ജെറ്റ് എയര്‍വേസിന്റെ തകര്‍ച്ച; ജോലി നഷ്ടപ്പെട്ടവര്‍ക്ക് അവസരം നല്‍കി സ്‌പൈസ് ജെറ്റ്

Posted on: April 19, 2019 8:37 pm | Last updated: April 19, 2019 at 8:37 pm

ന്യൂഡല്‍ഹി: സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് ജെറ്റ് എയര്‍വേസ് സര്‍വീസ് അവസാനിപ്പിച്ചതോടെ പെരുവഴിയിലായ ജീവനക്കാര്‍ക്ക് ആശ്വാസമായി സ്‌പൈസ് ജെറ്റിന്റെ റിക്രൂട്ട്‌മെന്റ്. ജെറ്റ് എയര്‍വേസില്‍ നിന്ന് ജോലി നഷ്ടപ്പെട്ട നൂറിലധികം പൈലറ്റുമാര്‍ക്കും 200ല്‍ അധികം കാബിന്‍ ക്രൂമാര്‍ക്കും 200ല്‍ അധികം ടെക്‌നിക്കല്‍, എയര്‍പോര്‍ട്ട് ജീവനക്കാര്‍ക്കും സ്‌പൈസ് ജെറ്റ് ജോലി നല്‍കി. സര്‍വീസ് വിപുലീകരിക്കുന്നതിന്റെ ഭാഗമായി കൂടുതല്‍ ജീവനക്കാരെ ഇനിയും നിയമിക്കുമെന്നും സ്‌പൈസ് ജെറ്റ് കേന്ദ്രങ്ങളെ ഉദ്ധരിച്ച് എഎന്‍ഐ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.

ആഭ്യന്തര സെക്ടറില്‍ 24 പുതിയ വിമാനങ്ങള്‍ കൂടി പറത്തുവാന്‍ തീരുമാനിച്ചതായി സ്‌പൈസ്‌ജെറ്റ് വ്യാഴാഴാച വ്യക്തമാക്കിയിരുന്നു. കരിപ്പൂരില്‍ നിന്ന് ബംഗളൂരുവിലേക്കും ജിദ്ദയിലേക്കും അടക്കം പുതിയ സര്‍വീസുകള്‍ സ്‌പൈസ്‌ജെറ്റ് നാളെ തുടക്കം കുറിക്കുന്നുണ്ട്. ആഭ്യന്തര സെക്ടറില്‍ കൂടുതല്‍ സര്‍വീസുകള്‍ ഉടന്‍ ആരംഭിക്കുവാനുള്ള തയ്യാറെടുപ്പിലാണ് കമ്പനി.

1.2 ബില്യന്‍ ഡോളറിന്റെ കടക്കെണിയെ തുടര്‍ന്നാണ് 25 വര്‍ഷത്തെ പാമ്പര്യമുള്ള ജെറ്റ് എയര്‍വേസിന് സര്‍വീസുകള്‍ നിര്‍ത്തേണ്ടിവന്നത്. ഇതോടെ 22000ല്‍ അധികം ജീവനക്കാര്‍ക്കാണ് തൊഴില്‍ നഷ്ടമായത്. ജെറ്റ് എയര്‍വേസിലെ തൊഴിലാളികളുടെ തൊഴില്‍ സംരക്ഷിക്കാന്‍ കമ്പനിയെ കേന്ദ്ര സര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന് ആവശയപ്പെട്ട് ബാങ്ക് യൂണിയനുകള്‍ പ്രധാനമന്ത്രിക്ക് കത്തയച്ചിട്ടുണ്ട്.