ആറ് മാസമായി ശമ്പളമില്ല: ദുരിത ജീവിതം അവസാനിപ്പിച്ച് വസുന്ധര നാട്ടിലേക്ക് മടങ്ങി

Posted on: April 16, 2019 12:43 pm | Last updated: April 16, 2019 at 2:09 pm

ദമാം: സഊദിയിലെ ദമാമില്‍ വീട്ടുജോലിക്കെത്തി ശമ്പളം ലഭിക്കാതെ ദുരിതത്തിലായ തെലുങ്കാന സ്വദേശിനി വസുന്ധര നിയമ നടപടികള്‍ പൂര്‍ത്തിയാക്കി നാട്ടിലേക്ക് മടങ്ങി. ഒന്നര വര്‍ഷം മുമ്പാണ് ദമാമിലെ ഒരു വീട്ടില്‍ ജോലിക്കായി വസുന്ധര എത്തിയത്. രാപ്പകല്‍ വ്യത്യാസമില്ലാതെ ജോലി ചെയ്യേണ്ടി വന്നു. തുടക്കത്തില്‍ രണ്ട്-മൂന്ന് മാസം കഴിയുന്ന മുറയ്ക്ക് ശമ്പളം നല്‍കിയിരുന്നു. എന്നാല്‍, പിന്നീട് നല്‍കാതെയായി.

ശമ്പളം കിട്ടിയിട്ട് ആറുമാസം പിന്നിട്ടപ്പോള്‍ പ്രതിഷേധിച്ചെങ്കിലും നല്‍കാന്‍ തയാറായില്ല.
ഇതോടെ സ്വദേശിയുടെ വീട്ടില്‍ നിന്നും പുറത്തിറങ്ങി അടുത്തുള്ള പോലീസ് സ്റ്റേഷനില്‍ അഭയം തേടി. പോലീസ് വസുന്ധരയെ വനിതാ അഭയ കേന്ദ്രത്തിലേക്ക് മാറ്റുകയായിരുന്നു. അഭയകേന്ദ്രത്തില്‍ എത്തിയ ശേഷം നവയുഗം ജീവകാരുണ്യ പ്രവര്‍ത്തകയായ മഞ്ജു മണിക്കുട്ടനോട് സഹായമഭ്യര്‍ഥിച്ചു, വസുന്ധരയുടെ സ്പോണ്‍സറെ വിളിച്ച് സംസാരിച്ചെങ്കിലും സഹകരിക്കാന്‍ തയ്യാറായില്ല, ഇതേ തുടര്‍ന്ന് ലേബര്‍ കോടതിയില്‍ സ്‌പോണ്‍സര്‍ക്കെതിരെ കേസ് നല്‍കാന്‍ മഞ്ജു നിര്‍ദ്ദേശിച്ചെങ്കിലും നാട്ടിലേക്കുള്ള യാത്ര വൈകുമെന്ന് ഭയപ്പെട്ട് വസുന്ധര അതിനു തയാറായില്ല.

ഇന്ത്യന്‍ എംബസിയുടെ സഹായത്തോടെ ഔട്ട്പാസും അഭയകേന്ദ്രം അധികാരികളുടെ സഹായത്തോടെ ഫൈനല്‍ എക്‌സിറ്റും ലഭിച്ചതോടെ വസുന്ധരക്ക്് നാട്ടിലെത്താനുള്ള വഴി തെളിയുകയായിരുന്നു. നാട്ടിലേക്കുള്ള വിമാന ടിക്കറ്റ് ദമാമിലെ ഹൈദരാബാദ് അസോസിയേഷന്‍ നല്‍കി. എല്ലാ സഹായങ്ങള്‍ക്കും നന്ദി പറഞ്ഞ്, ജോലിക്കെത്തിയ വീട്ടിലെ ഒന്നര വര്‍ഷം നീണ്ട് ദുരിത ജീവിതവും രണ്ടു മാസത്തെ ദമാം അഭയകേന്ദ്രത്തിലെ താമസവും അവസാനിപ്പിച്ച് വസുന്ധര നാട്ടിലേക്ക് മടങ്ങി.