുന്നു. വോട്ടിംഗ് ശതമാനം നോക്കുമ്പോൾ തിരുവനന്തപുരം മണ്ഡലം 70 ശതമാനത്തിൽ താഴെയാണ് പൊതുവേ രേഖപ്പെടുത്തുന്നത്. 2009ൽ 65.73 ആയിരുന്നു പോളിംഗ് ശതമാനം. 2014ൽ 68.69 ശതമാനവും. ഇത്തവണ 70 ശതമാനത്തിന് മുകളിലേക്ക് പോയെന്നത് തിരഞ്ഞെടുപ്പ് ഫലത്തെ സ്വാധീനിക്കും. പുതിയ വോട്ടർമാരുടെ കടന്നുവരവ് ആർക്ക് അനുകൂലമാകുമെന്ന് മുന്നണികൾക്ക് പ്രവചിക്കാനാവുന്നില്ല. ഈ വോട്ടുകളിൽ ഏറെ പ്രതീക്ഷ വെക്കുന്നത് ബി ജെ പിയാണ്.

വോട്ടിംഗ് ശതമാനത്തിൽ പത്തനംതിട്ട മണ്ഡലത്തിലാണ് അത്ഭുതകരമായ വർധന രേഖപ്പെടുത്തിയത്. കഴിഞ്ഞ തവണത്തേതിൽ നിന്ന് എട്ട് ശതമാനത്തോളം വർധനയാണ് ഇത്തവണയുണ്ടായിരിക്കുന്നത്.

സംസ്ഥാനം ഏറെ ശ്രദ്ധിക്കുന്ന മണ്ഡലത്തിലെ പോളിംഗ് ശതമാനത്തിലെ വർധന ശബരിമല വിഷയത്തിൽ ജനങ്ങളുടെ പ്രതിഷേധം രേഖപ്പെടുത്തലായി ബി ജെ പി നേതൃത്വം വിലയിരുത്തുന്നു. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ 66.61 ആയിരുന്നു പോളിംഗ് ശതമാനം. അതിന് മുമ്പ് 65.81 മാത്രം. ഇത്തവണ 70- 80 ശമാനമായി വർധിച്ചത് ഇതിന്റെ സൂചനയാണെന്നും ബി ജെ പി നേതാക്കൾ പറയുന്നു. വിജയം നേരിയ വ്യത്യാസത്തിലായിരുന്നാലും അത്ഭുതങ്ങൾ സംഭവിക്കുമെന്ന് പ്രതീക്ഷിക്കുന്ന മണ്ഡലമാണ് പത്തനംതിട്ട.
വാശിയേറിയ മത്സരം നടന്ന കണ്ണൂർ, വടകര, ആറ്റിങ്ങൽ, ആലത്തൂർ, തൃശൂർ മണ്ഡലങ്ങളിലും വലിയ വോട്ട് വർധനയാണ് വന്നിട്ടുള്ളത്.

ഇത് മൂന്ന് മുന്നണികൾക്കും പ്രതീക്ഷ നൽകുന്നു. യു ഡി എഫ് തരംഗമുണ്ടാകുമെന്നാണ് അവർ കണക്കാക്കുന്നത്. താമര വിരുയുമെന്ന് ബി ജെ പിയും. എന്നാൽ പത്ത് സീറ്റ് നേടുമെന്ന് ഇടതുമുന്നണിയും പ്രതീക്ഷിക്കുന്നു. ഈ പ്രതീക്ഷകളെ കാറ്റിൽ പറത്തുന്നതാവും പോളിംഗ് ശതമാനത്തിലുണ്ടായ വർധന. ഇത്തവണ വോട്ടർമാർക്ക് ചിലത് പറയാനുണ്ടെന്ന വാശിയിലായിരുന്നു പോളിംഗ് ബൂത്തിലേക്ക് വോട്ടർമാർ ഒഴുകിയത്. കേന്ദ്രസർക്കാറിനോടുള്ള പ്രതിഷേധമാണോ എന്നറിയാൻ ഒരു മാസം കാത്തിരിക്കണം.