ക്യാരി ബാഗിന് ഉപഭോക്താവില്‍ നിന്ന് തുക ഈടാക്കി; ബാറ്റ ഷോറൂമിന് 9000 രൂപ പിഴ

Posted on: April 15, 2019 2:06 pm | Last updated: April 15, 2019 at 3:38 pm

ചണ്ഡീഗഢ്: ഉപഭോക്താവിന് സാധനങ്ങള്‍ കൊണ്ടുപോകാന്‍ നല്‍കിയ ക്യാരി ബാഗിന് പണം ഈടാക്കിയ ഷോറൂമിന് 9000 രൂപ നഷ്ടപരിഹാരം വിധിച്ച് ഉപഭോക്തൃ ഫോറം. ക്യാരി ബാഗിന് മൂന്നു രൂപ വിലയായി വാങ്ങിയ ബാറ്റ ഷോറൂമിനെതിരെയാണ് വിധി.

ഫെബ്രുവരി അഞ്ചിന് സെക്ടര്‍ 22 ഡി യിലെ ബാറ്റ ഷോറൂമില്‍ നിന്ന് ഷൂ വാങ്ങിയ ചണ്ഡീഗഢ് സ്വദേശി ദിനേഷ് രാത്തൂരിയാണ് ഫോറത്തില്‍ പരാതി നല്‍കിയത്.
ഉപഭോക്താവിനുണ്ടായ മാനസിക പ്രയാസത്തിന് നഷ്ടപരിഹാരമായി 3000 രൂപയും വ്യവഹാര ചെലവിലേക്കായി 1000 രൂപയും നല്‍കണം. ഇതിനു പുറമെ ക്യാരിബാഗിന് ഈടാക്കിയ മൂന്നു രൂപ ഉപഭോക്താവിന് തിരിച്ചുനല്‍കണം. 5000 രൂപ ഉപഭോക്തൃ ഫോറത്തില്‍ കെട്ടിവെക്കണമെന്നും കോടതി വിധിച്ചു.

ക്യാരി ബാഗ് ഉപഭോക്താവിന് സൗജന്യമായി നല്‍കണമെന്നതിന്റെ അടിസ്ഥാനത്തിലാണ് വിധി.