കഴിഞ്ഞ വര്‍ഷം ദുബൈയിലേക്ക് ആകര്‍ഷിച്ചത് 2,000 സമ്പന്നരെയെന്ന്

Posted on: April 19, 2019 10:47 pm | Last updated: April 19, 2019 at 11:57 pm

ദുബൈ: ലോകത്തെ ധനാഢ്യര്‍ ദുബൈയിലേക്ക് കൂടുതലായെത്തുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍. യു എ ഇയില്‍ സ്ഥിര താമസമാക്കുന്നതിന് സമ്പന്നര്‍ ഇഷ്ടപ്പെടുന്നുവെന്നും റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടി. മികച്ച അടിസ്ഥാന സൗകര്യങ്ങള്‍, വ്യാപാര സൗഹൃദാന്തരീക്ഷം, ഉന്നത സുരക്ഷാ ക്രമീകരണങ്ങള്‍ തുടങ്ങിയവയാണ് ധനാഢ്യരെ ദുബൈയിലേക്ക് ആകര്‍ഷിക്കുന്നത്. ഇത്തരത്തില്‍ 2000 സമ്പന്നരാണ് കഴിഞ്ഞ വര്‍ഷം ദുബൈയിലേക്ക് ആകര്‍ഷിക്കപ്പെട്ടത്.

ചുരുങ്ങിയത് 36 ലക്ഷം ദിര്‍ഹം ആസ്തിയുള്ള സമ്പന്നരാണ് 2018ല്‍ മാത്രം യു എ ഇയിലെത്തിയെന്ന് റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നുണ്ട്. വസ്തുവഹകള്‍, ധനം, ഇക്വിറ്റി ഷെയറുകള്‍, വ്യാപാരം തുടങ്ങിയ നിലയിലാണ് ആസ്തികളെ കണക്കാക്കിയിട്ടുള്ളത്. ഇത്തരം സമ്പന്നരുടെ ആഗമനം ദുബൈയുടെ സാമ്പത്തിക വ്യവസ്ഥയെ കൂടുതല്‍ ശക്തിപ്പെടുത്തിയതായും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നുണ്ട്.

അതേസമയം, ആയിരത്തോളം പേര്‍ യു എ ഇയില്‍ സ്ഥിര താമസത്തിനായി തിരഞ്ഞെടുത്തിട്ടുണ്ട്. 2018ല്‍ ധനാഢ്യരായ കുടിയേറ്റക്കാരുടെ എണ്ണം രണ്ട് ശതമാനം വര്‍ധിച്ചിട്ടുണ്ട്. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ചാണ് ഈ കണക്ക്. ആഗോളാടിസ്ഥാനത്തില്‍ ആഫ്രോ ഷ്യ ബേങ്ക് നടത്തിയ ആഗോള ധനാഢ്യരുടെ കുടിയേറ്റ സര്‍വേയിലാണ് ദുബൈക്ക് ഈ നേട്ടമുണ്ടായതെന്ന് ചൂണ്ടിക്കാട്ടുന്നത്. ഏറ്റവും കൂടുതല്‍ ധനാഢ്യരെ ഒരു വര്‍ഷത്തിനുള്ളില്‍ ആകര്‍ഷിച്ച രാജ്യങ്ങളില്‍ അഞ്ചാം സ്ഥാനത്താണ് യു എ ഇ സ്വിറ്റ്സര്‍ലന്‍ഡാണ് തൊട്ടു മുന്നില്‍.