ജയപ്രദക്കെതിരെ മോശം പരാമര്‍ശം; അസംഖാന് നോട്ടീസയക്കുമെന്ന് വനിതാ കമ്മീഷന്‍

Posted on: April 15, 2019 11:45 am | Last updated: April 15, 2019 at 2:46 pm

ന്യൂഡല്‍ഹി: ബി ജെ പി സ്ഥാനാര്‍ഥിയും ചലച്ചിത്ര നടിയുമായ ജയപ്രദക്കെതിരെ മോശമായി സംസാരിച്ചതായി ആരോപിച്ച് സമാജ് വാദി പാര്‍ട്ടി നേതാവ് അസംഖാനെതിരെ പരാതി. യു പിയിലെ രാംപൂര്‍ മണ്ഡലത്തില്‍ നിന്ന് ജനവിധി തേടുന്ന ജയപ്രദക്കെതിരെ തിരഞ്ഞെടുപ്പു റാലിയില്‍ എതിര്‍ സ്ഥാനാര്‍ഥിയായ അസംഖാന്‍ അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ നടത്തിയെന്നാണ് ആരോപണം.

‘ഞാനാണ് അവരെ രാംപൂരിന് പരിചയപ്പെടുത്തിയത്. പക്ഷെ, നിങ്ങളെ പത്തു വര്‍ഷക്കാലം ലോക്‌സഭയില്‍ പ്രതിനിധീകരിച്ച അവര്‍ നിങ്ങളെ പിഴിഞ്ഞെടുക്കുകയായിരുന്നു. യഥാര്‍ഥത്തില്‍ അവര്‍ എന്താണെന്നു മനസ്സിലാക്കാന്‍ നിങ്ങള്‍ക്ക് 17 വര്‍ഷം വേണ്ടിവന്നു. എന്നാല്‍, അവര്‍ ഉള്‍വസ്ത്രമായി ധരിച്ചിരുന്ന കാക്കിയായിരുന്നുവെന്ന് അറിയാന്‍ എനിക്കു 17 ദിവങ്ങള്‍ മാത്രമെ വേണ്ടിവന്നുള്ളൂ’ എന്നായിരുന്നു അസംഖാന്റെ പരാമര്‍ശം.

സ്ത്രീയെ അധിക്ഷേപിക്കുന്ന തരത്തില്‍ പ്രസംഗിച്ച അസംഖാന് നോട്ടീസ് അയക്കുമെന്ന് വനിതാ കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ രേഖാ ശര്‍മ വ്യക്തമാക്കി. മുമ്പ് ഖാന്റെ പാര്‍ട്ടിയുടെ സ്ഥാനാര്‍ഥിയായി മത്സരിച്ചിട്ടുള്ള തനിക്കെതിരെ ഇത്തരത്തില്‍ സംസാരിക്കാന്‍ അദ്ദേഹത്തെ പ്രേരിപ്പിച്ചത് എന്താണെന്ന് അറിയില്ലെന്ന് ജയപ്രദ പറഞ്ഞു. ഇത്തരക്കാര്‍ തിരഞ്ഞെടുപ്പു മത്സരിച്ചു വിജയിച്ചാല്‍ അത് ജനാധിപത്യത്തിനു ഭൂഷണമല്ല. സ്ത്രീകളുടെ സുരക്ഷക്ക് സമൂഹത്തില്‍ ഒരു വിലയുമില്ലാത്ത അവസ്ഥയാണെന്നും ജയപ്രദ പറഞ്ഞു.

ഖാന്റെ പരാമര്‍ശം അത്യന്തം നിന്ദ്യമാണെന്നും സമാജ്‌വാദി പാര്‍ട്ടിയുടെ യഥാര്‍ഥ മുഖമാണ് ഇതിലൂടെ വെളിപ്പെട്ടതെന്നും ബി ജെ പി വ്യക്തമാക്കി. എന്നാല്‍, താന്‍ ആരെയും അധിക്ഷേപിച്ചിട്ടില്ലെന്നും അങ്ങനെയുണ്ടെന്നു തെളിയിച്ചാല്‍ തിരഞ്ഞെടുപ്പില്‍ മത്സരിക്കില്ലെന്നും അസംഖാന്‍ പറഞ്ഞു.