തരൂരിന്റെ പ്രചാരണത്തില്‍ പാളിച്ചയില്ല; അധിക നിരീക്ഷകനെ നിയമിച്ചത് പ്രത്യേക ശ്രദ്ധ കിട്ടാന്‍: കെസി വേണുഗോപാല്‍

Posted on: April 14, 2019 10:50 am | Last updated: April 15, 2019 at 2:51 pm

തിരുവനന്തപുരം: ശശി തരൂരിന്റെ പ്രചാരണത്തില്‍ പാളിച്ചയില്ലെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍. എല്ലാ മണ്ഡലങ്ങളിലും പാര്‍ട്ടി ഓരോ നിരീക്ഷകരെ വെച്ചിട്ടുണ്ടെങ്കിലും പ്രത്യേക ശ്രദ്ധ നല്‍കാനാണ് തിരുവനന്തപുരത്ത് ഒരു നിരീക്ഷകനെക്കൂടി നിയോഗിച്ചതെന്നും അദ്ദേഹം പറഞ്ഞു. പ്രചാരണത്തിലെ കുറവുകൊണ്ടല്ല, മറിച്ച് തിരുവനന്തപുരം കോണ്‍ഗ്രസിന്റെ ഒരു അഭിമാന മണ്ഡലമായതിനാലാണ് ഒരാളെക്കൂടി അധിക നിരീക്ഷകനായി നിയമിച്ചത്. കോണ്‍ഗ്രസിനെ സംബന്ധിച്ച് കേരളത്തില്‍ ഏറ്റവും കൂടുതല്‍ ജയസാധ്യതയുള്ള മണ്ഡലമാണ് തിരുവനന്തപുരമെന്നും മാധ്യമങ്ങളോട് സംസാരിക്കവെ കെസി വേണുഗോപാല്‍ പറഞ്ഞു.

സംസ്ഥാനത്തെ 20 മണ്ഡലത്തിലേയും പ്രചാരണ പ്രവര്‍ത്തനങ്ങള്‍ അവലോകനം ചെയ്യാനായി വിളിച്ചു ചേര്‍ത്ത യോഗത്തില്‍ പങ്കെടുക്കാനെത്തിയതായിരുന്നു വേണുഗോപാല്‍. എഐസിസി പ്രത്യേക പ്രതിനിധി നാനാ പഠോലയടക്കമുള്ള കോണ്‍ഗ്രസ് നേതാക്കള്‍ യോഗത്തില്‍ സംബന്ധിക്കും.