‘ഓളെക്കൊണ്ട് ഒന്നിനും കൊള്ളൂല’: കെ സുധാകരന്റെ തിരഞ്ഞെടുപ്പു പരസ്യചിത്രം വിവാദമാകുന്നു

Posted on: April 16, 2019 2:34 pm | Last updated: April 16, 2019 at 7:25 pm

കണ്ണൂര്‍: കണ്ണൂര്‍ ലോക്‌സഭാ മണ്ഡലത്തിലെ യു ഡി എഫ് സ്ഥാനാര്‍ഥി കെ സുധാകരന്‍ പ്രചാരണത്തിന്റ ഭാഗമായി ഇറക്കിയ സ്ത്രീവിരുദ്ധമായ വാചകങ്ങളുള്ള പരസ്യചിത്രം വിവാദമാകുന്നു. ആണ്‍കുട്ടികള്‍ പോയാലേ കാര്യങ്ങളൊക്കെ നടക്കൂ എന്ന് വ്യാഖ്യാനിക്കുന്ന പരസ്യ ചിത്രമാണ് വിവാദമായത്.

‘ഓളെ പഠിപ്പിച്ച് ടീച്ചറാക്കിയത് വെറുതെയായി. ഓളെക്കൊണ്ട് ഒന്നിനും കൊള്ളൂല. ഇനി ഓന്‍ പോകട്ടെ. ഓന്‍ ആണ്‍കുട്ടിയാ. പോയ കാര്യം സാധിച്ചിട്ടേ വരൂ’ എന്നാണ് ഇതില്‍ പറയുന്നത്. എതിര്‍ സ്ഥാനാര്‍ഥി പി കെ ശ്രീമതി ടീച്ചറെ ലക്ഷ്യം വച്ചുള്ളതാണ് പരസ്യമെങ്കിലും ഇത് പൊതുവില്‍ സ്ത്രീകളെ അപമാനിക്കുന്നതാണെന്ന വിമര്‍ശം ശക്തമായി ഉയര്‍ന്നിട്ടുണ്ട്.

കെ സുധാകരന്‍ ഫേസ് ബുക്കില്‍ പോസ്റ്റ് ചെയ്ത തിരഞ്ഞെടുപ്പു പരസ്യ ചിത്രം

പരസ്യത്തിനെതിരെ രംഗത്തെത്തിയ സ്ത്രീ സംഘടനകളും മറ്റും തിരഞ്ഞെടുപ്പു കമ്മീഷന് പരാതി നല്‍കാന്‍ തീരുമാനിച്ചിട്ടുണ്ട്.