Articles
കേരളത്തോടുള്ള സംഘ്പരിവാര്‍ കലിപ്പിന്റെ വേരുകള്‍

ആര്‍ എസ് എസിനെയും അതിന്റെ പ്രച്ഛന്ന വേഷങ്ങളെയും തീണ്ടാപ്പാടകലെ മാറ്റി നിര്‍ത്തിയതാണ് കേരളത്തിന്റെ രാഷ്ട്രീയ ചരിത്രം. പ്രതിപക്ഷം ഭയപ്പെടുന്നത് സംഭവിച്ചാലല്ലാതെ, വോട്ടിംഗ് മെഷീനില്‍ കൃത്രിമം നടത്തിയല്ലാതെ ഇക്കുറിയും കേരളത്തില്‍ ഇരുപത് മണ്ഡലങ്ങളില്‍ ഒരിടത്തും ബി ജെ പിക്ക് അനുകൂല ജനവിധി ഉണ്ടാകില്ല. മോദിയുടെ സ്‌റ്റേജ് ഷോകള്‍ക്കോ അമിത് ഷായുടെ വര്‍ഗീയ ജല്പനങ്ങള്‍ക്കോ കേരളത്തിന്റെ മതേതര, ജനാധിപത്യ ബോധത്തെ അതിജയിക്കാനാകില്ല. അതുകൊണ്ടു തന്നെ കേരളം വരും നാളുകളില്‍ കരുതലോടെയിരിക്കണം.
ഈ തിരസ്‌കാരത്തോട് രണ്ട് നിലക്കാകും സംഘ്പരിവാറിന്റെ പ്രതികരണം. ഒന്ന്, കേരളത്തിനെതിരെ ശത്രുതാപരമായ ആക്രോശങ്ങള്‍ ശക്തമാക്കും. രണ്ട്, അങ്ങേയറ്റം വിഷലിപ്തമായ പ്രചാരണങ്ങളിലൂടെ നമ്മുടെ സാമൂഹിക മണ്ഡലത്തില്‍ ആഴമുള്ള മുറിവുകള്‍ സൃഷ്ടിക്കും.
കേരളത്തോട് സംഘ്പരിവാറിനുള്ള വിപ്രതിപത്തിയും ശത്രുതാ മനോഭാവവും പലകുറി വെളിപ്പെട്ടതാണ്. ഇപ്പോഴും കേരളത്തെ കുറിച്ച് ഇതര സംസ്ഥാനങ്ങളില്‍ അവര്‍ കടുംകള്ളങ്ങള്‍ പ്രചരിപ്പിക്കുന്നുമുണ്ട്. രാജ്യം ഭരിക്കുന്നവര്‍ പോലുമുണ്ട് ഈ നുണപ്രചാരണത്തിന്റെ മുന്‍പന്തിയില്‍ എന്നതാണ് അതിശയകരമായ സംഗതി. ബ്രിട്ടീഷ് വിരുദ്ധ പോരാട്ടത്തിലാണ് ഈ വിരോധത്തിന്റെ വേരാഴ്ന്നു കിടക്കുന്നത്. കോളനി ശക്തികള്‍ക്കെതിരെ ഇന്ത്യ ഒന്നാകെ പൊരുതാനിറങ്ങിയപ്പോള്‍ “പാഴായിപ്പോകുന്ന ഊര്‍ജ”ത്തെ കുറിച്ച് വേവലാതിപ്പെട്ടിരുന്നു സംഘ് ആചാര്യന്മാര്‍. ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തിലെ ഉജ്ജ്വല അധ്യായമായ മലബാര്‍ കലാപത്തെ അങ്ങനെയൊരു പ്രസ്ഥാനം പൂര്‍ണമായി തള്ളിക്കളഞ്ഞതില്‍ അതിശയിക്കാന്‍ ഒന്നുമില്ല.
കേരളത്തെ ശത്രുസ്ഥാനത്ത് നിര്‍ത്താന്‍ ആര്‍ എസ് എസിനെ “നിര്‍ബന്ധിതമാക്കുന്നത്” മൂന്ന് ഘടകങ്ങളാണ്.
ഒന്നാമതായി, ജനസംഖ്യയില്‍ നാലിലൊന്ന് മുസ്‌ലിംകളാണ്; അവര്‍ സാമൂഹികമായും സാമ്പത്തികമായും മറ്റ് ഇന്ത്യന്‍ സംസ്ഥാനങ്ങളിലെ മുസ്‌ലിംകളെ അപേക്ഷിച്ച് വളരെയേറെ മുന്നിലാണ്. ഇത് ആര്‍ എസ് എസിനെ സംബന്ധിച്ചിടത്തോളം അസഹ്യമാണ്. എല്ലാ പൗരാവകാശങ്ങളും നിഷേധിക്കപ്പെട്ട്, മൂലയിലൊതുക്കപ്പെട്ട മുസ്‌ലിമിനെയാണ് ഹിന്ദുത്വര്‍ വിഭാവന ചെയ്യുന്നത്. കേരളത്തിലെ മുസ്‌ലിംകളാകട്ടെ, അവരുടെ ഭാവനകള്‍ക്കും മീതെയാണ് നിലകൊള്ളുന്നത്.
ആര്‍ എസ് എസിനെ അലോസരപ്പെടുത്തുന്ന രണ്ടാമത്തെ കാര്യം, കേരളത്തില്‍ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങളുടെ സജീവ സാന്നിധ്യമാണ്. കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം കേരളത്തില്‍ വേരാഴ്ത്തിയതിന് ചരിത്രപരമായ കാരണങ്ങളുണ്ട്. മര്‍ദകര്‍ക്കും നാടുവാഴികള്‍ക്കുമെതിരെ അടിച്ചമര്‍ത്തപ്പെട്ടവരുടെയും ചൂഷിതരുടെയും വിശാലമായ കൂട്ടായ്മ എന്ന തലത്തിലാണ് കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം മലയാളികളുടെ രാഷ്ട്രീയ തിരഞ്ഞെടുപ്പായി മാറുന്നത്. കേരള സമൂഹത്തിലെ മഹാഭൂരിപക്ഷം വരുന്ന കീഴാള, ദളിത് വിഭാഗങ്ങള്‍ക്ക് ആത്മവിശ്വാസം പകര്‍ന്ന നവോത്ഥാന പരിശ്രമങ്ങളെ മുന്നോട്ടു കൊണ്ടുപോകാനും അവര്‍ക്ക് സാധിച്ചു. അന്ന് നിലവിലുണ്ടായിരുന്ന ചില ദേശീയ പ്രസ്ഥാനങ്ങള്‍ ജന്മിമാരുടെയും ഭൂ പ്രഭുക്കന്മാരുടെയും സാമന്തന്മാരായി സ്വയം പരിമിതപ്പെട്ടപ്പോള്‍ ജനാധിപത്യത്തിന്റെ വിഹായസ്സിലേക്ക് കീഴാള സമൂഹം നടന്നുകയറിയത് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ കൈപിടിച്ചായിരുന്നു. അതിന്റെ അടിവേരറുക്കാന്‍ പഠിച്ച പണികളെല്ലാം ആര്‍ എസ് എസ് പയറ്റിയതാണ്. എന്നിട്ടും അത് സാധ്യമാകാതിരുന്നത് അത്രയൊന്നും എളുപ്പത്തില്‍ പിഴുതെറിയാന്‍ കഴിയാത്ത ഉറച്ച വേരുകള്‍ മണ്ണിലാഴ്ന്നു കിടക്കുന്നത് കൊണ്ടാകാം.
മൂന്നാമത്തെ ഘടകം, കേരളത്തിന്റെ മതനിരപേക്ഷ, ജനാധിപത്യ ബോധമാണ്. ഒരു വര്‍ഗീയതക്ക് മുമ്പിലും തലകുനിച്ചു കൊടുക്കാത്ത ആ ഇച്ഛാശക്തിയാണ് ഇന്നും സംഘ്പരിവാറിന് കേരളം ബാലികേറാമലയായി തുടരുന്നതിന്റെ കാരണം. രാഷ്ട്രപിതാവിനെ നാഥുറാം ഗോഡ്‌സെ വെടിവെച്ചിട്ടപ്പോള്‍, ബാബരി മസ്ജിദ് ഹിന്ദുത്വ പരിവാര്‍ തച്ചുതകര്‍ത്തപ്പോള്‍, ഗുജറാത്തിലുള്‍പ്പടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ആര്‍ എസ് എസ് സംഹാരാത്മകമായി അഴിഞ്ഞാടിയപ്പോള്‍ ഉള്ളുപൊള്ളി വര്‍ഗീയതയെയും സംഘികളെയും ശപിച്ച നാടാണ് കേരളം. ഇവിടെ എല്ലാ മതവിഭാഗങ്ങളും ഐക്യത്തോടെ ജീവിക്കുന്നതും ഛിദ്രശക്തികള്‍ക്കെതിരെ ഒരുമിച്ചുനില്‍ക്കുന്നതും ആര്‍ എസ് എസിന് സഹിക്കാവുന്നതല്ല.
സംഘ്പരിവാര്‍ കേരളത്തിനെതിരെ നടത്തുന്ന പ്രചാരണങ്ങള്‍ പരിശോധിക്കുക. കേരളം ദേശവിരുദ്ധരുടെ നാടാണ്, ഇവിടെ ഹിന്ദുക്കള്‍ നിരന്തരം അക്രമിക്കപ്പെടുകയാണ്, മുസ്‌ലിം ജനസംഖ്യ കുത്തനെ ഉയരുകയാണ്, ഇവിടെ ഹിന്ദുക്കളേക്കാള്‍ മുസ്‌ലിംകളാണുള്ളത്, കമ്മ്യൂണിസ്റ്റുകാര്‍ ഹിന്ദു ക്ഷേത്രങ്ങള്‍ നശിപ്പിക്കുകയാണ്, പാക്കിസ്ഥാന്‍ ചാരന്മാരെ കൊണ്ട് ഇവിടെ നിറഞ്ഞിരിക്കുന്നു, കേരളത്തിലെ ഇരു മുന്നണികളും ഹിന്ദു വിരുദ്ധരാണ്… അങ്ങനെ എണ്ണിയാലൊടുങ്ങാത്ത നുണകള്‍. യാതൊരു അടിസ്ഥാനവുമില്ലാത്ത പ്രസ്താവനകളിലൂടെ മോദിയും യോഗിയും അമിത് ഷായും കേരളത്തെ കലക്കാന്‍ കച്ച കെട്ടിയിറങ്ങിയിരിക്കുന്നു. മുസ്‌ലിംകളുടെ മുണ്ടുപൊക്കി നോക്കി മതം തിരയുന്ന ശ്രീധരന്‍ പിള്ള ഉള്‍പ്പടെയുള്ള കേരള നേതാക്കള്‍ വര്‍ഗീയതയില്‍ മോദിയെയും യോഗിയെയും കടത്തിവെട്ടാനുള്ള ശ്രമത്തിലാണ്. ആല ചാരിയതിന്റെ ഫലമാണോ എന്നറിയില്ല, ബി ജെ പിയുടെ സഖ്യകക്ഷി നേതാവായ തുഷാര്‍ വെള്ളാപ്പള്ളിയും അതേ വഴിയിലാണിപ്പോള്‍.
നൂറ്റാണ്ടിലെ പ്രളയകാലത്ത് കേരളത്തിന് ഇന്ത്യയിലെ ഒരു സംസ്ഥാനമാണ് എന്ന പരിഗണന പോലും നല്‍കിയില്ല മോദി സര്‍ക്കാര്‍. കേരളത്തെ കാര്യമായി സഹായിച്ചില്ല എന്നത് പോകട്ടെ, കിട്ടാവുന്ന സഹായങ്ങള്‍ പണിപ്പെട്ട് മുടക്കുകയും ചെയ്തു. ആ നാളുകളില്‍ സോഷ്യല്‍ മീഡിയയിലൂടെ സംഘ്പരിവാര്‍ പ്രൊഫൈലുകള്‍ നടത്തിയ “കേരളവിരുദ്ധ” പ്രചാരണങ്ങള്‍ മറക്കാറായിട്ടില്ല. കേരളം= ജിഹാദികളുടെ നാട് എന്ന സമവാക്യം രൂപപ്പെടുത്തുന്നതിലാണ് കുറച്ചുകാലങ്ങളായി അവര്‍ ശ്രദ്ധ ചെലുത്തുന്നത്. രാഹുല്‍ ഗാന്ധി പാക്കിസ്ഥാനിലാണോ മത്സരിക്കുന്നത് എന്ന് അമിത് ഷായെ കൊണ്ട് ചോദിപ്പിച്ച ആ മനോഭാവം മുസ്‌ലിം വിരുദ്ധതയുടേത് മാത്രമല്ല; കേരളത്തോടുള്ള വൈരനിര്യാതന ബുദ്ധി തന്നെയാണ് വര്‍ഗീയ പ്രസ്താവനയായി ബി ജെ പി അധ്യക്ഷന്‍ പുറംതള്ളിയത്.
ശബരിമലയാണ് ഒടുവിലെ തുറുപ്പുശീട്ട്. ശബരിമലയില്‍ യുവതീ പ്രവേശനത്തിന് ഹരജി നല്‍കിയത് സംഘ്പരിവാര്‍ അനുഭാവികള്‍. ഒരു വ്യാഴവട്ടക്കാലം കോടതിയില്‍ വാദപ്രതിവാദങ്ങള്‍ നടക്കുമ്പോഴെല്ലാം യുവതീ പ്രവേശനത്തിന് അനുകൂലമായിരുന്നു ബി ജെ പിയും സംഘ്പരിവാറും. ആ കേസില്‍ കക്ഷി ചേരാന്‍ അതുകൊണ്ട് തന്നെ അവര്‍ക്ക് താത്പര്യം ഉണ്ടായിരുന്നില്ല. ഒടുവില്‍ കഴിഞ്ഞ വര്‍ഷം സെപ്തംബറില്‍ യുവതീ പ്രവേശം അനുവദിച്ചു കൊണ്ട് സുപ്രീം കോടതി വിധിയുണ്ടായപ്പോള്‍ അതിനെ ആര്‍ എസ് എസും ബി ജെ പിയും സ്വാഗതം ചെയ്തു. പിന്നീടാണ് അവര്‍ മറുകണ്ടം ചാടുന്നത്. കേരളത്തിലെ ഹിന്ദു സമുദായത്തെ ഒപ്പം നിര്‍ത്താന്‍ ഇതാണവസരം എന്ന് മനസിലാക്കിയ സംഘ്പരിവാറിനെ പിന്നെ കാണുന്നത് ആചാര സംരക്ഷകരുടെ റോളിലാണ്. അതിന് രണ്ട് മാര്‍ഗങ്ങളാണ് മുമ്പിലുണ്ടായിരുന്നത്. കോടതിയില്‍ റിവ്യൂ പെറ്റീഷന്‍ ഹരജി നല്‍കുക. ബി ജെ പിയോ സംഘ്പരിവാരമോ അതിനു തയാറായില്ല. കേന്ദ്ര സര്‍ക്കാര്‍ ഓര്‍ഡിനന്‍സ് കൊണ്ടുവരികയായിരുന്നു രണ്ടാമത്തെ വഴി. ചറപറാ ഓര്‍ഡിനന്‍സുകള്‍ ഇറങ്ങിയ ഒരു ഭരണകാലത്ത് ഹിന്ദു വിശ്വാസവുമായി ബന്ധപ്പെട്ട ഒരാചാരം സംരക്ഷിക്കാന്‍ കേന്ദ്രം അനങ്ങിയില്ല, ഓര്‍ഡിനന്‍സ് ഇറങ്ങിയില്ല. പകരം അവര്‍ അക്രമത്തിന്റെയും സംഘര്‍ഷത്തിന്റെയും വഴി തിരഞ്ഞെടുത്തു. ഭക്തരെ ആക്രമിച്ചു. മണ്ഡല കാലത്ത് ഹര്‍ത്താല്‍ നടത്തി. തെരുവുകളില്‍ ശബരിമല ആചാരങ്ങളുടെ പേരില്‍ ആക്രോശങ്ങള്‍ ഉയര്‍ന്നു. നിലക്കല്‍ മുതല്‍ നെടുമ്പാശേരി വരെ സമര വേദിയായി.
എന്നിട്ടിപ്പോള്‍ ഈ തിരഞ്ഞെടുപ്പ് കാലത്ത് ബി ജെ പി പറയുന്നു; ശബരിമലയില്‍ ആചാരം സംരക്ഷിക്കുമെന്ന്. അത് മാത്രമോ? പ്രധാനമന്ത്രി തന്നെ പറയുകയാണ്, കേരളത്തില്‍ അയ്യപ്പന്റെ പേരു പറഞ്ഞാല്‍ അറസ്റ്റ് ചെയ്യുമെന്ന്. സെന്‍കുമാറോ സുരേന്ദ്രനോ പറഞ്ഞാല്‍ അത് വിവരമില്ലായ്മയാണെന്നു കരുതി വിട്ടേക്കാം. ഇതങ്ങനെയാണോ? രാജ്യം ഭരിക്കുന്ന വ്യക്തി പച്ച നുണ എഴുന്നെള്ളിക്കുകയാണ്. നുണകളില്‍ പടുത്തുയര്‍ത്തപ്പെട്ട പ്രസ്ഥാനമാണ് മോദി കണ്ടും കേട്ടും അനുഭവിച്ചും പഠിച്ച ആര്‍ എസ് എസ്. പക്ഷേ, ഒരു സംസ്ഥാനത്തെ കുറിച്ച് തികച്ചും നിരുത്തരവാദപരമായി ഒരു ഭരണാധികാരി സംസാരിക്കുമ്പോള്‍ അത് കേരളത്തെ അപമാനിക്കാനുള്ള മനപൂര്‍വമായ ശ്രമമല്ലാതെ മറ്റെന്താണ്? ഒടുവില്‍, ഇരിക്കുന്ന സ്ഥാനത്തിന്റെ അന്തസ്സ് മറക്കരുതെന്ന് രാജ്യത്തിന്റെ പ്രധാനമന്ത്രിയെ ഒരു സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിക്ക് ഓര്‍മിപ്പിക്കേണ്ടി വരുന്നത് എത്ര സങ്കടകരമാണ്?
പിഞ്ചു പൈതലിന്റെ ജീവന്‍ സംരക്ഷിക്കാന്‍ കേരളം ഒന്നാകെ പ്രാര്‍ഥനാ നിരതമായിരുന്ന ഒരു പകല്‍ നേരത്ത് ആ കുഞ്ഞിന്റെ മതം ചികയുന്ന വികൃത മാനസമുണ്ടല്ലോ, അത് ഹിന്ദുത്വ ശക്തികള്‍ ഒരുക്കിയ വിഷക്കൂട്ടില്‍ ഹിന്ദുനാമധാരികളായ ചിലര്‍ മുഖം കുത്തി വീണതിന്റെ അടയാളമാണ്. ഈ വിധത്തില്‍ ചിന്തിക്കാനും എഴുതാനും സംഘ്പരിവാര്‍ വര്‍ഗീയവാദിക്ക് മദ്യത്തിന്റെ ലഹരി ആവശ്യമില്ല.
കേരളത്തെ അപഹസിക്കാന്‍ കിട്ടുന്ന ഒരവസരവും ആര്‍ എസ് എസ് ഇന്നോളം വിട്ടുകളഞ്ഞിട്ടില്ല. ഇനി അതൊട്ടും പ്രതീക്ഷിക്കുകയുമരുത്. കേരളത്തോടുള്ള സംഘ്പരിവാറിന്റെ ഈ കലിപ്പ് തിരഞ്ഞെടുപ്പാനന്തരം ശക്തിപ്പെടും. അങ്ങനെയൊരു ജനവിധിയാണ് കേരളത്തില്‍ നിന്നുണ്ടാകാനിരിക്കുന്നത്. സകല വര്‍ഗീയ വിടുവായത്തങ്ങളെയും മറികടക്കാനുള്ള ജനാധിപത്യ മതനിരപേക്ഷ ജാഗ്രത ആര്‍ജിക്കുകയാണ് പരിഹാരം. കേരളം ഒരു സംസ്ഥാനത്തിന്റെ പേരല്ല, ഉദാത്തമായൊരു സംസ്‌കാരത്തിന്റെ മറുവാക്കാണെന്ന് സംഘ്പരിവാറിനെ ബോധ്യപ്പെടുത്താന്‍ മലയാളികള്‍ക്ക് സാധിക്കുമെന്ന് തന്നെ പ്രത്യാശിക്കാം.
മുഹമ്മദലി കിനാലൂര്‍