Connect with us

Kerala

സര്‍ക്കാര്‍ ഇടപെടല്‍; ഹൃദയ ശസ്ത്രക്രിയക്കായി കുഞ്ഞിനെ അമൃതയില്‍ പ്രവേശിപ്പിച്ചു

Published

|

Last Updated

കാസര്‍കോട്: മംഗലാപുരത്ത് നിന്നും ഹൃദയശസ്ത്രക്രിയക്കായി തിരുവനന്തപുരത്തേക്ക് കൊണ്ടുപോകുകയായിരുന്ന 15 ദിവസം പ്രായമായ കുട്ടിയെയുമായി ആംബുലൻസ് എറണാകുളം അമൃത ആശുപത്രിയിലെത്തി. തിരുവനന്തപുരത്തേക്ക് പുറപ്പെട്ട ആംബുലൻസ് സർക്കാർ ഇടപെട്ടതിനെ തുടർന്നാണ് അമൃതയിലേക്ക് തിരിച്ചത്. കുഞ്ഞിനെ തിരുവനന്തപുരം ശ്രീചിത്രക്ക് പകരം എറണാകുളം അമൃത ആശുപത്രിയിൽ എത്തിച്ച് ശസ്ത്രക്രിയ നടത്താൻ ആരോഗ്യമന്ത്രി കെകെ ശെെലജ ഇടപെട്ട് വഴിയൊരുക്കുകയായിരുന്നു. ബന്ധുക്കൾ സമ്മതിച്ചതോടെ കാര്യങ്ങൾ എളുപ്പമായി. സംസ്ഥാന സർക്കാറിൻെറ ഹൃദ്യം പദ്ധതിയിൽ ഉൾപ്പെടുത്തി ശസ്ത്രക്രിയ പൂർണമായും സൗജന്യമായി നടത്തുമെന്ന് ആരോഗ്യമന്ത്രി ബന്ധുക്കളെ അറിയിച്ചു. 

രാവിലെ 11.30ന് മംഗളൂരുവില്‍ നിന്ന് പുറപ്പെട്ട കെ എല്‍ 60 ജെ 7739 നമ്പര്‍ ആംബുലന്‍സ് 400 കിലോമീറ്റർ പിന്നിട്ട് വെെകീട്ട് നാലരയോടെയാണ് അമൃത ആശുപത്രിയിൽ എത്തിച്ചത്. നാലര മണിക്കൂർ കൊണ്ടാണ് ഇത്രയും ദൂരം ആംബുലൻസ് താണ്ടിയത്. ഇതിനിടെ കുഞ്ഞിന് ഭക്ഷണം നൽകുന്നതിനും ഇന്ധനം നിറയ്ക്കുന്നതിനും അര മണിക്കൂർ ഇടവേള എടുത്തത് ഒഴിച്ചാൽ മറ്റൊരിടത്തും ഒരു തടസ്സവും ഉണ്ടായിരുന്നില്ലെന്ന് ആംബുലൻസ് ഡ്രെെവർ ഉദുമ സ്വദേശി ഹസൻ പറഞ്ഞു. വഴിയിലുടനീളം ആളുകൾ വലിയ സഹകരണമാണ് നൽകിയതെന്നും അദ്ദേഹം വ്യക്തമാക്കി.

12 മണിക്കൂറിനകം ആംബുലന്‍സ് തിരുനന്തപുരത്ത് എത്തണമെന്നായിരുന്നു നേരത്തെ നിശ്ചയിച്ചിരുന്നത്. എന്നാൽ ചികിത്സ അമൃതയിലേക്ക് മാറ്റിയതോടെ ഏഴ് മണിക്കൂറിനം വിദഗ്ധ ചികിത്സ ലഭ്യമാക്കാൻ സാധിക്കും. ആംബുലൻസ് തൃശൂർ പിന്നിട്ടപ്പോഴാണ് കുഞ്ഞിനെ അമൃതയിൽ പ്രവേശിപ്പിക്കുന്ന കാര്യത്തിൽ തീരുമാനമായത്. ആരാേഗ്യ മന്ത്രി നേരിട്ട് ആശുപത്രി അധികൃതരെയും കുഞ്ഞിൻെറ ബന്ധുക്കളെയും വിളിച്ച് ഇതിനായി വഴിയൊരുക്കുകയായിരുന്നു.  

കാസര്‍കോട് സ്വദേശികളായ മിത്താഹ്- സാനിയ ദമ്പതികളുടെ കുഞ്ഞിനെയാണ് ശസ്ത്രക്രിയക്കായി കൊണ്ടുപോകുന്നത്. കുഞ്ഞിന് എന്തെങ്കിലും ആരോഗ്യ പ്രശ്‌നങ്ങളുണ്ടായാല്‍ അടുത്തുള്ള ആശുപത്രിയില്‍ എത്തിക്കാനാണ് യാത്ര പകല്‍ സമയത്താക്കിയത്.

 

Latest