Connect with us

National

ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിനെ വിരാട് കോലി നയിക്കും; കാര്‍ത്തിക്കും ലോകേഷും ടീമില്‍

Published

|

Last Updated

ന്യൂഡല്‍ഹി: ക്രിക്കറ്റ് ലോകകപ്പ് 2019ലേക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. വിരാട് കോലിയാണ് 15 അംഗ ടീമിന്റെ നായകന്‍. രോഹിത് ശര്‍മയാണ് ഉപ നായകന്‍. ദിനേശ് കാര്‍ത്തിക്കും ലോകേഷ് രാഹുലും ടീമിലെത്തിയപ്പോള്‍ അമ്പാട്ടി റായിഡുവിനും റിഷഭ് പന്തിനും ഇടം ലഭിച്ചില്ല.

ദിനേശ് കാര്‍ത്തിക് ആണ് രണ്ടാം വിക്കറ്റ് കീപ്പര്‍. രോഹിത് ശര്‍മയും ശിഖര്‍ ധവാനും തന്നെയാണ് ഓപ്പണിംഗ് ബാറ്റ്സ്മാന്മാരായി കളത്തിലിറങ്ങുക. വിരാട് കോലി, മഹേന്ദ്ര സിംഗ് ധോനി, പേസ് ബൗളര്‍മാരായ ജസ്പ്രീത് ബുംറ, ഭുവനേശ്വര്‍ കുമാര്‍, മുഹമ്മദ് ഷമി, സ്പിന്നര്‍മാരായ കുല്‍ദീപ് യാദവ്, യുസ്വേന്ദ്ര ചഹല്‍, ഓള്‍റൗണ്ടര്‍മാരായ ഹാര്‍ദിക് പാണ്ഡ്യ, കേദാര്‍ ജാദവ്, വിജയ് ശങ്കര്‍, രവീന്ദ്ര ജഡേജ എന്നിവര്‍ ടീമിലുണ്ട്.

നാലാം നമ്പര്‍ ബാറ്റിംഗ് പൊസിഷനിലേക്ക് പരിഗണിച്ചിരുന്ന താരങ്ങളായിരുന്നു ഋഷഭ് പന്തും അമ്പാട്ടി റായിഡുവും. ഐ പി എല്ലിലെ മോശം പ്രകടനമാണ് റായിഡുവിന്റെ ടീമിലേക്കുള്ള വഴി തടഞ്ഞത്. റിഷഭ് പന്തിനെ ടീമില്‍ ഉള്‍പ്പെടുത്തുമെന്ന് പ്രതീക്ഷിച്ചിരുന്നുവെങ്കിലും പരിചയ സമ്പത്തിന് പ്രാമുഖ്യം കൊടുത്ത സെലക്ഷന്‍ കമ്മിറ്റി ദിനേശ് കാര്‍ത്തിക്കിനെ ടീമിലെടുക്കുകയായിരുന്നു. ഐ പി എല്ലിലെ കിടയറ്റ പ്രകടനമാണ് ലോകേഷ് രാഹുലിനെ ലോകകപ്പ് സ്‌ക്വാഡിലെത്തിച്ചത്. ഓള്‍റൗണ്ടറെന്ന നിലയില്‍ വിജയ് ശങ്കര്‍ സ്ഥാനം നേടിയതും ഇടക്കാലത്ത് ടീമില്‍ നിന്ന് ഒഴിവാക്കപ്പെട്ടിരുന്ന രവീന്ദ്ര ജഡേജയുടെ മടങ്ങിവരവും ശ്രദ്ധേയമായി.

എം എസ് കെ പ്രസാദ് അധ്യക്ഷനായ സെലക്ഷന്‍ കമ്മിറ്റിയാണ് ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിനെ തിങ്കളാഴ്ച ഉച്ചക്കു ശേഷം പ്രഖ്യാപിച്ചത്. മുംബൈയിലായിരുന്നു പ്രഖ്യാപനം. സരണ്‍ദീപ് സിംഗ്, ദെബാംഗ് ഗാന്ധി, ജതിന്‍ പരാഞ്ജ്‌പെ, ഗഗന്‍ കോഡ എന്നിവരായിരുന്നു സെലക്ഷന്‍ കമ്മിറ്റിയിലെ മറ്റംഗങ്ങള്‍. മെയ് 30 മുതലാണ് ഇംഗ്ലണ്ടിലും വെയില്‍സിലുമായി ലോകകപ്പ് മത്സരങ്ങള്‍ നടക്കുക. ജൂണ്‍ അഞ്ചിന് ദക്ഷിണാഫ്രിക്കയുമായാണ് ഇന്ത്യയുടെ ആദ്യ മത്സരം.

Latest