സിറാജിന്റെ ലോഗോ ദുരുപയോഗം ചെയ്ത് വ്യാജ പ്രചാരണം; സൈബർ സെൽ അന്വേഷണം തുടങ്ങി

Posted on: April 22, 2019 12:49 pm | Last updated: April 22, 2019 at 3:49 pm

കോഴിക്കോട്: സിറാജ് ദിനപത്രത്തിന്റെയും സിറാജ് ലൈവ് ഡോട്ട് കോമിന്റെയും ലോഗോ ദുരുപയോഗം ചെയ്ത് വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിക്കുന്ന സംഭവത്തില്‍ സൈബര്‍ സെല്‍ അന്വേഷണം തുടങ്ങി. സിറാജ് മാനേജ്‌മെന്റ് നല്‍കിയ പരാതിയിലാണ് നടപടി. ഇത്തരത്തില്‍ പ്രചാരണം നടത്തുന്ന ചില സോഷ്യല്‍ മീഡിയാ അക്കൗണ്ടുകള്‍ സൈബര്‍ സെല്ലിന്റെ നിരീക്ഷണത്തിലാണ്. തിരഞ്ഞെടുപ്പ് അടുത്തതോടെ സിറാജ് ലൈവിന്റെ ഗ്രാഫിക്‌സ് കാര്‍ഡ് മാതൃകയില്‍ ലോഗോ വെച്ച് വ്യാജകാര്‍ഡുകള്‍ പ്രചരിപ്പിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടതിനെത്തുടര്‍ന്നാണ് പരാതി നല്‍കിയത്.

ഇത്തരം പ്രചാരണങ്ങളില്‍ വായനക്കാര്‍ വഞ്ചിതരാവരുത്. സിറാജ് ലൈവിന്റെ ഔദ്യോഗിക ഗ്രാഫിക്‌സ് കാര്‍ഡുകളില്‍ വെബ്‌സൈറ്റിലെ പ്രസ്തുത വാര്‍ത്തയിലേക്കുള്ള ക്യു ആര്‍ കോഡ് ഉള്‍പ്പെടുത്തുന്നുണ്ട്. ഇത് സ്‌കാന്‍ ചെയ്താല്‍ വാര്‍ത്ത വായിക്കാനാകും. സംശയം തോന്നുന്ന പോസ്റ്റുകളിലെ ക്യു ആര്‍ കോഡ് സ്‌കാന്‍ ചെയ്ത് വാര്‍ത്തയുടെ ആധികാരികത വായനക്കാര്‍ക്ക് ഉറപ്പ് വരുത്താം. അതുമല്ലെങ്കില്‍ സിറാജിന്റെ ഔദ്യോഗിക സോഷ്യല്‍ മീഡിയ അക്കൗണ്ടുകളില്‍ കയറി പ്രസ്തുത കാര്‍ഡ് പ്രസിദ്ധപ്പെടുത്തിയിട്ടുണ്ടോ എന്നും പരിശോധിക്കാവുന്നതാണെന്ന് സിറാജ് ഓണ്‍ലൈന്‍ എഡിറ്റര്‍ ഇന്‍ ചാര്‍ജ് സയ്യിദ് അലി ശിഹാബ് തങ്ങള്‍ അറിയിച്ചു.

സിറാജിന്റെ പേരില്‍ ഇത്തരത്തില്‍ വ്യാജ വാര്‍ത്തകള്‍ പ്രചരിക്കുന്നത് ശ്രദ്ധയില്‍ പെട്ടാല്‍ അതിന്റെ യു ആര്‍ എല്‍ സഹിതം സ്‌ക്രീന്‍ഷോട്ട് എടുത്ത്[email protected]എന്ന വിലാസത്തിലേക്ക് അയക്കേണ്ടതാണ്.