Connect with us

International

ബലാകോട്ടില്‍ അന്താരാഷ്ട്ര മാധ്യമ സംഘം സന്ദര്‍ശനം നടത്തി

Published

|

Last Updated

ന്യൂഡല്‍ഹി: പാക്കിസ്ഥാനിലെ ബലാകോട്ടില്‍ ഇന്ത്യ വ്യോമാക്രമണം നടത്തിയ പ്രദേശങ്ങള്‍ സന്ദര്‍ശിക്കാന്‍ ഇസ്ലാമാബാദ് അന്താരാഷ്ട്ര മാധ്യമ പ്രതിനിധികളും വിദേശ രാഷ്ട്രങ്ങളുടെ നയതന്ത്ര പ്രതിനിധികളും എത്തി. ബി ബി സി ഉള്‍പ്പടെയുള്ള മാധ്യമങ്ങളുടെ പ്രതിനിധികള്‍ സംഘത്തിലുണ്ട്. ആക്രമണം നടന്ന് ഒന്നര മാസത്തോടടുത്ത് പിന്നിട്ട ശേഷമാണ് സ്ഥലം സന്ദര്‍ശിക്കാന്‍ മാധ്യമ പ്രവര്‍ത്തകര്‍ക്ക് അനുമതി ലഭിച്ചത്.

ഖൈബര്‍ മേഖലയിലെ മന്‍ഷേരക്കു സമീപമുള്ള പ്രദേശത്തായിരുന്നു സന്ദര്‍ശനം. വഴിയില്‍ മൂന്ന് ഇടങ്ങളില്‍ ബോംബാക്രമണം നടന്നതിന്റെ സൂചനകള്‍ ലഭിച്ചതായി ബി ബി സിയുടെ ഒരു ലേഖകന്‍ വ്യക്തമാക്കി. സ്‌ഫോടനത്തില്‍ രൂപപ്പെട്ട ഗര്‍ത്തങ്ങളും കടപുഴകി വീണ മരങ്ങളുമാണ് ഇവിടെ കണ്ടത്.

അതേസമയം, ഭീകര ക്യാമ്പുകള്‍ പ്രവര്‍ത്തിച്ചിരുന്നുവെന്ന് പറയുന്ന കുന്നിന്‍മുകളിലെ കെട്ടിടത്തിന് കേടുപാടുകള്‍ സംഭവിച്ചതിന്റെയോ പുതുക്കിപ്പണിതതിന്റെയോ ലക്ഷണങ്ങളില്ലെന്ന് ബി ബി സി ലേഖകന്‍ പറഞ്ഞു. കെട്ടിടത്തിലെ ഹാളില്‍ 200ഓളം കുട്ടികള്‍ മതപഠനം നടത്തുന്നതും കാണാന്‍ കഴിഞ്ഞു. അതിനിടെ, പ്രദേശത്ത് മാധ്യമ പ്രവര്‍ത്തകരുടെ സന്ദര്‍ശനം മറച്ചുവെച്ചത് ആക്രമണത്തിന്റെ ആഘാതം പുറത്തറിയാതിരിക്കാനാണെന്ന് ഇന്ത്യ ആരോപിച്ചു.

Latest