Connect with us

Gulf

വ്യാജ കറന്‍സികള്‍ വിപണനത്തിനെത്തിച്ച രണ്ട് ഏഷ്യക്കാരെ പോലീസ് അറസ്റ്റ് ചെയ്തു

Published

|

Last Updated

ഷാര്‍ജ: വ്യാജ കറന്‍സികള്‍ അച്ചടിച്ച് വിപണനത്തിനെത്തിച്ച രണ്ട് ഏഷ്യക്കാരെ ഷാര്‍ജ പോലീസ് പിടികൂടി. 100, 200 ദിര്‍ഹമിന്റെ വ്യാജ കറന്‍സികളാണ് ഇവര്‍ അച്ചടിച്ച് ഗ്രോസറികള്‍, പെട്രോള്‍ സ്റ്റേഷനുകള്‍ എന്നിവിടങ്ങളില്‍ വിനിമയത്തിനായി എത്തിച്ചത്. പ്രതികളെ കുറിച്ച് രഹസ്യ വിവരം ലഭിച്ച പോലീസ് പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിക്കുകയായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ പ്രതികള്‍ താമസിച്ചിരുന്ന കെട്ടിടം പരിശോധിക്കുകയും കറന്‍സികള്‍ കണ്ടെത്തുകയുമായിരുന്നു

. 45,500 ദിര്‍ഹം വിലമതിക്കുന്ന വ്യാജ കറന്‍സികളാണ് ഇവരില്‍ നിന്ന് കണ്ടെത്തിയത്.
അനധികൃതമായി പ്രവര്‍ത്തിക്കുന്ന അച്ചടി കേന്ദ്രത്തിലാണ് നോട്ടുകള്‍ അച്ചടിച്ചത്. ഇതിന്റെ പ്രവര്‍ത്തനം അജ്ഞാതമായിരുന്നു. അതിനാല്‍ പ്രവര്‍ത്തനം നിരീക്ഷിക്കുന്നതിനും മറ്റും എളുപ്പമല്ലായിരുന്നുവെന്ന് പോലീസ് പറഞ്ഞു. പ്രതികള്‍ കൂടുതല്‍ സംഘങ്ങളോട് ഒരുമിച്ചാണ് പ്രവര്‍ത്തിച്ചിരുന്നത്. നോട്ടുകളുടെ വിപണനത്തിനും ആളുകള്‍ക്ക് നോട്ടുകള്‍ പരിചയപ്പെടുത്തുന്നതിനും പ്രത്യേക സംഘം ഇവര്‍ക്കൊപ്പം പ്രവര്‍ത്തിച്ചിട്ടുണ്ടെന്ന് പോലീസ് അറിയിച്ചു.
വ്യാജ കറന്‍സികള്‍ രാജ്യത്തെ സാമ്പത്തിക ഭദ്രതയെ അസ്ഥിരപ്പെടുത്തും. ജനങ്ങളുടെ സൈ്വര്യ ജീവിതത്തിന് ഭംഗം സംഭവിക്കുമെന്നും പോലീസ് അറിയിച്ചു.
ഇത്തരം പ്രവര്‍ത്തനങ്ങള്‍ രാജ്യത്ത് ക്രിമിനല്‍ കുറ്റമാണ്. ഇത്തരത്തിലുള്ള പ്രവണതകള്‍ ശ്രദ്ധയില്‍പെട്ടാല്‍ പൊതു ജനങ്ങള്‍ പോലീസിനെ അറിയിക്കണമെന്ന് അധികൃതര്‍ അറിയിച്ചു. ആധുനിക രീതിയില്‍ അച്ചടിച്ച് ഇറക്കുന്ന വ്യാജ കറന്‍സികള്‍ കണ്ടെത്തുന്നതിന് പുതിയ രീതിയിലുള്ള ഉപകരണങ്ങളും സാങ്കേതിക വിദ്യകളും വേണമെന്ന് അധികൃതര്‍ അഭിപ്രായപ്പെട്ടു.