അമൃതയില്‍ പ്രവേശിപ്പിച്ച കുഞ്ഞിന്റെ ഹൃദയശസ്ത്രക്രിയ പൂര്‍ത്തിയായി; 48 മണിക്കൂര്‍ നിര്‍ണായകം

Posted on: April 18, 2019 5:45 pm | Last updated: April 19, 2019 at 10:32 am

കൊച്ചി: അടിയന്തര ഹൃദയ ശസ്ത്രക്രിയക്കായി മംഗലാപുരത്ത് നിന്ന് കൊച്ചി അമൃത ആശുപത്രിയില്‍ എത്തിച്ച 16 ദിവസം പ്രായമായ കുട്ടിയുടെ ശസ്ത്രക്രിയ പൂര്‍ത്തിയായി. രാവിലെ എട്ടിന് തുടങ്ങിയ ശസ്ത്രക്രിയ ഒന്‍പത് മണിക്കൂര്‍ കൊണ്ടാണ് പൂര്‍ത്തിയായത്. അടുത്ത 48 മണിക്കൂര്‍ നിര്‍ണായകമാണെന്ന് ആശുപത്രി പുറത്തിറക്കിയ മെഡിക്കല്‍ ബുള്ളറ്റിനില്‍ വ്യക്തമാക്കുന്നു.

കാസര്‍കോട്ടെ സാനിയ – മിത്താഹ് ദമ്പതികളുടെ കുഞ്ഞിനെയാണ് അടിയന്തര ചികിത്സക്കായി ചൊവ്വാഴ്ച അമൃതയില്‍ എത്തിച്ചത്. നേരത്തെ തിരുവനന്തപുരം ശ്രീചിത്ര ആശുപത്രിയിലേക്ക് കൊണ്ടുപോകാനാണ് തീരുമാനിച്ചിരുന്നത്. എന്നാല്‍ ആരോഗ്യമന്ത്രി വിഷയത്തില്‍ ഇടപെടുകയും സര്‍ക്കാര്‍ ചെലവില്‍ കുഞ്ഞിന് ഏറ്റവും വേഗം അടിയന്തര ചികിത്സ ലഭ്യമാക്കാന്‍ നടപടി സ്വീകരിക്കുകയുമായിരുന്നു.

കുഞ്ഞിന് ഗുരുതര ഹൃദയ തകരാര്‍ ഉള്ളതായി പരിശോധനയില്‍ കണ്ടെത്തിയിരുന്നു. ഹൃദയത്തില്‍ ദ്വാരവും ശരീരത്തില്‍ രക്തമെത്തിക്കുന്ന ധമനിയായ അയോട്ട ചുരുങ്ങുന്ന സ്ഥിതിയും ഹൃദയവാല്‍വിന് തകരാറും കണ്ടെത്തിയതായി അമൃത ആശുപത്രി വക്താവ് ഡോ. കൃഷ്ണകുമാര്‍ വ്യക്്തമാക്കിയിരുന്നു. തുടര്‍ന്ന് 24 മണിക്കൂര്‍ നിരീക്ഷണത്തിന് ശേഷമാണ് ഇന്ന് രാവിലെ ശസ്ത്രക്രിയക്ക് വിധേയനാക്കിയത്.

കുഞ്ഞിനെയുമായി മംഗലാപുരത്ത് നിന്ന് പുറപ്പെട്ട ആംബുലന്‍സിന് വേഗത്തില്‍ ലക്ഷ്യസ്ഥാനത്തെത്താന്‍ കേരളം ഒന്നടങ്കം കൈകോര്‍ത്തതോടെയാണ് വിഷയം വാര്‍ത്താപ്രാധാന്യം നേടിയത്.