അസത്യ പ്രചാരണങ്ങള്‍ കേരളത്തില്‍ വാഴില്ല

മുഖ്യമന്ത്രി
Posted on: April 20, 2019 10:26 am | Last updated: April 20, 2019 at 10:26 am

കേരളത്തെക്കുറിച്ച് അസത്യാത്മകവും വസ്തുതാവിരുദ്ധവുമായ പ്രചാരണം പ്രധാനമന്ത്രി നരേന്ദ്ര മോദിയില്‍ നിന്ന് ഉണ്ടാകുന്നു എന്നത് നിര്‍ഭാഗ്യകരമാണ്. പ്രധാനമന്ത്രിയുടെ സ്ഥാനത്തിനു നിരക്കുന്നതല്ല സത്യവുമായി ഒരു ബന്ധവുമില്ലാത്ത പ്രചാരണം. തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിന്റെ ഭാഗമാണ് ഇത് എന്ന വാദം കൊണ്ട് പോലും ഇതിനെ ന്യായീകരിക്കാനാകില്ല.
ദൈവനാമം ഉച്ചരിക്കുന്നവര്‍ക്കെതിരെ കള്ളക്കേസെടുക്കുന്ന സംസ്ഥാനമാണ് കേരളം എന്ന് പ്രധാനമന്ത്രി ആരോപിച്ചു. മുമ്പ് കേരളത്തിനു പുറത്തുപോയി പറഞ്ഞു, ഇപ്പോള്‍ കേരളത്തില്‍ വന്നും പറഞ്ഞു. കേരളത്തിനു പുറത്തുപറഞ്ഞാല്‍ അവിടെ ചിലരെ തെറ്റിദ്ധരിപ്പിക്കാന്‍ ഇത് ഉതകിയേക്കാം. എന്നാല്‍, കേരളത്തില്‍ പറഞ്ഞാലോ? കേരളീയര്‍ക്കാകെ സത്യം അറിയാമെന്നിരിക്കെ അവരുടെ മനസ്സില്‍ പ്രധാനമന്ത്രിയെക്കുറിച്ച് എന്തു ചിത്രമാണുണ്ടാകുക? ദൈവനാമം ഉച്ചരിച്ചതിന്റെ പേരില്‍ ഒരൊറ്റ കേസുപോലും കേരളത്തിലെവിടെയും എടുത്തിട്ടില്ല. മറിച്ച് പ്രചരിപ്പിക്കുന്ന പ്രധാനമന്ത്രിക്ക് താന്‍ പറഞ്ഞതിന് ഉദാഹരണമായി ഒരു കേസെങ്കിലും എടുത്തു കാണിക്കാനാകുമോ?

കേരളത്തില്‍ കേസുകളുണ്ടായിട്ടുണ്ട്. എന്നാല്‍, അതിലൊന്നുപോലും ദൈവനാമം ഉച്ചരിച്ചതിന്റെ പേരിലല്ല. അക്രമം നടത്തിയതിന്റെ പേരിലാണ്. മതത്തിന്റെ പേരുപറഞ്ഞ് അക്രമം നടത്തുമ്പോള്‍ അക്രമികള്‍ക്ക് സംരക്ഷണം നല്‍കുന്ന രീതി ബി ജെ പി ഭരിക്കുന്ന സംസ്ഥാനങ്ങളിലുണ്ട്. അത് കേരളത്തിലും വേണമെന്നു പറഞ്ഞാല്‍ നടപ്പില്ല. ശബരിമല സന്നിധാനത്തില്‍ പോലും വളരെ പ്രകോപനപരമായ രീതിയില്‍ കുഴപ്പമുണ്ടാക്കാന്‍ അക്രമികളുടെ ശ്രമം നടന്നു. പോലീസിനെ ആക്രമിച്ചു. ഭക്തജനങ്ങളെ ആക്രമിച്ചു. പോലീസ് അതീവ സംയമനം പുലര്‍ത്തിയതുകൊണ്ടുമാത്രം പ്രശ്‌നങ്ങള്‍ ഉണ്ടാകാതിരുന്നു. പ്രശ്‌നങ്ങള്‍ ഉണ്ടാക്കുകയായിരുന്നു സത്യത്തില്‍ അവര്‍ക്ക് ആവശ്യം. പ്രശ്‌നങ്ങള്‍ ഉണ്ടാക്കി അതിന്റെ പേരില്‍ രാഷ്ട്രീയവും വര്‍ഗീയവുമായി മുതലെടുപ്പ് നടത്തുക എന്നതായിരുന്നു ഉദ്ദേശ്യമെന്ന് ഇപ്പോള്‍ കൂടുതല്‍ വ്യക്തമായി. അത് നടക്കാതെ പോയെങ്കിലും നടന്നു എന്ന പ്രതീതിയുണ്ടാക്കി മുതലെടുക്കാമോ എന്നതാണ് ഇപ്പോള്‍ നോട്ടം. അതിന്റെ ഭാഗമാണ് ദൈവത്തിന്റെ പേര് ഉച്ചരിക്കുന്നവര്‍ക്കെതിരെ കള്ളക്കേസെടുക്കുന്നു എന്നതടക്കമുള്ള ഇപ്പോഴത്തെ പ്രചാരണം.

പാരമ്പര്യവും വിശ്വാസവും സംരക്ഷിക്കുമെന്ന് പ്രധാനമന്ത്രി പറയുന്നു. പാരമ്പര്യവും സംസ്‌കാരവും കേരളത്തിലെന്നല്ല രാജ്യത്താകെ നിലനില്‍ക്കുന്നുണ്ട്. അതിന്റെ ക്രെഡിറ്റ് ബി ജെ പി അവകാശപ്പെടേണ്ടതില്ല. ഈ രാജ്യത്തിന്റെ പൊതുവായ മതേതര സംസ്‌കാരത്തിന്റെ ഭാഗമാണത്. നവോത്ഥാന സംരംഭങ്ങളുടെ ഭാഗമായി ശക്തിപ്പെട്ടുവന്നതാണത്. അതിനെയും അതിന്റെ ഭാഗമായുള്ള വൈവിധ്യപൂര്‍ണമായ വിശ്വാസ സംസ്‌കാരങ്ങളെയും ഇല്ലായ്മ ചെയ്യാന്‍ സംഘ്പരിവാര്‍ ശക്തികള്‍ അങ്ങേയറ്റം ശ്രമിച്ചിട്ടും അതൊക്കെ ഇവിടെ തുടരുന്നു എന്നതാണ് സത്യം. അതിനെയൊക്കെ തകര്‍ക്കാന്‍ നടത്തിയ ശ്രമങ്ങളെ അവയെ സംരക്ഷിക്കുമെന്ന വാദം കൊണ്ട് മറച്ചുവെക്കാനാകില്ല.

പൂജാകര്‍മങ്ങളെ ഇവിടെ അനുവദിക്കുന്നില്ല എന്നാണ് പ്രധാനമന്ത്രി ആരോപിക്കുന്നത്. വിശ്വാസികള്‍ക്ക് അതനുസരിച്ചുള്ള എല്ലാ ആചാരവിശ്വാസങ്ങളും നടത്താന്‍ കഴിയുന്നുണ്ട്. അതിന് തടസ്സമുണ്ടായിട്ടില്ല. ബി ജെ പിയും ആര്‍ എസ് എസും ഒക്കെയാണ് തങ്ങള്‍ക്കിഷ്ടമില്ലാത്ത ആചാരം അനുഷ്ഠിക്കുന്നവരെ എതിര്‍ക്കാന്‍ ശ്രമിക്കുന്നത്. അത് ഇവിടെ നടക്കുന്നില്ല. അതിനാലാകാം ബി ജെ പിക്ക് അസ്വസ്ഥത. നിയമവാഴ്ചയുള്ള രാജ്യമാണ് ഇന്ത്യ. സുപ്രീം കോടതിയുടെ വിധിതീര്‍പ്പ് എന്നു പറയുന്നത് നിയമം തന്നെയാണ്. അത് നടപ്പാക്കാന്‍ ജനാധിപത്യ സര്‍ക്കാറുകള്‍ക്ക് ചുമതലയുണ്ട്. അത് നടപ്പാക്കിയതിനെ പരോക്ഷമായി എതിര്‍ക്കുന്നവര്‍ യഥാര്‍ഥത്തില്‍ ചെയ്യുന്നത് ഭരണഘടനയെയും നീതിന്യായ വ്യവസ്ഥയെയും നിയമവാഴ്ചയെയും ജനാധിപത്യത്തെത്തന്നെയും വെല്ലുവിളിക്കുകയാണ്.

ഈ മനോഭാവം ലാവ്‌ലിന്‍ കേസിനെക്കുറിച്ച് പ്രധാനമന്ത്രി നടത്തിയ പരാമര്‍ശത്തിലുമുണ്ട്. കോടതി കുറ്റവിമുക്തനാക്കിയ ഒരാളെ പ്രതിസ്ഥാനത്ത് പ്രതിഷ്ഠിക്കാന്‍ നടത്തുന്ന ശ്രമം കോടതിയോടും നിയമവാഴ്ചയോടും നടത്തുന്ന വെല്ലുവിളിയാണ്. ഇത് ചെയ്യുന്നതാകട്ടെ റാഫേല്‍ കേസില്‍ ആരോപണവിധേയനായി നില്‍ക്കുന്ന വ്യക്തിയാണ് എന്നത് കൂടുതല്‍ ശ്രദ്ധേയമാണ്. റാഫേല്‍ ഇടപാടില്‍ പ്രധാനമന്ത്രിയുടെ ഓഫീസിന്റെ പങ്ക് മാധ്യമങ്ങള്‍ പുറത്തുകൊണ്ടുവന്നതിനെക്കുറിച്ച് ഒരക്ഷരം പറയാന്‍ ബി ജെ പി നേതൃത്വത്തിന് കഴിഞ്ഞിട്ടില്ല. ഇതുസംബന്ധിച്ച കേസില്‍ സുപ്രീം കോടതിയുടെ നിരീക്ഷണങ്ങള്‍ പ്രധാനമന്ത്രിയെ സംശയത്തിന്റെ കരിനിഴലിലാക്കിയിരിക്കുകയാണ്. തന്റെ സുഹൃത്തായ അനില്‍ അംബാനിയെ സഹായിക്കാന്‍ എല്ലാ നടപടിക്രമങ്ങളും കാറ്റില്‍ പറത്തി പ്രധാനമന്ത്രിയുടെ ഓഫീസ് ഇടപെട്ട പ്രശ്‌നമാണ് ഇപ്പോള്‍ സുപ്രീം കോടതിയുടെ മുമ്പിലുള്ളത്. ഇത്തരം ആരോപണം നേരിടുന്ന പ്രധാനമന്ത്രിയാണ് കോടതിയാല്‍ കുറ്റവിമുക്തനാക്കപ്പെട്ട വ്യക്തിയെ ആക്ഷേപിക്കാന്‍ ശ്രമിക്കുന്നത്. പ്രധാനമന്ത്രി സ്ഥാനത്തിരിക്കുന്ന ഒരാള്‍ ഇങ്ങനെയൊക്കെ പ്രചരിപ്പിക്കുന്നത് അനുചിതമാണ് എന്നുമാത്രം പറയട്ടെ.
കേരളത്തിലെ മന്ത്രിമാര്‍ പലരും അഴിമതിയുടെ നിഴലിലാണെന്ന് പ്രധാനമന്ത്രി പറയുന്നു. മന്ത്രിയായാല്‍ അഴിമതി നടത്തിയിരിക്കുമെന്ന ബി ജെ പി ഭരണത്തിലെ അനുഭവം വെച്ച് പറയുകയായിരിക്കണം പ്രധാനമന്ത്രി. അഴിമതിയാരോപണം പോലും മന്ത്രിസഭയിലെ ആര്‍ക്കെതിരെയും ഉയര്‍ന്നിട്ടില്ല. അഴിമതി ഏറ്റവും കുറഞ്ഞ സംസ്ഥാനമെന്ന അംഗീകാരം ദേശീയതലത്തില്‍ തന്നെ കേരളത്തിനു ലഭിച്ചിട്ടുള്ള കാര്യം പ്രധാനമന്ത്രി അറിഞ്ഞിട്ടില്ലെന്നു വരുമോ? സെന്റര്‍ ഫോര്‍ മീഡിയാ സ്റ്റഡീസിന്റെ സര്‍വേയില്‍ കേരളം അഴിമതി ഏറ്റവും കുറഞ്ഞ സംസ്ഥാനമാണ് എന്ന് കണ്ടെത്തിയത് പ്രധാനമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തട്ടെ.

കേരളത്തിലുണ്ടായ പ്രളയത്തിന് സംസ്ഥാന സര്‍ക്കാറാണ് ഉത്തരവാദി എന്ന് പ്രധാനമന്ത്രി പറയുന്നത് അങ്ങേയറ്റം വസ്തുതാവിരുദ്ധമാണ്. കേന്ദ്ര ജലകമ്മീഷന്‍ തന്നെ, അസാധാരണമായി ഉണ്ടായ പെരുമഴയാണ് പ്രളയത്തിനു കാരണമായത് എന്ന് വിലയിരുത്തിയിട്ടുള്ളത് അറിയാത്ത വ്യക്തിയല്ല പ്രധാനമന്ത്രി. എന്നിട്ടും ഇങ്ങനെ പ്രചരിപ്പിക്കുന്നതിനു പിന്നില്‍ അദ്ദേഹത്തിന്റെ രാഷ്ട്രീയമാണുള്ളത്. എന്നു മാത്രമല്ല, കേരളത്തിന് പ്രളയത്തെ മുന്‍നിര്‍ത്തി ലഭിക്കേണ്ട സഹായങ്ങളെല്ലാം നിഷേധിച്ചതിന്റെ പിന്നിലും ഇതേ താത്പര്യങ്ങളാണ് ഉള്ളത് എന്ന് ഇപ്പോള്‍ സംശയിക്കേണ്ടി വരികയാണ്.
പ്രളയം മുന്‍നിര്‍ത്തി സഹായം ചോദിച്ചു. നാമമാത്രമായ സഹായം മാത്രം തന്നു. സ്‌പെഷ്യല്‍ പാക്കേജ് ചോദിച്ചു. അത് അപ്പാടെ നിഷേധിച്ചു. സഹായം നല്‍കാന്‍ വിദേശ രാഷ്ട്രങ്ങള്‍ തയ്യാറായി. അതു വാങ്ങുന്നതില്‍നിന്നു വിലക്കി. കേരളത്തെ സഹായിക്കാന്‍ ലോക വ്യാപകമായി മലയാളികള്‍ മുമ്പോട്ടു വന്നു. ആ സഹായം തേടുന്നതിനുള്ള വിദേശ യാത്രക്ക് അനുമതി നിഷേധിച്ചു. സംസ്ഥാനത്തിന്റെ വായ്പാ പരിധി ഉയര്‍ത്തണമെന്ന് ആവശ്യപ്പെട്ടു. ആ ആവശ്യത്തെയും നിരാകരിച്ചു. കേരളവിരുദ്ധമായ ഈ നിലപാടുകള്‍ക്കെല്ലാം പിന്നില്‍ പ്രധാനമന്ത്രി തന്നെയായിരുന്നു എന്നു കരുതേണ്ടിയിരിക്കുന്നു. ഗുജറാത്തില്‍ വരെ വിദേശസഹായം സ്വീകരിച്ച അതേ വ്യക്തിയാണ് കേരളത്തിനുള്ള വിദേശസഹായം നിഷേധിച്ചത്. കേരളം തകര്‍ന്നുകിടക്കട്ടെ എന്ന പകപോക്കല്‍ മനോഭാവം അല്ലെങ്കില്‍ മറ്റെന്താണ് ഇതിനു പിന്നിലുള്ളത്?
ഐക്യരാഷ്ട്ര സഭയുടെ ഏജന്‍സിയടക്കം 31,000 കോടി രൂപയുടെ നഷ്ടം കേരളത്തിനുണ്ടായതായി വിലയിരുത്തിയതാണ്. ഇത്രയേറെ ഗുരുതരമായ നില കേരളത്തിലുണ്ടായിട്ടും സഹായിക്കില്ല എന്ന നിലപാട് പകപോക്കലിന്റെ അല്ലെങ്കില്‍ മറ്റെന്താണ്? ജനങ്ങള്‍ ഇതിനെ ഈ വിധത്തിലേ കാണൂ. ഇതിനു മറയിടാന്‍ വ്യാജ പ്രചാരണങ്ങള്‍ ഉപകരിക്കില്ല. കേരളത്തില്‍ ജലസേചന വകുപ്പിന്റെയും വൈദ്യുതി വകുപ്പിന്റെയും ഉടമസ്ഥതയില്‍ ആകെ 82 അണക്കെട്ടുകളും ബാരേജുകളുമാണ് ഉള്ളത്. പ്രധാനപ്പെട്ട അണക്കെട്ടുകളെല്ലാം ആഗസ്റ്റ് പത്തിനു മുമ്പ് തുറന്നിട്ടുണ്ട്. കേരളത്തില്‍ പെരുമഴയുണ്ടായത് ആഗസ്റ്റ് 14 മുതല്‍ 16 വരെയാണ്. 14നു ശേഷമുള്ള പെരുമഴക്കാലത്ത് 14,000 ദശലക്ഷം ഘനമീറ്റര്‍ വെള്ളം നദികളില്‍ ഒഴുകിയെത്തിയതായി കണ്ടെത്തിയത് കേന്ദ്ര ജലകമ്മീഷന്‍ തന്നെയാണ്. 2,280 ദശലക്ഷം ഘനമീറ്റര്‍ വെള്ളം ഉള്‍ക്കൊള്ളാനുള്ള ശേഷി മാത്രമേ കേരളത്തിലെ നദികള്‍ക്കുള്ളൂ. ഈ കണക്കുകള്‍ ആധാരമാക്കി അധികജലം ഒഴുകിയെത്തിയതാണ് പ്രളയത്തിനു കാരണമെന്ന് പ്രധാനമന്ത്രിയുടെ ഭരണത്തില്‍ത്തന്നെയുള്ള കേന്ദ്ര ജലകമ്മീഷന്‍ കണ്ടെത്തിയിട്ടുണ്ട്.

കേന്ദ്ര കലാവസ്ഥാ നിരീക്ഷണ വകുപ്പിന്റെ റിപ്പോര്‍ട്ട് അനുസരിച്ച് ആഗസ്റ്റ് 13 മുതല്‍ 19 വരെ കേരളത്തിലാകെ മഴയില്‍ 362 ശതമാനത്തിന്റെ വര്‍ധനവ് ഉണ്ടായിട്ടുണ്ട്. ഇടുക്കിയില്‍ മാത്രം ഇത് 568 ശതമാനം അധികമാണ്. അതായത്, അധികമഴ പ്രളയമുണ്ടാക്കി എന്നു ചുരുക്കം. ഇതൊക്കെയാണ് കേന്ദ്രത്തിന്റെ പക്കല്‍ തന്നെയുള്ള വസ്തുതകള്‍ എന്നിരിക്കെ ഇവ മറച്ചുവെച്ച് പ്രധാനമന്ത്രിക്ക് എങ്ങനെയാണ് ഇങ്ങനെ അസത്യം പ്രചരിപ്പിക്കാന്‍ കഴിയുന്നത്? ഡാമുകള്‍ സര്‍ക്കാര്‍ തുറന്നു വിട്ടതുകൊണ്ടാണ് പ്രളയമുണ്ടായത് എന്നു വാദിക്കുന്നവര്‍ ഡാമുകള്‍ തീരെ ഇല്ലാത്ത അച്ചന്‍കോവിലാര്‍, ചാലിയാര്‍, മീനച്ചിലാര്‍ എന്നിവിടങ്ങളില്‍ പ്രളയമുണ്ടായത് എങ്ങനെ എന്നതിനു കൂടി മറുപടി പറയണം.

മത്സ്യത്തൊഴിലാളികള്‍ക്കു വേണ്ടി എന്തൊക്കെയോ ചെയ്യുന്നുവെന്ന് പ്രധാനമന്ത്രി പറയുന്നു. തീരദേശ മേഖലയുടെ വികസനത്തിനായി കേരളം സമര്‍പ്പിച്ച 7,000 കോടി രൂപയുടെ പ്രൊജക്ടിനെ അപ്പാടെ അവഗണിച്ച പ്രധാനമന്ത്രിയാണ് ഇതു പറയുന്നത് എന്നോര്‍ക്കണം. മത്സ്യത്തൊഴിലാളികള്‍ക്കു വേണ്ടി ഇക്കാലമത്രയും ഒന്നും ചെയ്യാത്തവര്‍ തിരഞ്ഞെടുപ്പ് വന്നപ്പോള്‍ ഭാവിയില്‍ എന്തോ ചെയ്യുമെന്നു പറയുന്നു. കാലാവസ്ഥാ പ്രവചനവും മറ്റും നടത്തേണ്ടത് കേന്ദ്രത്തിന്റെ കീഴിലുള്ള ഐ എം ഡി (ഇന്ത്യന്‍ മീറ്റിയറോളജിക്കല്‍ ഡിപ്പാര്‍ട്ട്‌മെന്റ്) ആണെന്ന് ഒരുപക്ഷെ, പ്രധാനമന്ത്രിക്ക് അറിയില്ലായിരിക്കും. അവരുടെ ഉത്തരവാദിത്തങ്ങള്‍ നിറവേറ്റുന്നതില്‍ പോരായ്മകള്‍ ഉണ്ടായിട്ടുണ്ട് എന്നും കാലാവസ്ഥാ പ്രവചനം കുറേക്കൂടി കാര്യക്ഷമം ആകണമെന്നും പറഞ്ഞത് കേന്ദ്രത്തിലെ തന്നെ ആഭ്യന്തര മന്ത്രിയായിരുന്നു എന്ന് പ്രധാനമന്ത്രിയെ ഓര്‍മിപ്പിക്കട്ടെ.

മത്സ്യത്തൊഴിലാളിക്ക് സാറ്റലൈറ്റ് ഫോണുകളും നാവിക് ഉപകരണങ്ങളും ലഭ്യമാക്കാനും, ബോട്ടുകള്‍ക്കും മത്സ്യത്തൊഴിലാളികള്‍ക്കും വേണ്ട സുരക്ഷാ സംവിധാനങ്ങള്‍ ഒരുക്കാനും മുന്‍കൈയെടുത്തത് കേരള സര്‍ക്കാറാണ്. ഓഖിക്ക് അനുവദിച്ച 133 കോടിയില്‍ നിന്നും 21.3 കോടി രൂപ തിരിച്ചെടുക്കുകയാണ് കേന്ദ്രം ചെയ്തത് എന്ന് മറക്കരുത്.

പ്രളയത്തില്‍ അകപ്പെട്ടു പോയവരെ സഹായിക്കാന്‍ സംസ്ഥാനം തയ്യാറായില്ല എന്നാണ് അദ്ദേഹത്തിന്റെ മറ്റൊരു ആരോപണം. 31,000 കോടി രൂപയുടെ നഷ്ടമുണ്ടായ കേരളത്തിന് കേന്ദ്രം എത്ര രൂപയാണ് അനുവദിച്ചത് എന്ന് വെളിപ്പെടുത്താന്‍ അദ്ദേഹം തയ്യാറാകുമോ? കേന്ദ്ര മാനദണ്ഡപ്രകാരം തന്നെ സംസ്ഥാനത്തിന് ലഭിക്കേണ്ട 5,000 കോടി രൂപയെങ്കിലും അനുവദിച്ചിട്ടുണ്ടോ? (എസ് ഡി എം എ കണക്കുകള്‍ പ്രകാരം 2,900 കോടി അനുവദിച്ചിട്ടുണ്ട്. അതില്‍ 330 കോടി രൂപ അരി, രക്ഷാപ്രവര്‍ത്തനം എന്നിവയുടെ പേരില്‍ തിരികെ കേന്ദ്രത്തിനു തന്നെ നല്‍കേണ്ടി വന്നു). കേരളത്തിന് യു എ ഇ വാഗ്ദാനം ചെയ്ത 700 കോടി രൂപയുടെ സഹായം അട്ടിമറിച്ചത് ആരാണ് എന്ന് ഇന്നാട്ടിലെ കൊച്ചു കുട്ടികള്‍ക്കു വരെ അറിയാം.
മധ്യവര്‍ഗങ്ങള്‍ക്കായി എന്തോ ചെയ്തു എന്നു പറഞ്ഞ അദ്ദേഹം വിലക്കയറ്റത്തെക്കുറിച്ച് ഒരക്ഷരവും മിണ്ടിയില്ല. പെട്രോളിന്റെയും ഡീസലിന്റെയും പാചക വാതകത്തിന്റെയും വില വര്‍ധനവിനെക്കുറിച്ചും അദ്ദേഹം ഒന്നും പറഞ്ഞില്ല. രൂപയുടെ മൂല്യം ഇടിഞ്ഞതിനെക്കുറിച്ചും തൊഴിലുകള്‍ ഇല്ലാതായതിനെക്കുറിച്ചും നോട്ടുനിരോധനം ചെറുകിട വ്യവസായങ്ങളെ തകര്‍ത്തതിനെക്കുറിച്ചും അദ്ദേഹം ഒരക്ഷരം ഉരിയാടിയില്ല. ഇക്കാര്യങ്ങളിലൊക്കെ താന്‍ വലിയ പരാജയമായിരുന്നു എന്നദ്ദേഹം സമ്മതിക്കുകയാണോ?

വിദ്യാഭ്യാസ വായ്പയുടെ പലിശ നിരക്ക് കുറച്ചു എന്ന് പറയുന്ന പ്രധാനമന്ത്രി വിദ്യാഭ്യാസ സ്ഥാപനങ്ങളെ വര്‍ഗീയവത്കരിച്ച കേന്ദ്ര നിലപാടുകളെക്കുറിച്ചും വിദ്യാഭ്യാസ മേഖലയെ ആകെ സ്വകാര്യവത്കരിക്കുന്ന അദ്ദേഹത്തിന്റെ സര്‍ക്കാര്‍ നയങ്ങളെക്കുറിച്ചും സ്‌കോളര്‍ഷിപ്പുകള്‍ വെട്ടിക്കുറച്ചതും ഇല്ലാതാക്കിയതുമായ നടപടികളെക്കുറിച്ചും എന്താ മിണ്ടാത്തത്? ഇത്തരം നയങ്ങളുടെ ഫലമായാണ് വിദ്യാര്‍ഥികള്‍ പഠിക്കാന്‍ വായ്പ എടുക്കേണ്ടി വരുന്നത് എന്ന് അദ്ദേഹത്തെ ആരെങ്കിലും ഓര്‍മപ്പെടുത്തേണ്ടതുണ്ടോ?
നൂറുകണക്കിന് ബി ജെ പി പ്രവര്‍ത്തകര്‍ കേരളത്തില്‍ കൊല്ലപ്പെട്ടു എന്നാണ് പ്രധാനമന്ത്രി തിരുവനന്തപുരത്തെ യോഗത്തില്‍ പറഞ്ഞത്. എന്നാല്‍, കേരളത്തിലെ വിവിധ രാഷ്ട്രീയ സംഘട്ടനങ്ങളില്‍ ഈ മൂന്ന് വര്‍ഷത്തിനുള്ളില്‍ പല പാര്‍ട്ടികളില്‍ നിന്നായി മരണപ്പെട്ടവരുടെ മൊത്തം സംഖ്യ ഔദ്യോഗിക രേഖകള്‍ പ്രകാരം നൂറിന്റെ അഞ്ചിലൊന്നു പോലും വരുന്നില്ല. എവിടെനിന്നു കിട്ടി പ്രധാനമന്ത്രിക്ക് ഈ നൂറുകണക്കിന് ബി ജെ പി രക്തസാക്ഷികളെ? രാഷ്ട്രീയ കൊലപാതകങ്ങള്‍ അവസാനിപ്പിക്കാന്‍ കാര്യക്ഷമമായി നടപടിയെടുത്ത സര്‍ക്കാറാണ് ഇവിടെയുള്ളത്. അടിസ്ഥാനരഹിതമായ സങ്കല്‍പങ്ങളുടെ അടിസ്ഥാനത്തില്‍ പ്രധാനമന്ത്രി ആരോപണങ്ങള്‍ ഉന്നയിച്ചുകൂടാത്തതാണ്.

നമ്പി നാരായണനെക്കുറിച്ച് പ്രധാനമന്ത്രി പ്രസംഗ വേളയില്‍ നടത്തിയ പരാമര്‍ശങ്ങള്‍, നമ്പി നാരായണന്‍ നല്‍കിയ കേസില്‍ ഉള്‍പ്പെട്ടതും നമ്പി നാരായണനെതിരെ അധിക്ഷേപം ചൊരിഞ്ഞതുമായ മുന്‍ ഡി ജി പി സെന്‍കുമാറിനെ ഒപ്പമിരുത്തിക്കൊണ്ടാണ് എന്നത് ബി ജെ പിയുടെ ഇരട്ടത്താപ്പിന്റെ പ്രത്യക്ഷ ഉദാഹരണമാണ്.
കേരളം നീതി ആയോഗിന്റെ സുസ്ഥിര വികസന സൂചികകളില്‍ ഒന്നാം സ്ഥാനത്താണ്. ആരോഗ്യം, വിദ്യാഭ്യാസം, ലിംഗസമത്വം എന്നീ സൂചികകളില്‍ കേരളം ഒന്നാമതാണ്. രാഷ്ട്രീയ മുതലെടുപ്പിനായി പ്രധാനമന്ത്രി യാഥാര്‍ഥ്യങ്ങളെ മറച്ചുവെക്കുന്നു. സംസ്ഥാനത്തെ അപകീര്‍ത്തിപ്പെടുത്തുന്ന അടിസ്ഥാനരഹിതമായ പ്രചാരണം നടത്തുന്നു. ഇത് അദ്ദേഹം വഹിക്കുന്ന പദവിക്കു ചേര്‍ന്നതല്ല.