ചീഫ് ജസ്റ്റിസിനെതിരായ പീഡനാരോപണം: അന്വേഷണത്തിന് മൂന്നംഗ സമിതി

Posted on: April 23, 2019 10:48 pm | Last updated: April 24, 2019 at 10:53 am

ന്യൂഡല്‍ഹി: ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയിക്കെതിരായ ലൈംഗിക പീഡന ആരോപണ പരാതി മൂന്നംഗ സമിതി അന്വേഷിക്കും. ഒരു വനിതാ ജഡ്ജി ഉള്‍പ്പടെ മൂന്നു സുപ്രീം കോടതി ജഡ്ജിമാരാണ് സമിതിയിലുള്ളത്. ജസ്റ്റിസ് എസ് എ ബോബ്‌ഡെയാണ് സമിതി അധ്യക്ഷന്‍. ജസ്റ്റിസുമാരായ അരുണ്‍ മിശ്ര, ആര്‍ എഫ് നരിമാന്‍, ദീപക് ഗുപ്ത എന്നിവരെയാണ് അന്വേഷണത്തിനായി ബോബ്‌ഡെ നിയോഗിച്ചിരിക്കുന്നത്.

സുപ്രീം കോടതിയില്‍ ജൂനിയര്‍ അസിസ്റ്റന്റായി ജോലി ചെയ്തിരുന്ന യുവതിയാണ് ചീഫ് ജസ്റ്റിസിനെതിരെ ലൈംഗിക പീഡനക്കുറ്റം ആരോപിച്ച് രാജ്യത്തെ 22 ജഡ്ജിമാര്‍ക്ക് കത്തയച്ചത്. 2018 ഒക്ടോബര്‍ 10. 11 തീയതികളില്‍ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്നും എതിര്‍ത്തതിനെ തുടര്‍ന്ന് രണ്ടു മാസത്തിനു ശേഷം തന്നെ സര്‍വീസില്‍ നിന്നു പിരിച്ചുവിട്ടതായും പരാതിയിലുണ്ട്. ഡല്‍ഹി പോലീസിലെ ഹെഡ് കോണ്‍സ്റ്റബിള്‍മാരായ തന്റെ ഭര്‍ത്താവിനെയും ഭര്‍തൃ സഹോദരനെയും പ്രതികാര നടപടികളുടെ തുടര്‍ച്ചയായി സസ്പെന്‍ഡ് ചെയ്തെന്നും പരാതിയില്‍ ആരോപിക്കുന്നു.

ആരോപണത്തെ തുടര്‍ന്ന് സുപ്രീം കോടതി അടിയന്തര സിറ്റിംഗ് നടത്തിയിരുന്നു. ചീഫ് ജസ്റ്റിസ് ഓഫ് ഇന്ത്യയുടെ കസേര ദുര്‍ബലമാക്കാനുള്ള ശ്രമമാണ് ആരോപണത്തിനു പിന്നില്‍ പ്രവര്‍ത്തിക്കുന്ന വന്‍ ശക്തികള്‍ നടത്തുന്നതെന്നും പണം കൊണ്ട് തന്നെ സ്വാധീനിക്കാന്‍ കഴിയാത്തതിനാലാണ് സ്വഭാവ ഹത്യ നടത്തുന്നതെന്നും രഞ്ജന്‍ ഗൊഗോയ് പ്രതികരിക്കുകയും ചെയ്തു.