കർണാടകയിൽ ഹിന്ദുത്വ സംഘടനാ പ്രവർത്തകർ കൂട്ടത്തോടെ കോൺഗ്രസിൽ

ബെംഗളൂരു
Posted on: April 20, 2019 10:02 am | Last updated: April 20, 2019 at 1:02 pm

ലോക്‌സഭാ തിരഞ്ഞെടുപ്പിൽ വാശിയേറിയ പോരാട്ടം നടക്കുന്ന കർണാടകയിലെ റായ്ച്ചൂരിൽ സംഘ്പരിവാർ പാളയത്തിൽ വിള്ളലുണ്ടാക്കി കോൺഗ്രസ്. മുന്നൂറോളം ഹിന്ദുസംഘടനാ പ്രവർത്തകരാണ് കോൺഗ്രസുമായി സഹകരിച്ച് പ്രവർത്തിക്കാൻ തീരുമാനിച്ചിരിക്കുന്നത്.

ഇന്നലെ കോൺഗ്രസ് അധ്യക്ഷൻ രാഹുൽഗാന്ധി പങ്കെടുത്ത റാലിയിൽ ഹിന്ദുത്വ സംഘടനാ പ്രവർത്തകരും സംബന്ധിച്ചു. ആർ എസ് എസ്, ശിവസേന, ബജ്‌റംഗ്ദൾ, ഹിന്ദുജാഗരണ വേദികെ, ഗോസംരക്ഷണ സമിതി തുടങ്ങിയ സംഘടനകളിലെ സജീവപ്രവർത്തകരാണ് കോൺഗ്രസുമായി സഹകരിച്ച് പ്രവർത്തിക്കാൻ തീരുമാനിച്ചത്. കോൺഗ്രസ് നേതാവായ രവി ബോസ് രാജുവാണ് ഹിന്ദുസംഘടനാ പ്രവർത്തകരെ പാർട്ടിയുമായി സഹകരിപ്പിക്കാൻ കഴിഞ്ഞ ഏതാനും നാളുകളായി തീവ്രശ്രമം നടത്തി വന്നത്. ബി ജെ പിയിലുള്ള വിശ്വാസം നഷ്ടപ്പെട്ടതിനാലാണ് കോൺഗ്രസുമായി ചേർന്ന് പ്രവർത്തിക്കുന്നതെന്നും ഏറെക്കാലമായി ബി ജെ പി തങ്ങളെ ചൂഷണം ചെയ്യുകയാണെന്നുമാണ് ഹിന്ദുസംഘടനാ പ്രവർത്തകരുടെ ആരോപണം. ജനദ്രോഹ നടപടികളാണ് കേന്ദ്രത്തിൽ മോദി സർക്കാർ കഴിഞ്ഞ അഞ്ച് വർഷം നടപ്പാക്കിയത്.

നോട്ട് നിരോധവും ജി എസ് ടി നടപ്പാക്കിയതും ജനങ്ങൾക്ക് കനത്ത ആഘാതമാണുണ്ടാക്കിയതെന്നും ഇവർ കുറ്റപ്പെടുത്തുന്നു. റായ്ച്ചൂരിലെ ഒരു ക്ഷേത്രവുമായി ബന്ധപ്പെട്ട പ്രശ്‌നത്തിൽ ബി ജെ പി നേതാക്കൾ സഹായിക്കാതായതോടെയാണ് കോൺഗ്രസുമായി ചേർന്ന് പ്രവർത്തിക്കാൻ അവസാനഘട്ടത്തിൽ ഇവർ തയ്യാറായത്. കോൺഗ്രസുമായി ചേർന്ന് പ്രവർത്തിക്കുമ്പോഴും ഹിന്ദുത്വ നിലപാട് ഉയർത്തിപ്പിടിക്കുമെന്ന് ഇവർ പറയുന്നു. പ്രദേശത്തെ ഹിന്ദുക്കളുടെ ആവശ്യങ്ങൾ നിറവേറ്റുന്നതിൽ ബി ജെ പി നേതൃത്വം പരാജയപ്പെട്ടെന്നും പ്രവർത്തകർ ഏകസ്വരത്തിൽ കുറ്റപ്പെടുത്തുന്നു.

ഇന്നലെ റായ്ച്ചൂരിൽ നടന്ന കോൺഗ്രസ് റാലിയിൽ രാഹുൽഗാന്ധിയും ആന്ധ്രാപ്രദേശ് മുഖ്യമന്ത്രിയും തെലുങ്ക്‌ദേശം പാർട്ടി നേതാവുമായ ചന്ദ്രബാബു നായിഡുവും ഒരുമിച്ച് വേദി പങ്കിട്ടു. ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ടി ഡി പി കോൺഗ്രസുമായി സഖ്യത്തിലാണ്. ഇന്നലെ ഉച്ചക്കാണ് ഇരുനേതാക്കളും പങ്കെടുത്ത റാലി നടന്നത്. തെലുങ്ക് സംസാരിക്കുന്നവർ ഏറെയുള്ള റായ്ച്ചൂർ മണ്ഡലത്തിൽ ചന്ദ്രബാബു നായിഡുവിന്റെ സാന്നിധ്യം വോട്ടായി മാറുമെന്നാണ് കോൺഗ്രസിന്റെ കണക്കുകൂട്ടൽ.

2014ൽ സംസ്ഥാനത്തെ ഏറ്റവും കുറഞ്ഞ ഭൂരിപക്ഷത്തിലാണ് കോൺഗ്രസിന്റെ ബി വി നായ്ക് മണ്ഡലത്തിൽ നിന്ന് ജയിച്ചുകയറിയത്. 1,499 വോട്ടായിരുന്നു ഭൂരിപക്ഷം. ഇത്തവണയും മത്സരിക്കുന്നത് ബി വി നായ്ക്കാണ്. ചുണ്ടിനും കപ്പിനുമിടയിൽ നഷ്ടപ്പെട്ടുപോയ മണ്ഡലം പിടിക്കാൻ പഴുതടച്ചുള്ള പ്രചാരണത്തിലാണ് ബി ജെ പിയും. രാജ അമരീഷ് നായ്ക്കാണ് ഇവിടത്തെ ബി ജെ പി സ്ഥാനാർഥി. ദളിത്- പിന്നാക്ക വിഭാഗങ്ങളുടെ വോട്ടുകളിലാണ് കോൺഗ്രസ് വിജയപ്രതീക്ഷ വെച്ചുപുലർത്തുന്നത്.