Connect with us

Ongoing News

രണ്ട് തോണിയിൽ കാലിട്ട് മഹാരാഷ്ട്ര പ്രതിപക്ഷ നേതാവ്

Published

|

Last Updated

ബി ജെ പിയിലേക്ക് പോയ മകൻ സുജയിന് വേണ്ടി സംഘടിപ്പിച്ച യോഗത്തിൽ സംസാരിക്കുന്ന വിഖേ പാട്ടീൽ

മുംബൈ: മഹാരാഷ്ട്രയിൽ കോൺഗ്രസിന് തലവേദനയായി പ്രതിപക്ഷ നേതാവിന്റെ പ്രചാരണം. ബി ജെ പിയിലേക്ക് പോയ മകൻ സുജയിന് വേണ്ടി സ്വകാര്യ യോഗങ്ങൾ വിളിച്ചു ചേർക്കുകയാണ് പ്രതിപക്ഷ നേതാവും മുതിർന്ന കോൺഗ്രസ് നേതാവുമായ രാധാകൃഷ്ണ വിഖേ പാട്ടീൽ. നേരത്തേ ബി ജെ പിയിലേക്ക് പോകുമെന്ന് പ്രചാരണമുണ്ടായിരുന്ന രാധാകൃഷ്ണ വിഖേയുടെ പുതിയ നീക്കം കോൺഗ്രസിനെ ഞെട്ടിച്ചിരിക്കുകയാണ്.

പാർട്ടിയിൽ നിന്ന് അദ്ദേഹത്തെ പുറത്താക്കുകയോ അച്ചടക്ക നടപടിയെടുക്കുകയോ ചെയ്താൽ നേരെ ബി ജെ പിയിൽ പോകുമെന്ന പ്രശ്‌നം നിൽക്കുന്നതിനാൽ പാർട്ടി അക്ഷരാർഥത്തിൽ പ്രതിസന്ധിയിലാണ്. അഹ്മദ്‌നഗർ മണ്ഡലത്തിൽ നിന്ന് സുജയ് വിഖേ പാട്ടീലിനെ സ്ഥാനാർഥിയാക്കിയപ്പോൾ ബി ജെ പി ലക്ഷ്യമിട്ട പ്രതിസന്ധി തന്നെയാണ് കോൺഗ്രസിലുണ്ടായിരിക്കുന്നത്.

തത്കാലം കോൺഗ്രസിൽ തന്നെ നിൽക്കുന്ന രാധാകൃഷ്ണ വിഖേയുടെ ഒരു കാൽ ബി ജെ പിയിലാണെന്ന് വ്യക്തമാക്കുന്നതാണ് പുതിയ സംഭവവികാസങ്ങൾ. ഗ്രാമീണ മേഖലയിൽ സ്വകാര്യമായി വിളിച്ചു ചേർക്കുന്ന യോഗങ്ങളിലാണ് മകനുവേണ്ടി അച്ഛനെത്തുന്നത്. രാഹൂരി ഗ്രാമത്തിലെ ബംഗ്ലാവിൽ ചേർന്ന യോഗത്തെയാണ് ഇന്നലെ രാധാകൃഷ്ണ അഭിസംബോധന ചെയ്തത്. മറ്റ് മാധ്യമങ്ങളൊന്നും യോഗത്തിനെത്തിയിരുന്നില്ലെന്നും പ്രസംഗം പകർത്താൻ ശ്രമിച്ച തങ്ങളുടെ പ്രതിനിധിയെ തടഞ്ഞുവെന്നും എൻ ഡി ടി വി റിപ്പോർട്ട് ചെയ്തു. യോഗങ്ങളിൽ പങ്കെടുക്കുന്നത് തന്റെ വ്യക്തിപരമായ കടമയുടെ ഭാഗമാണെന്നും ഹൈക്കമാൻഡിൽ നിന്ന് അനുമതി വാങ്ങിയിട്ടുണ്ടെന്നും വിഖേ പിന്നീട് അവകാശപ്പെട്ടു. താൻ ഇപ്പോഴും കോൺഗ്രസുകാരൻ തന്നെയാണെന്നും അദ്ദേഹം വ്യക്തമാക്കി.

മഹാരാഷ്ട്രയിൽ കോൺഗ്രസിന്റെ പ്രധാന സഖ്യ ശക്തിയായ എൻ സി പിയെയാണ് രാധാകൃഷ്ണ വിഖേ പ്രസംഗത്തിൽ കടന്നാക്രമിച്ചത്. എൻ സി പി നേതാവ് ശരത് പവാറിനെ പേരെടുത്ത് വിമർശിക്കാനും അദ്ദേഹം മറന്നില്ല. സുജയ്ക്ക് അഹ്മദ്‌നഗർ സീറ്റ് ലഭിക്കണമെന്ന് രാധാകൃഷ്ണ വിഖേ കോൺഗ്രസ് നേതൃത്വത്തോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ സീറ്റ് വിട്ടുനൽകാൻ എൻ സി പി തയ്യാറായില്ല. ഇതിൽ പഴയ ഒരു ശത്രുതയുടെ കഥ കൂടിയുണ്ടെന്ന് പ്രദേശവാസികൾ പറയുന്നു. ശരത് പവാറും രാധാകൃഷ്ണ വിഖേ പാട്ടിലീന്റെ പിതാവ് ബാലാസാഹേബ് വിഖേ പാട്ടീലുമായുള്ള പഴയ ശത്രുതയുടെ ഭാഗമാണത്രേ പുതിയ നീക്കങ്ങൾ. സീറ്റ് നിഷേധിച്ചതോടെ സുജയ് ബി ജെ പിയിൽ ചേർന്നു. ഈ കളം മാറ്റം പിതാവിന്റെ ആശീർവാദത്തോടെയായിരുന്നുവെന്നാണ് ഇപ്പോൾ വ്യക്തമാകുന്നത്.

അഹ്മദ്‌നഗർ ജില്ലയിലെ നിരവധി പഞ്ചസാര മില്ലുകളുടെ ഉടമസ്ഥതയുള്ള സമ്പന്ന കുടുംബമാണ് വിഖേ പാട്ടീൽ കുടുംബം. സമ്പത്ത് തന്നെയാണ് അവരുടെ സ്വാധീനശക്തി. ഈ മില്ലുകളിലെ തൊഴിലാളികളെയും അവരുടെ കുടുംബങ്ങളെയും ബി ജെ പിയിലെത്തിക്കാനാണ് സുജയ് വിഖേ പാട്ടീൽ ശ്രമിക്കുന്നത്.

Latest