Connect with us

Gulf

മുസ്ലിം വിഷയങ്ങള്‍ ഗവണ്‍മെന്റുകളുടെ ശ്രദ്ധയില്‍ പെടുത്താന്‍ പുതിയ പദവി ഉപയോഗപ്പെടുത്തും: കാന്തപുരം

Published

|

Last Updated

അബുദാബി: മുസ്ലിംകളുടെ വ്യക്തിജീവിതവുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ ഇടപെടുമ്പോള്‍ സര്‍ക്കാരുകള്‍ മതപണ്ഡിതരോട് അഭിപ്രായം ചോദിക്കണമെന്ന് ഇന്ത്യന്‍ ഗ്രാന്റ് മുഫ്തിയും ഓള്‍ ഇന്ത്യ സുന്നി ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറിയുമായ കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍ പ്രസ്താവിച്ചു. ഇന്ത്യന്‍ ഗ്രാന്റ് മുഫ്തിയായി നിയമിതനായ ശേഷം ആദ്യമായി യു എ ഇയിലെത്തിയ കാന്തപുരത്തിന് അബുദാബിയില്‍ ഒരുക്കിയ പൗരസ്വീകരണത്തില്‍ പ്രഭാഷണം നടത്തുകയായിരുന്നു കാന്തപുരം.മുസ്ലിം സമുദായത്തിന്റെ ക്ഷേമത്തിന് ഒരുപാട് കാര്യങ്ങള്‍ ചെയ്യാന്‍ കഴിയുന്നതാണ് ഗ്രാന്റ് മുഫ്തി പദവി. നിലവില്‍ ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ പ്രാദേശിക മുഫ്തിമാരും ഖാളിമാരുമുണ്ട്. അവരെല്ലാം അവരവരുടെ മേഖലകളില്‍ നിന്നുകൊണ്ട് സമുദായത്തിന് സേവനങ്ങള്‍ ചെയ്യുന്നുമുണ്ട്.

വിവിധ പ്രാദേശിക മുഫ്തിമാരെയും ഖാളിമാരെയും ഏകോപിപ്പിച്ച് ഒറ്റക്കെട്ടായി, ഇന്ത്യയിലെ മുസ്ലിംകളുടെ പ്രശ്നങ്ങള്‍ അതാത് കാലത്തെ സര്‍ക്കാരുകളുടെ ശ്രദ്ധയില്‍ കൊണ്ടുവരാന്‍ പുതിയ പദവി ഉപയോഗപ്പെടുത്തുമെന്ന്, അബുദാബി സിറ്റി ഗോള്‍ഫ് ക്ലബ്ബ് മൈതാനിയില്‍ തന്നെ സ്വീകരിക്കാനെത്തിയ ആയിരങ്ങളെ സാക്ഷിനിര്‍ത്തി കാന്തപുരം പ്രഖ്യാപിച്ചു. മുത്ത്വലാഖ്, മുസ്ലിം സ്ത്രീകളുടെ പള്ളി പ്രവേശം തുടങ്ങിയ മുസ്ലിം പ്രശ്നങ്ങളില്‍ ഇന്ത്യയിലെ രാഷ്ട്രീയ പാര്‍ട്ടികളും അവരുടെ പ്രതിനിധികളും വേണ്ടപോലെ ഇടപെടാറില്ല. ഇത് പലപ്പോഴും പ്രശ്നങ്ങളുടെ മര്‍മം നിയമനിര്‍മാണ സഭകളില്‍ ചര്‍ച്ച ചെയ്യപ്പെടാതിരിക്കാനും അതുവഴി ഏകപക്ഷീയവും സമുദായത്തിന് ദോഷകരവുമായ തീരുമാനങ്ങളെടുക്കുന്നതിലേക്ക് എത്തുകയും ചെയ്യാറുണ്ട്. അത്തരം സാഹചര്യങ്ങളില്‍, രാഷ്ട്രീയ താത്പര്യങ്ങളേതുമില്ലാതെ സാമുദായിക നന്മ മാത്രം ലക്ഷ്യമാക്കി ഇടപെടാന്‍ പുതിയ പദവി ഉപയോഗപ്പെടുത്തി പരിശ്രമിക്കും, കാന്തപുരം ചൂണ്ടിക്കാട്ടി. ഇന്ത്യയുടെ വിവിധ ഭാഗങ്ങളിലുള്ള പ്രാദേശിക മുഫ്തിമാരുടെയും ഖാളിമാരുടെയും വിവരങ്ങള്‍ ശേഖരിച്ചുകൊണ്ടിരിക്കുകയാണ്. എല്ലാവരെയും സംഘടിപ്പിച്ച് കൂട്ടായ്മയുണ്ടാക്കി പ്രവര്‍ത്തനങ്ങള്‍ വൈകാതെ ആരംഭിക്കുമെന്നും കാന്തപുരം പറഞ്ഞു.

മാനവികതയുടെയും സഹിഷ്ണുതയുടെയും കാര്യത്തില്‍ ഇമാറാത്ത് ലോകത്തിന് മാതൃകയാണ്. കഴിഞ്ഞ നൂറ്റാണ്ട് അനുഭവിച്ച ഏറ്റവും വലിയ മനുഷ്യസ്നേഹിയാണ് യു എ ഇ രാഷ്ട്രപിതാവ് ശൈഖ് സായിദെന്നും അദ്ദേഹത്തിന്റെ ശേഷം തന്റെ പിന്‍ഗാമികളായ ഭരണാധികാരികളും അദ്ദേഹത്തിന്റെ അതേ മാതൃക പിന്‍പറ്റുന്നതായി കാണുന്നതില്‍ വളരെ സന്തോഷമുണ്ടെന്നും കാന്തപുരം പറഞ്ഞു.

Latest